'സമൂഹം മിണ്ടാതിരുന്നാൽ, ഇന്ന് ഹിജാബ് വിലക്കപ്പെടും, നാളെ പേരും വിശ്വാസവും വിലക്കപ്പെടും'; താരാ ടോജോ അലക്സ്
text_fieldsകൊച്ചി: സത്യവിശ്വാസം പ്രവർത്തികളിലൂടെ, അതായത് മറ്റുള്ളവരോടുള്ള ദയയിലും കരുണയിലും സഹനത്തിലുമാണ് നിവർത്തിക്കേണ്ടത് എന്ന പാഠം യേശുവിന്റെ മണവാട്ടികളായ കന്യാസ്ത്രീ അമ്മമാർ മറക്കാൻ പാടില്ലാത്തതാണെന്ന് കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കോഡിനേറ്റർ താരാ ടോജോ അലക്സ്. എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു താര.
ഒരു കന്യാസ്ത്രീയായ അധ്യാപിക തന്റെ ശിരോവസ്ത്രം ധരിച്ച് ക്ലാസിൽ എത്തുമ്പോൾ അത് ആരെയും അസ്വസ്ഥരാക്കാതിരിക്കുകയും ഒരു മുസ്ലിം വിദ്യാർഥിനി തന്റെ വിശ്വാസവും, ഇന്ത്യൻ ഭരണഘടന അവൾക്ക് നൽകുന്ന അവകാശപ്രകാരം ഹിജാബ് ധരിച്ച് വന്നാൽ അത് നിയമലംഘനവും ആകുമ്പോൾ അത് സ്കൂൾ മാനേജ്മെൻറിന്റെ ഇരട്ടത്താപ്പിനും മതപക്ഷപാതത്തിനും നേരെ തന്നെയാണ് വിരൽ ചൂണ്ടുന്നതെന്ന് താര ഫേസ്ബുക്കിൽ കുറിച്ചു.
ഒരു സ്കൂളിൽ നടന്ന സംഭവവമായി ഇത് നിസ്സാരവൽക്കരിക്കാൻ പാടില്ല. ഇത് നമ്മുടെ കാലഘട്ടത്തിന്റെ പ്രതിഫലനമാണ്. ജാതിയും മതവും വെറുപ്പും വേർതിരിവും വിദ്യാലയം എന്ന പരിപാവനമായ മേഖലയിലും കാൽവെക്കുന്ന അപായ സൂചനയാണത്. ഇതിനെതിരെ ഇന്ന് സമൂഹം മിണ്ടാതിരുന്നാൽ, ഇന്ന് ഹിജാബ് വിലക്കപ്പെടും, നാളെ പേരും വിശ്വാസവും വിലക്കപ്പെടും. അതുകൊണ്ടാണ് ഈ സംഭവത്തെ രാഷ്ട്രീയ നിലപാടായിത്തന്നെ ചെറുക്കേണ്ടതാണെന്ന് താരാ ടോജോ അലക്സ് കൂട്ടിച്ചേർത്തു.
താരാ ടോജോ അലക്സ് ഫേസ്ബുക്ക് പോസ്റ്റ്
"കൊച്ചിയിലെ സെന്റ് റീത്ത സ്കൂളിലെ ഹിജാബ് വിവാദത്തിൽ, പ്രിൻസിപ്പൽ കന്യാസ്ത്രീയുടെ ഏറ്റവും ഒടുവിലത്തെ പ്രസ്താവന ഇപ്രകാരമാണ്...
'മുസ്‌ലിം കുട്ടി ഹിജാബ് ധരിച്ച് വരുന്നത് കാണുമ്പോൾ മറ്റ് കുട്ടികൾക്ക് ഭീതി ഉണ്ടാകുന്നു...' ഈ പോസ്റ്റിന് ആധാരവും അവരുടെ ഈ വാക്കുകളാണ്. വിദ്യാലയം എന്നത് സമത്വത്തിന്റെയും ഉൾക്കൊള്ളലിന്റെയും ക്ഷേത്രമാണ്. അധ്യാപനം എന്നത് ഒരു തൊഴിൽമാത്രമല്ല..
