ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ഹൈകോടതിയിൽ സമ്മതിച്ച് ദേശീയപാത അതോറിറ്റി
text_fieldsകൊച്ചി: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ദേശീയപാത അതോറിറ്റി ഹൈകോടതിയിൽ സമ്മതിച്ചു. ദേശീയപാതക്ക് ഘടനപരമായ മാറ്റം വേണ്ടിവരുമെന്നും അതോറിറ്റി അറിയിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗത്തും നിർമാണ ഘട്ടത്തിലുള്ള ഹൈവേകൾ ഇടിഞ്ഞുതാഴ്ന്നത് മണ്ണിനടിയിലൂടെ വെള്ളം കിനിഞ്ഞെത്തിയതുമൂലമാണെന്നാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നതെന്നും അതോറിറ്റി അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തുടർന്ന് കാരണങ്ങൾ വിശദീകരിച്ച് വ്യാഴാഴ്ച ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി.
റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹരജികൾ പരിഗണിക്കവേയാണ് ദേശീയപാതയുടെ വിവിധ ഭാഗങ്ങൾ ഇടിഞ്ഞു താഴ്ന്നതുമായി ബന്ധപ്പെട്ട വിഷയം കോടതി ഉന്നയിച്ചത്. യാത്രാദുരിതം സഹിക്കാവുന്നതിലേറെയായിട്ടും അതെല്ലാം സഹിച്ച് ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങൾ ദേശീയപാത വികസനം കാത്തിരുന്നതെന്ന് കോടതി പറഞ്ഞു.
കാത്തിരുപ്പിന് ഫലം കാണാറായപ്പോൾ കടുത്ത ആശങ്കയിലായ അവസ്ഥയിലാണ് എല്ലാവരും. സന്തോഷമുള്ള കാര്യമല്ല സംഭവിച്ചത്. ജനങ്ങളുടെ ആശങ്കക്ക് പരിഹാരം കാണണമെന്നും കോടതി നിർദേശിച്ചു. എന്നാൽ, ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിന് എല്ലാ ശ്രമങ്ങളും നടക്കുകയാണെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ഉന്നതതല വിദഗ്ധസമിതി രൂപവത്കരിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
കരാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തും. പാതയിടിഞ്ഞതിന്റെ വിശദമായ കാരണം പഠിക്കാൻ സമയം അനുവദിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. തുടർന്നാണ് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

