വിവാദത്തിൽ വികസിച്ച് 'ഹിഗ്വിറ്റ'
text_fieldsകൊച്ചി: 'ഹിഗ്വിറ്റ' എന്ന പേരിടുന്നതിൽ എഴുത്തുകാരൻ എൻ.എസ്. മാധവന്‍റെ എതിർപ്പിനെ തുടർന്ന് ഹേമന്ത് ജി. നായരുടെ പുതിയ സിനിമ വിവാദത്തിൽ. ഹിഗ്വിറ്റയെന്ന പേരില്‍ സിനിമയുടെ രജിസ്ട്രേഷന്‍ അനുവദിക്കില്ലെന്ന് തനിക്ക് ഫിലിം ചേംബര്‍ ഉറപ്പുനല്‍കിയെന്ന് എൻ.എസ്. മാധവൻ പറയുമ്പോൾ, ഇങ്ങനെ ഒരു വിലക്കിന്‍റെ കാര്യം അറിയില്ലെന്നാണ് സംവിധായകന്‍റെ പ്രതികരണം. സിനിമയുടെ പേര് മാറ്റാൻ കഴിയില്ലെന്ന നിലപാട് തുടരുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ ഹേമന്ത് ജി. നായർ. അതേസമയം, സിനിമയുടെ പേരിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന സൂചനയാണ് ഫിലിം ചേംബറിൽനിന്ന് ലഭിക്കുന്നത്.
സിനിമ മേഖലയിലുള്ള കൂടുതൽ പേർ സംവിധായകന് പിന്തുണയുമായി രംഗത്തെത്തി. ഹിഗ്വിറ്റ എന്ന പേര് സ്വീകരിക്കുന്നത് പകർപ്പവകാശത്തിന്‍റെ പരിധിയിൽ വരില്ലെന്ന് ഇവർ പറയുന്നു. ഏതെങ്കിലും വ്യക്തിയുടെ പേര് പകർപ്പവകാശമാവില്ലെന്ന് വ്യക്തമാക്കി ഫെഫ്ക റൈറ്റേഴ്സ് യൂനിയനും രംഗത്തുണ്ട്.
സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നവംബര്‍ 28ന് പുറത്തുവിട്ടതിന് പിന്നാലെയാണ് വിവാദത്തിന് തുടക്കം. സിനിമ പുറത്തിറങ്ങുമ്പോള്‍ 'ഹിഗ്വിറ്റ' എന്ന തന്‍റെ പ്രശസ്തമായ കഥയുടെ പേരിന് മേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നുവെന്ന് എൻ.എസ്. മാധവൻ ട്വിറ്ററിൽ കുറിച്ചു. തുടർന്ന് വിവിധ മേഖലയിലുള്ളവരും വിഷയം ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെയാണ് പേര് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഫിലിം ചേംബർ തീരുമാനിച്ചെന്ന് എൻ.എസ്. മാധവൻ തന്നെ ട്വിറ്ററിലൂടെ പുറത്തുവിടുന്നത്. ബന്ധപ്പെട്ട സിനിമക്കും സിനിമ പ്രവർത്തകർക്കും വിജയാശംസകളും അർപ്പിച്ചിരുന്നു.
അതേസമയം, സിനിമ രാഷ്ട്രീയമാണ് പറയുന്നതെന്നും ചിത്രത്തിന് ഹിഗ്വിറ്റ എന്ന കഥയുടെ ഉള്ളടക്കവുമായി ഒരു ബന്ധവുമില്ലെന്നാണ് സംവിധായകൻ ഹേമന്ത് ജി. നായരുടെ പ്രതികരണം. തന്‍റെ പാർട്ടിയെ രക്ഷിക്കാൻ നേതാവ് സ്വീകരിക്കുന്ന അടവുകളാണ് ഇതിവൃത്തം. ചേംബറുമായി ബന്ധപ്പെട്ടശേഷം നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.