‘ക്രൈസ്തവസഭകൾക്ക് ഈ സന്യാസിയെ അറിയുമോ? ഇദ്ദേഹത്തിന് മനുഷ്യസേവനം മതം മാറ്റത്തിനുള്ള ഉപാധിയായിരുന്നില്ല’ -ഹിന്ദു ഐക്യവേദി പ്രസിഡന്റ് ആർ.വി. ബാബു
text_fieldsകൊച്ചി: ഛത്തീസ്ഗഡിൽ നിർബന്ധിത മതംമാറ്റവും മനുഷ്യക്കടത്തും ആരോപിച്ച് ജയിലിലടച്ച കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാൻ കേരളത്തിലെ ബി.ജെ.പി നേതാക്കൾ പരിശ്രമിക്കുന്നതിനിടെ, ക്രൈസ്തവർക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി സംഘ്പരിവാർ സംഘടനയായ ഹിന്ദു ഐക്യവേദി. സംഘടന സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു, മുഖ്യരക്ഷാധികാരി കെ.പി. ശശികല, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.പി. ഹരിദാസ്, കെ. ഷൈനു, ഉപാധ്യക്ഷൻ ഇ.എസ്. ബിജു, മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹൻ തുടങ്ങിയവരാണ് ക്രൈസ്തവ മതവിശ്വാസികൾക്കും സഭകൾക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തുള്ളത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത്തരത്തിലുള്ള ഡസൻ കണക്കിന് പോസ്റ്റുകളാണ് ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു കഴിഞ്ഞ ദിവസം എഴുതിയ കുറിപ്പിൽ ക്രൈസ്തവ സംഘടനകളും സഭകളും കന്യാസ്ത്രീ കൂട്ടായ്മകളും നടത്തുന്ന സേവനപ്രവർത്തനങ്ങളെ മതം മാറ്റത്തിനുള്ള ഉപാധിയായാണ് ചിത്രീകരിക്കുന്നത്. ഭഗവാൻ രാംജി സ്ഥാപിച്ച അവധൂത് ഭഗവാൻ രാം കുഷ്ഠ സേവാ ആശ്രമത്തെ പരിചയപ്പെടുത്തുന്ന കുറിപ്പിലാണ് ഈ ആരോപണം. ‘സേവന പ്രവർത്തനങ്ങളുടെ കുത്തക തങ്ങൾക്കാണെന്ന് വാദിക്കുന്ന ക്രൈസ്തവസഭകൾക്ക് കുഷ്ഠ രോഗ ചികിത്സയിൽ ഗിന്നസ് റിക്കോർഡിൽ സ്ഥാനം പിടിച്ച ഈ സന്യാസിയെ അറിയുമോ? ഇദ്ദേഹത്തിന് മനുഷ്യ സേവനം മതം മാറ്റത്തിനുള്ള ഉപാധിയായിരുന്നില്ല’ -ബാബു പറയുന്നു.
രാംജിയെ കുറിച്ച് കെ.പി. ശശികല കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവെച്ച കുറിപ്പുകളും ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ളതായിരുന്നു. ‘വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, വയോജന സംരക്ഷണ കേന്ദ്രങ്ങൾ എന്നിവ നടത്തുന്ന അവധൂത് ഭഗവാൻ രാം കുഷ്ഠ സേവാ ആശ്രമം ആരുടേയും മതം ചോദിച്ചിട്ടില്ല, ആരേയും മതം മാറ്റിയിട്ടുമില്ല’ എന്ന് ശശികല പറയുന്നു. നിർബന്ധിത മതംമാറ്റത്തിന് വഴങ്ങാത്തതിന് കുഷ്ഠരോഗിയായ ഗോവിന്ദ് ഖത്രേ എന്നയാളെ ഛത്തീസ്ഗഡിലെ ക്രൈസ്തവ മിഷിനറി ആശുപത്രിയിൽ നിന്ന് പുറത്താക്കിയതായും ശശികല ആരോപിച്ചു. ക്രൈസ്തവ മിഷിനറി ആശുപത്രിയിലെ ശ്രുശ്രൂഷകളുടെ ലക്ഷ്യം മതപരിവർത്തനമാണെന്നും കുറിപ്പിൽ പറഞ്ഞു.
