'സിസ്റ്റർ ഹലീന ആൽബി, മൈക്കിന് മുന്നിൽ പറഞ്ഞതെല്ലാം തികഞ്ഞ അശ്ലീലമായിരുന്നു, സ്വന്തം സഹോദരനെ തച്ചുകൊന്ന കായേന്റെ പിന്തുടർച്ചക്കാരിയാണ് താങ്കൾ'; സജി മാർക്കോസ്
text_fieldsകൊച്ചി: ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർഥിക്ക് പഠനം നിഷേധിച്ച എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ അധികൃതരേയും പ്രിൻസിപ്പലിനെയും രൂക്ഷമായി വിമർശിച്ച് എഴുത്തുകാരൻ സജി മാർക്കോസ്.
പ്രിൻസിപ്പൽ സിസ്റ്റർ ഹലീന ആൽബിക്ക് ഇല്ലാതെ പോയത് വിദ്യാർഥികളോടുള്ള സ്നേഹമാണെന്നും തിരുവസ്ത്രം ഇട്ടതുകൊണ്ട് അവർ ക്രിസ്തുവിന്റെ ശിഷ്യ ആകുന്നില്ലെന്നും സജി മാർക്കോസ് ഫേസ്ബുക്കിൽ കുറിച്ചു.
'സിസ്റ്റർ ഹലീന ആൽബി - താങ്കൾ മൈക്കിന് മുന്നിൽ പറഞ്ഞതെല്ലാം തികഞ്ഞ അശ്ലീലമായിരുന്നു. താങ്കൾ സ്വന്തം സഹോദരനെ തച്ചുകൊന്ന കായേന്റെ പിന്തുടർച്ചക്കാരിയാണ്. താങ്കൾക്ക് നിയമവും ചട്ടങ്ങളുമറിയാം. ഇല്ലാതെ പോയത് സ്നേഹമാണ്.'- സജി എഴുതി.
ഹിജാബ് വിഷയത്തിൽ പ്രിൻസിപ്പലും അവരെ അനുകൂലിക്കുന്നവരും പറയുന്ന പ്രധാന കാര്യം, ഒരു സ്‌കൂളിന് യൂനിഫോം നിശ്ചയിക്കാനും അത് നിർബന്ധിക്കാനും നിയമപരമായി അവകാശമുണ്ട് എന്നാണ്. അത് ശരിയുമാണ്. പക്ഷെ , അതിനിടയിൽ ആ വിദ്യാർഥിനി എന്നൊരാൾ കൂടിയുണ്ട്. കന്യാസ്ത്രീ തലമറയ്ക്കുന്നുണ്ടോ, സിക്കുകാർ തലപ്പാവ് വെയ്ക്കുന്നുണ്ടോ, എന്നൊതൊന്നുമല്ല കാര്യം. ഒരു ബഹുസ്വര സമൂഹത്തിന്റെ നിലനിൽപ്പും, ഒരു വിദ്യാർഥിയുടെ പഠനവും മാത്രമായിരിക്കണം പരിഗണിക്കേണ്ട വിഷയം.
ആ പ്രിൻസിപ്പലിനും ആ സ്‌കൂളിനും കുഞ്ഞുങ്ങളോട് സ്നേഹമില്ല എന്നതാണ് കാര്യം. നമ്മുടെ നാട് വലിയ അപകടത്തിലേക്ക് കാൽ വച്ച് തുടങ്ങിയിട്ടുണ്ട്. നിയമം കൊണ്ടും കോടതി കൊണ്ടും ഇത് പരിഹരിക്കാനാകില്ലെന്ന് സജി മാർക്കോസ് പറഞ്ഞു.
സജി മാര്‍ക്കോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
" ഹിജാബ് വിവാദത്തെക്കുറിച്ച് !!
