ഹയർസെക്കൻഡറി സ്ഥലംമാറ്റം: ഔട്ട് സ്റ്റേഷൻ സർവീസ് ഇതര ജില്ലകളിലെ സ്ഥലംമാറ്റത്തിന് പരിഗണിക്കില്ല
text_fieldsതിരുവനന്തപുരം: ഹയർസെക്കൻഡറി അധ്യാപക സ്ഥലംമാറ്റത്തിനുള്ള പുതുക്കിയ മാനദണ്ഡങ്ങൾ തയാറാക്കുന്നതിന്‍റെ മുന്നോടിയായി ഡിസംബർ മൂന്നിന് അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ച് വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കരട് മാർഗനിർദേശങ്ങളിൽ സംഘടനകളുടെ അിഭപ്രായം തേടുന്നതിന്‍റെ ഭാഗമായാണ് യോഗം.
കരട് നിർദേശങ്ങളിൽ ചിലതിനോട് അധ്യാപക സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ വർഷം വരെ ഹയർസെക്കൻഡറി അധ്യാപക സ്ഥലംമാറ്റ പട്ടിക അനിശ്ചിതമായി വൈകാനും പലതവണ കോടതി കയറാനും കാരണമായിരുന്ന വ്യവസ്ഥയിൽ ഇത്തവണ വ്യക്തത വരുത്തിയാണ് കരട് പ്രസിദ്ധീകരിച്ചത്.
ഹോം സ്റ്റേഷന് പുറമെ തൊട്ടടുത്ത ജില്ലകളിലേക്കും സ്ഥലംമാറ്റം ലഭിക്കാൻ ഔട്ട് സ്റ്റേഷൻ സർവീസ് പരിഗണിക്കണമെന്ന ആവശ്യത്തിലാണ് കരടിൽ വ്യക്തത വരുത്തിയത്. ഔട്ട് സ്റ്റേഷൻ സർവീസ് ഹോം സ്റ്റേഷനിലേക്കുള്ള സ്ഥലംമാറ്റത്തിന് മാത്രമേ പരിഗണിക്കുകയുള്ളൂ. ഹോം സ്റ്റേഷനല്ലാത്ത ഇതര ജില്ലകളിലേക്കുള്ള സ്ഥലംമാറ്റത്തിന് സർവീസ് സീനിയോറിറ്റി മാത്രമായിരിക്കും പരിഗണിക്കുകയെന്ന് കരടിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ മാനദണ്ഡത്തിൽ ഔട്ട് സ്റ്റേഷൻ സർവീസ് ഹോം സ്റ്റേഷനിലേക്ക് മാത്രമാണോ, പുറത്തുള്ള ജില്ലകളിലേക്ക് കൂടി പരിഗണിക്കുമോ എന്നതിൽ വ്യക്തതയില്ലായിരുന്നു. ഈ അവ്യക്തത ഉപയോഗിച്ചാണ് നേരത്തെ പ്രസിദ്ധീകരിച്ച സ്ഥലംമാറ്റ പട്ടികക്കെതിരെ അധ്യാപകർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ (കെ.എ.ടി) സമീപിക്കുകയും സ്റ്റേ സമ്പാദിക്കുകയും ചെയ്തത്. ഔട്ട് സ്റ്റേഷൻ സർവീസ് ഇതര ജില്ലകളിലെ നിയമനത്തിനും പരിഗണിക്കണമെന്ന് കെ.എ.ടി ഉത്തരവിടുകയും ചെയ്തിരുന്നു. സർക്കാർ ഇതിനെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകിയാണ് കെ.എ.ടി ഉത്തരവ് റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