ഛത്തിസ്ഗഡിൽ കന്യാസ്ത്രീകളെയും കൂടെയുള്ളവരെയും പിടികൂടാനും ഭീഷണിപ്പെടുത്താനും നേതൃത്വം നൽകിയ വി.എച്ച്.പി നേതാവ് ജ്യോതി ശർമ്മയെ ന്യായീകരിച്ച് ആർ.വി. ബാബു രംഗത്തുവന്നിരുന്നു. ‘ഒരായിരം ജ്യോതി ശർമ്മമാർ മതം മാറ്റത്തെ ചെറുക്കാൻ ഉയർന്ന് വന്നാലെ സനാതന ധർമ്മം നിലനിൽക്കു... ഭാരതത്തെ തകർക്കാൻ ശ്രമിക്കുന്ന നക്സൽ ഭീകരവാദത്തിൻ്റെ സഹയാത്രികരായി പ്രവർത്തിക്കുന്നവരാണ് ബജ്റംഗ് ദളിനെ ഭീകരസംഘടനയായി മുദ്രകുത്തുന്നത്. മതം മാറ്റത്തെ ചെറുക്കുന്നത് ഭീകരവാദമാണെങ്കിൽ അതിനിയും തുടരുക തന്നെ ചെയ്യും’ -ബാബു മുന്നറിയിപ്പ് നൽകി.
കേരളത്തിലെ ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷണ വിധേയമാക്കണമെന്നാണ് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഹരിദാസ് ആവശ്യപ്പെട്ടത്. ‘മതത്തിന്റെയും ഭരണഘടനാ അവകാശങ്ങളുടെയും മറവിൽ ചിലപള്ളികൾ, കന്യാസ്ത്രീ മഠങ്ങൾ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ ഇവിടങ്ങളിലെല്ലാം വിവിധ ജോലിക്കായി നിരവധി ഇതര സംസ്ഥാനക്കാർ താമസിക്കുന്നുണ്ട്. ഇതിൽ തന്നെ തോട്ടപ്പണി, അടുക്കള പണി, മറ്റ് വീടുപണി ഇവക്കെല്ലാം കൊണ്ടുവരുന്നവരിൽ കുട്ടികൾ ഉൾപ്പെടെ പ്രായപൂർത്തിയാവാത്തവരും ഉണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെവിദൂരഗ്രാമങ്ങളിൽ നിന്ന് അവരുടെ ദാരിദ്ര്യത്തെ യും അറിവില്ലായ്മയെയും ചൂഷണം ചെയ്താണ് മതിയായ രേഖകൾ പോലുമില്ലാതെ ഇവരെ കേരളത്തിൽ എത്തിക്കുന്നത്. യാതൊരുവിധ ആനുകൂല്യവുമില്ലാതെ നിസാരമായ ശമ്പളത്തിനും മറ്റുമാണ് ഈ പാവങ്ങൾ പണിയെടുക്കുന്നത്. സ്ഥാപന മേധാവിമാരുയും അവരുടെ ശിങ്കിടികളുടേയും മൊക്കെ പീഡനമുറകൾക്കു മുമ്പിൽ പകച്ചു നിൽക്കുന്ന ധാരാളം പാവങ്ങളും ഇക്കൂട്ടത്തിൽ ഉണ്ട്. യഥാർത്ഥത്തിൽ ആതുര സേവനത്തിൻ്റെയും മനുഷ്യ സ്നേഹത്തിൻ്റെയും മൊത്തകച്ചവടം ഏറ്റെടുത്തിരിക്കുന്ന മതസ്നേഹികൾ ഇവരെ ചൂഷണം ചെയ്യുകയാണ്. പല സ്ഥാപനങ്ങളിലും ഇത്തരം മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് എന്ന് ഇവരുടെ തന്നെ സഭയിലെ പലരും വെളിപ്പെടുത്തിയിട്ടുള്ളതുമാണ്. വോട്ടിൻ്റെയും, അധികാരത്തിൻ്റെയും പണത്തിൻ്റെയും സംഘടിത ശക്തിയുടെയും മുമ്പിൽ മുട്ടുമടക്കാത്ത ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ സത്യസന്ധമായ അന്വേഷണം നടത്തണം’ -ഹരിദാസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