ഞാൻ പഠിച്ച കത്തോലിക്കാ മാനേജ്‌മെന്റിന്റെ കാന്തിപ്പാറ സെന്റ് സെബാസ്ട്യൻസ് സ്‌കൂളിനെ ഓർക്കുന്നു. ഒരു കെട്ടിടമേയുള്ളൂ. രണ്ടാമത്തേതിന്റെ നിർമ്മാണംനടക്കുന്നു. മാനേജർ ഫാദർ മാത്യു കോണിക്കൽ ളോഹയും മടക്കി കുത്തി രാവിലെ അടുത്തുള്ള പാറമടയിൽ നിന്നും കല്ല് ചുമക്കുന്നു. Sr. Heleena Alby യെപ്പോലെ ഇംഗ്ലീഷ് ഒന്നും പറയില്ല. പക്ഷെ, ഞങ്ങളോടൊക്കെ വല്യ സ്നേഹമായിരുന്നു. ഞങ്ങളും ചെറിയ കല്ലുകൾ ചുമക്കും. നാട്ടുകാരെല്ലാം കൂടെ കൂടും. എന്റെ നെറ്റിയിൽ നിന്നും പൊടിഞ്ഞ വിയർപ്പ് ആ കെട്ടിടത്തിന്റെ അസ്ഥിവാരത്തിലുണ്ട്.
അധ്യാപകർക്ക് താമസിക്കാൻ സൗകര്യമില്ല. ആകെ ഒന്ന് രണ്ടു പേരേയുള്ളൂ. കൊടിയ തണുപ്പ്. രാത്രി ആറു കിലോമീറ്റർ നടന്നു പഴയവിടുതി തീയേറ്ററിൽ സെക്കൻഡ് ഷോയ്ക്കു പോകും, പിന്നെ ഉറക്കം വരുന്ന വരെയും ചീട്ട് കളിച്ചിരിക്കും- എല്ലാറ്റിനും അച്ചനും കൂടും, കാരണം, ആ അധ്യാപകർ പോയാൽ പിന്നെ അങ്ങോട്ട് വരാൻ അധ്യാപകരെ കിട്ടാൻ ബുദ്ധിമുട്ടാണ്. പട്ടണത്തിൽ നിന്നും ആ പട്ടിക്കാട്ടിലേക്ക് ആരും വരില്ല.
എന്നും രാവിലെ കുര്ബാനയുണ്ടായിരുന്നോ എന്ന് ഓർമ്മയില്ല, പക്ഷെ പള്ളി തുറന്നു കിടക്കും. ഒന്ന് മുതൽ നാല് വരെയുള്ള കുട്ടികളെ പള്ളിയിലാണ് പഠിപ്പിക്കുന്നത്. അൾത്താരയ്ക്ക് ചുറ്റും കുട്ടികൾ ഓടിക്കളിക്കും. ക്രിസ്തു എന്നൊരു ദൈവപുത്രന് ഉണ്ടായിരുന്നെങ്കിൽ കുർബാനയെക്കാൾ ആ ക്ളാസുകളെ സ്നേഹിച്ചിരുന്നിരിക്കണം.
കാസ എന്ന മത മൗലികവാദ ഗ്രൂപ്പിനും പള്ളുരുത്തിയിലെ പ്രിൻസിപ്പാൾ Sr. Heleena Alby ഇത് മനസിലാവില്ല. കാരണം അവര്ക് ക്രിസ്തു ആരാണെന്ന് അറിയില്ല. മതപരമായ ഏതു ചിഹ്നവും ഉപയോഗിക്കാനും, വസ്ത്ര ധാരണം ചെയ്യാനും , ആഹാരം കഴിക്കാനും ഒരാൾക്ക് അവകാശമുണ്ട്, അത് വ്യക്തിസ്വാതന്ത്ര്യത്തിൽപ്പെടുന്നു.
അതേസമയം ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ യൂണിഫോമെന്തായിരിക്കണം എന്ന് നിശ്ചയിക്കുന്നതിനും നടപ്പാക്കുന്നതിനും സ്ഥാപനത്തിന് അധികാരമുണ്ട്. ഇവിടെ രണ്ട് കാര്യങ്ങൾ നേർക്ക് നേർ വന്നാൽ എന്ത് ചെയ്യണം? ഇതാണ് പ്രശ്‍നം എന്നതാണു മനസിലാക്കുന്നത്.
