ഹയർ സെക്കൻഡറി സ്ഥലംമാറ്റം; മലയോര /വിദൂര പ്രദേശ സ്കൂൾ പട്ടികയിൽ വിവേചനമെന്ന്
text_fieldsതിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചപ്പോൾ സർവിസ് ആനുകൂല്യം ലഭ്യമാകുന്ന മലയോര/ വിദൂര പ്രദേശങ്ങളിൽ ഉൾപ്പെടുന്ന സ്കൂളുകളെ മുഴുവനായി പരിഗണിച്ചില്ലെന്ന് പരാതി. ഇത്തരം പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന ഓരോ വർഷവും ഒന്നര വർഷത്തിന് സമാനമായി കണക്കാക്കി, രണ്ടു വർഷം പൂർത്തിയാക്കിയാൽ അത് മൂന്ന് വർഷമായി കണ്ട് സ്ഥലം മാറ്റത്തിന് അപേക്ഷിക്കാമെന്നാണ് വ്യവസ്ഥ.
സ്ഥലംമാറ്റത്തിന് ആധാരമായി എടുക്കുന്ന 2019 മാർച്ച് രണ്ടിലെ സ്ഥലംമാറ്റ മാനദണ്ഡ പ്രകാരം മലയോര /വിദൂര പ്രദേശ ജില്ലകളിലെ സ്കൂളുകൾക്കും മറ്റു ജില്ലകളിലെ ലിസ്റ്റ് ചെയ്യപ്പെട്ട സ്കൂളുകൾക്കും ഈ ആനുകൂല്യം ലഭ്യമാകേണ്ടതാണ്. പൂർണമായും മലയോര പ്രദേശമായി കണ്ട് ജീവനക്കാർക്ക് ഹിൽ ട്രാക്ട് അലവൻസ് കൂടി ലഭ്യമാക്കുന്ന വയനാട് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും മലയോര പ്രദേശമെന്ന പരിഗണന ലഭിക്കേണ്ടതുണ്ട്. എന്നാൽ, 2013നു ശേഷം വയനാട് ജില്ലയിൽ അനുവദിച്ച ഒമ്പത് ഹയർ സെക്കൻഡറി സ്കൂളുകൾ മലയോര മേഖല ലിസ്റ്റിൽ ഉൾപ്പെടുത്താത്തത് കാരണം അധ്യാപകർക്ക് ലഭിക്കേണ്ട സർവിസ് ആനുകൂല്യം നിഷേധിക്കപ്പെടുന്നതായാണ് പരാതി.
ഈ വർഷത്തെ പൊതുസ്ഥലം മാറ്റത്തിനുമുമ്പായി മലയോര/വിദൂര മേഖല സ്കൂളുകളുടെ ലിസ്റ്റ് പരിഷ്കരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ലിസ്റ്റ് തന്നെയാണ് ഇപ്പോഴും സ്ഥലംമാറ്റത്തിനുള്ള പോർട്ടലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാനദണ്ഡമനുസരിച്ച് ആനുകൂല്യങ്ങൾക്ക് അർഹതയുള്ള എല്ലാ സ്കൂളുകളും പട്ടികയിൽ ഉൾപ്പെടുത്തി നീതിപൂർവമായ സ്ഥലംമാറ്റം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് എച്ച്.എസ്.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ. വെങ്കിട മൂർത്തിയും ജനറൽ സെക്രട്ടറി അനിൽ എം. ജോർജും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