അത് ഒരു 'മിഷൻ' ആണ്. “തൊഴിൽ” എന്നത് ഉപജീവനത്തിനായുള്ള ഒരു മാർഗ്ഗം മാത്രമാകുമ്പോൾ, “മിഷൻ” എന്നത് ഒരു വ്യക്തി, തനിക്ക് സമൂഹത്തോടുള്ള പ്രതിബദ്ധതയും ഉത്തരവാദിത്വം നിറവേറ്റാൻ തിരഞ്ഞെക്കുന്ന മാർഗ്ഗമാണ്.
അതുകൊണ്ടു തന്നെ 'അധ്യാപനം' എന്നത് കുഞ്ഞ് മനസ്സുകളെ മാനുഷിക മൂല്യങ്ങളിൽ ഊന്നി വാർത്തെടുത്ത് അവരെ സത്യത്തിലേക്കും സ്നേഹത്തിലേക്കും നീതിയിലേക്കും നയിക്കാനുള്ള ദൗത്യമാണ്. അധ്യാപനം ചെയ്യുന്നവർ വെറും പാഠഭാഗങ്ങൾ പറയുന്നവർ അല്ല.
അവർ കുട്ടികളുടെ ചിന്തകളും സ്വപ്നങ്ങളും സ്വഭാവവും അവരുടെ ഭാവിയെയും രൂപപ്പെടുത്തുന്നവരാണ്. അത് കൊണ്ടാണ് ടീച്ചറുടെ പദവി അമ്മക്ക് തുല്യമാണ് എന്ന് പറയുന്നത്.
അമ്മയേ പോലെ തന്നെ സ്നേഹിക്കുകയും, മനസ്സിലാക്കുകയും, കരുതുകയും ചെയ്യുന്ന അധ്യാപകരുടെ മേൽനോട്ടത്തിൽ നമ്മുടെ കുഞ്ഞുങ്ങൾ മാനസികമായും ശാരീരികമായും സുരക്ഷിതരാണെന്ന് ആത്മവിശ്വാസത്തിലാണ് നമ്മുടെ കുഞ്ഞുങ്ങളെ നമ്മൾ വിദ്യാലയത്തിലേക്ക് അയക്കുന്നത്. പക്ഷെ ഹിജാബ് ധരിച്ചുവന്ന പെൺകുട്ടിയോട് അവളുടെ വസ്ത്രധാരണം മറ്റു കുട്ടികളിൽ ഭീതി ഉണ്ടാക്കുന്നു എന്ന പ്രിൻസിപ്പൽ സിസ്റ്ററിൻ്റെ സ്റ്റേറ്റ്മെൻറ്, അത് എത്രത്തോളം വലിയ മുറിവാണ് ആ കുഞ്ഞു മനസ്സിന് ഉണ്ടാക്കുന്നത് എന്നത് അവർ തിരിച്ചറിയാതെ പോകുന്നത് വളരെ ദൗർഭാഗ്യകരമായിപ്പോയി.