രണ്ടു കാര്യങ്ങളാണ് എനിക്ക് പ റയാനുള്ളത്:
1. അതൊരു ക്രിസ്ത്യൻ മാനേജ്മെന്റ് സ്‌കൂൾ ആണ്. പ്രിൻസിപ്പൽ ഒരു സന്യസ്ഥയാണ്. മത -ഭാഷയിൽ കൃസ്തുവിന്റെ മണവാട്ടി. മണവാളന്കൂടി ഇഷ്ടപ്പെടുന്ന തീരുമാനം എടുക്കുന്നത് അഭികാമ്യം. തീരുമാനങ്ങളെടുക്കാൻ ബുദ്ധിമുട്ടുവരുമ്പോൾ what would Jesus do ? (wwJd ) എന്ന ചോദ്യം ചോദിക്കുന്നതിനെപ്പറ്റി മുൻപ് ഒരു പോസ്റ്റ് ഇട്ടിരുന്നു. ആ പ്രിൻസിപ്പലിന്റെ സ്ഥാനത്ത് ക്രിസ്തു ആയിരുന്നു എങ്കിൽ എന്ത് തീരുമാനം എടുക്കുമായിരുന്നു?
അതറിയാൻ ഒരു ബുദ്ധിമുട്ടുമില്ല. കാരണം. ആധ്യാത്മിക നേതാക്കളിൽ ക്രിസ്‌തുവിനോളം ലളിതമായി ഉപദേശങ്ങൾ , അര്ഥശങ്കക്കിടയില്ലാതെ പറഞ്ഞവർ കുറവാണ്. ( ഞാൻ ഉദ്ദേശിക്കുന്നത് നാല് സുവിശേഷങ്ങളെ മാത്രമാണ്. സെന്റ് പോൾ എഴുതിയ ബൈബിൾ ലേഖനങ്ങളും, അദ്ദേഹവും പത്രോസും കെട്ടിപ്പടുത്ത ക്രിസ്തുമതവും ക്രിസ്തുവിന്റെ ഉപദേശങ്ങളിൽ നിന്നും വ്യതിചലിച്ചതാണ് എന്ന ഞാൻ കരുതുന്നു, It is indeed a different subject altogether and open to debate)
യോഹന്നാൻ 13 :35 - നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശീഷ്യന്മാർ എന്നു എല്ലാവരും അറിയും എന്നു ക്രിസ്തു പറഞ്ഞിട്ടുണ്ട്. ക്രിസ്തുവിന്റെ ശിഷ്യർ എന്ന് അറിയുവാൻ ഒരൊറ്റ വഴുയെ ഉള്ളൂ- മനുഷ്യർ തമ്മിലുള്ള സ്നേഹം ഉണ്ടായിരിക്കണം. തൊട്ടു മുകളിലത്തെ വാചകത്തിൽ അത് എങ്ങിനെ വേണമെന്നും പറഞ്ഞിട്ടുണ്ട് : "ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം" Period !!
ക്രിസ്തു സ്നേഹിച്ചതാരെയൊക്കെയാണ്, എങ്ങിനെയുള്ളവരെയൊക്കെയാണ് എന്ന ലിസ്റ്റ് ഇടേണ്ടതില്ലല്ലോ. Principal Sr. Heleena Alby യുടെ പത്ര സമ്മേളനങ്ങളിൽ നിന്നും മനസിലായത്, അവരുടെ ന്യായങ്ങളിൽ ഇല്ലാതെ പോയത്, ഒരു വിദ്യാര്ഥിയോടുള്ള സ്നേഹമാണ്. തിരുവസ്ത്രം ഇട്ടതുകൊണ്ട് അവർ ക്രിസ്തുവിന്റെ ശിഷ്യ ആകുന്നില്ല.
2. മനുഷ്യന്റെ നിത്യ ജീവിതത്തിനാധാരം നിയമങ്ങലും ചട്ടങ്ങളും, കോടതികളും , ഭരണഘടന പോലും ആകരുത്. വ്യക്തിപരമായ ഒരു അനുഭവം പറയാം.
2009 ൽ സർക്കാർ ജോലി രാജിവച്ച് മറ്റൊരു ജോലിയ്ക്ക് ചേർന്നു. ആ എംപ്ലോയർ ഒരു ആഡംബര - സർവീസ്ഡ് അപ്പാർട്മെന്റ് പണിയുന്നു. പ്രോജക്റ്റ് മാസങ്ങൾ ഡിലെയാണ്, പണികളൊന്നും നടക്കാത്ത അവസ്ഥയിലെത്തി. എല്ലാ സ്റ്റേക് ഹോൾഡേഴ്‌സും തമ്മിൽ പ്രശ്നമായി. കോൺഡ്രാക്ട് ക്ലോസുകൾ ഉദ്ധരിച്ച് കൊണ്ട് കത്തുകൾ കൊണ്ടുള്ള യുദ്ധം മാത്രം. സർവീസ്ഡ് അപ്പാർട്മെന്റിന്റെ ഓപ്പറേറ്റർ ഫ്രഞ്ചു കമ്പനി- അവർ എല്ലാ ഫർണിച്ചറുകളും, ഓർഡർ ചെയ്തു കഴിഞ്ഞു, കെട്ടിടത്തിന്റെ സ്ട്രക്ച്ചർ പോലും തീർന്നിട്ടില്ല - പണി നടക്കുന്നുമില്ല. അത് പരിഹരിക്കുന്നതിനാണ് എന്നെ ജോലിക്കെടുത്തത്.
ഞാൻ എല്ലാവരെയും വിളിച്ച് ചേർത്ത് പറഞ്ഞു " ഇന്ന് മുതൽ എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂർ സൈറ്റ് മീറ്റിംഗ് ഉണ്ടാവും. എല്ലാ സീനിയർ മേമ്ബെര്സും അറ്റൻഡ് ചെയ്യണം, വരാൻ പറ്റാത്തവർക്കുള്ളതല്ല ഈ പ്രോജക്‌ട്" . ആദ്യദിവസം പ്രോജക്ട് സംബന്ധമായി ഒന്നും സംസാരച്ചില്ല, കോൺട്രാക്ട് ഡോക്യ്‌മെന്റുകളും കത്തുകളും എടുത്ത് മാറ്റി വച്ച്. - പരിചയപ്പെടലുകൾ, തമാശകൾ അനുഭവങ്ങൾ - മാത്രം. പലരും തമ്മിൽ തമ്മിൽ മിണ്ടുന്നതുപോലുമില്ല.
രണ്ടാം ദിവസം മുതൽ കാര്യങ്ങളിലേയ്ക് കടന്നു. പതിയെ മഞ്ഞു ഉരുകിതുടങ്ങി. ചുരുക്കിപ്പറഞ്ഞാൽ മാസങ്ങൾക്കുള്ളിൽ കെട്ടിടത്തിന്റെ പണി കഴിഞ്ഞു. സത്യത്തിൽ ഞാൻ ഒന്നും ചെയ്തില്ല- തമ്മിൽ സംസാരിക്കാൻ അവസരം ഒരുക്കി, സംസാരത്തിന്റെ ടോൺ മാറുമ്പോൾ, കോൺട്രാക്ട് ക്ളോസുകൾ ഉദ്ധരിക്കാൻ തുടങ്ങുമ്പോൾ മാത്രം ഇടപെടും, രംഗം ശാന്തമാക്കും. എല്ലാ പ്രശ്നങ്ങളും പ്രതിസന്ധികളും അവർ തന്നെയാണ് പരിഹരിച്ചത്. പിന്നെ പരസ്പരം ഒരു കത്ത് പോലും ആരും അയച്ചില്ല.
നമ്മൾ ആരും നിയമ പുസ്തകങ്ങൾ നോക്കി ജീവിക്കരുത് എന്നാണു എന്റെ അഭിപ്രായം. നിയമങ്ങൾ തെറ്റിക്കണം എന്നല്ല. മറ്റുള്ളവരുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും നമ്മുടെ അവകാശങ്ങളെയെക്കുറിച്ചും അപ്പോഴും സംസാരിക്കരുത്.സാധാരണ നമ്മൾ ജീവിക്കുന്നത് അങ്ങിനെയാണ്, അങ്ങിനെ ആകണം. എപ്പോൾ ബന്ധങ്ങൾക്കിടയിൽ നിയമം കടന്നു വരുന്നോ, അപ്പോൾ ബന്ധങ്ങൾ തകരാൻ തുടങ്ങും.