ഒരു അധ്യാപിക എന്ന നിലയിൽ, ആ കുട്ടിയുടെ വ്യക്തിത്വത്തെയും വിശ്വാസത്തെയും ആദരിക്കേണ്ടതും ഈ വിഷയം രമ്യമായി പരിഹരിക്കേണ്ടതും അവരുടെ ഉത്തരവാദിത്വമായിരുന്നു. അമ്മയെ പോലെ കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഒരധ്യാപിക ഒരിക്കലും ഒരു കുഞ്ഞിനെ മാത്രം മതത്തിന്റെ പേരിൽ ഒറ്റപ്പെടുത്തുകയില്ല. കാരണം അമ്മയാകുമ്പോൾ മതം, ജാതി, ഭാഷ — എല്ലാം പിന്നിലാകും. മുന്നിൽ നിൽക്കുന്നത് സ്നേഹവും മനുഷ്യത്വവും മാത്രമാണ്. 'നിങ്ങള്‍ എന്നെ കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കയും ഞാന്‍ പറയുന്നതു ചെയ്യാതിരിക്കയും ചെയ്യുന്നതു എന്ത്?' (ലൂക്കോസ് 6:46)
എന്ന ബൈബിൾ വചനം... സത്യവിശ്വാസം പ്രവർത്തികളിലൂടെ, അതായത് മറ്റുള്ളവരോടുള്ള ദയയിലും കരുണയിലും സഹനത്തിലുമാണ് നിവർത്തിക്കേണ്ടത് എന്ന പാഠം, യേശുവിന്റെ മണവാട്ടികളായ കന്യാസ്ത്രീ അമ്മമാർ മറക്കാൻ പാടില്ലാത്തതാണ്.
ഒരു കന്യാസ്ത്രീയായ അധ്യാപിക, തൻ്റെ ശിരോവസ്ത്രം ധരിച്ച് ക്ലാസിൽ എത്തുമ്പോൾ, അത് ആരെയും അസ്വസ്ഥരാക്കാതിരിക്കുകയും,
അതെ സമയം ഒരു മുസ്ലിം വിദ്യാർത്ഥിനി തന്റെ വിശ്വാസവും, ഇന്ത്യൻ ഭരണഘടന അവൾക്കു നൽകുന്ന അവകാശപ്രകാരം ഹിജാബ് ധരിച്ച് വന്നാൽ, അത് നിയമലംഘനവും ആകുമ്പോൾ, അത് സ്കൂൾ മാനേജ്മെൻ്റിൻ്റെ ഇരട്ടത്താപ്പിനും മതപക്ഷപാതത്തിനും നേരെ തന്നെയാണ് വിരൽ ചൂണ്ടുന്നത് ഈ സംഭവം വെറും ഒരു സ്കൂളിൽ നടന്ന സംഭവവമായി നിസ്സാരവൽക്കരിക്കാൻ പാടില്ല.
ഇത് നമ്മുടെ കാലഘട്ടത്തിന്റെ പ്രതിഫലനമാണ്.. ജാതിയും മതവും വെറുപ്പും വേർതിരിവും വിദ്യാലയം എന്ന പരിപാവനമായ മേഖലയിലും കാൽവെക്കുന്ന അപായ സൂചനയാണത്.
ഇതിനെതിരെ ഇന്ന് സമൂഹം മിണ്ടാതിരുന്നാൽ, ഇന്ന് ഹിജാബ് വിലക്കപ്പെടും, നാളെ പേരും വിശ്വാസവും വിലക്കപ്പെടും. അതുകൊണ്ടാണ് ഈ സംഭവത്തെ രാഷ്ട്രീയ നിലപാടായിത്തന്നെ ചെറുക്കേണ്ടത് മതത്തിന്റെ പേരിൽ ഒരു കുട്ടിയെ ഒറ്റപ്പെടുത്തുന്നവർക്ക് എതിരായി മനുഷ്യത്തിൻ്റെ രാഷ്ട്രീയവുമായാണ് നമ്മൾ ഒന്നിക്കേണ്ടത്.
ഒരു ഹിജാബ് നീക്കം ചെയ്യിച്ച് കൊണ്ട് ആർക്കും ഇവിടെ സമത്വം ഉണ്ടാക്കാനാവില്ല. മനുഷ്യൻ്റെ മനസ്സിൽ മതമതിലുകൾ പൊളിച്ചാൽ മാത്രമെ സമൂഹത്തിൽ സമത്വം ഉണ്ടാക്കൂ. വിദ്യാഭാസത്തിനും പഠനത്തിനും മതമില്ല. സ്നേഹത്തിനും കാരുണ്യത്തിനും മതമില്ല."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