ഹിജാബ് വിഷയത്തിൽ പ്രിൻസിപ്പലും പ്രിൻസിപ്പലിനെ അനുകൂലിക്കുന്നവരും പറയുന്ന പ്രധാന കാര്യം, ഒരു സ്‌കൂളിന് യൂണിഫോം നിശ്ചയിക്കാനും അത് ഇമ്പൊസ് ചെയ്യാനും നിയമപരമായി അവകാശമുണ്ട് എന്നാണു. അത് ശരിയുമാണ്.
പക്ഷെ , അതിനിടയിൽ ആ വിദ്യാര്തഥിനി എന്നൊരാൾ കൂടിയുണ്ട്. കന്യാസ്ത്രീ തലമറയ്ക്കുന്നുണ്ടോ, സിക്കുകാർ തലപ്പാവ് വെയ്ക്കുന്നുണ്ടോ, എന്നൊതൊന്നുമല്ല കാര്യം. ഒരു ബഹുസ്വര സമൂഹത്തിന്റെ നിലനിൽപ്പും, ഒരു വിദ്യാർത്ഥിയുടെ പഠനവും മാത്രമായിരിക്കണം പരിഗണിക്കേണ്ട വിഷയം.
ആ പ്രിന്സിപ്പാളിനും ആ സ്‌കൂളിനും കുഞ്ഞുങ്ങളോട് സ്നേഹമില്ല എന്നതാണ് കാര്യം. നമ്മുടെ നാട് വലിയ അപകടത്തിലേയ്ക് കാൽ വച്ച് തുടങ്ങിയി ട്ടുണ്ട്. നിയമം കൊണ്ടും കോടതികൊണ്ടും ഇത് പരിഹരിക്കാനാകില്ല.
"ഞാനോ ലോകത്തെ ജയിച്ചിരിക്കുന്നു " എന്ന് പറഞ്ഞത് ക്രിസ്തുവാണ്. ഒരൊറ്റ ആയുധമേ ക്രിസ്തുവിനുണ്ടായിരുന്നുള്ളൂ- സ്നേഹം മാത്രം.
ഫാദർ മാത്യു കോണിക്കൽ ആയിരുന്നെങ്കിൽ ആ കുട്ടിയുടെ വീട്ടിൽ പോകുമായിരുന്നു, തിരികെ സ്‌കൂളിലെയ്ക് തിരികെ കൊണ്ടുവരുമായിരുന്നു. എല്ലാവിശ്വാസങ്ങളെയും ആദരിക്കുന്ന ഒരു മഹനീയ സ്ഥാപനമായി നല്ലൊരു മാതൃകയായി ആ സ്‌കൂളിനെ മാറ്റുമായിരുന്നു. ക്രിസ്തു ആയിരുന്നെങ്കിലും അത് തന്നെ ചെയ്യുമായിരുന്നു.
Sr. Heleena Alby - താങ്കൾ മൈക്കിന് മുന്നിൽ പറഞ്ഞതെല്ലാം തികഞ്ഞ അശ്ലീലമായിരുന്നു. താങ്കൾ സ്വന്ത സഹോദരനെ തച്ചുകൊന്ന കായേന്റെ പിന്തുടർച്ചക്കാരിയാണ്.
താങ്കൾക് നിയമവും ചട്ടങ്ങളുമറിയാം . ഇല്ലാതെ പോയത് സ്നേഹമാണ്. ആരും അനുകരിക്കാൻ പാടില്ലാത്ത സ്നേഹവും സാഹോദര്യവും തൊട്ടു തീണ്ടാത്ത ഒരു വെറും മനുഷ്യസ്ത്രീ ആണ് താങ്കൾ. പുകയാൻ തുടങ്ങുന്ന കേരളത്തിലേക്ക് എണ്ണയൊഴിച്ചുകൊടുത്ത ദ്രോഹി എന്ന് കാലം നിങ്ങളെ അടയാളപ്പെടുത്തും."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

