ഹയർ സെക്കൻഡറി മോഡൽ പരീക്ഷ ചോദ്യചോർച്ച: അന്വേഷിക്കും
text_fieldsതിരുവനന്തപുരം: ഹയർ സെക്കൻഡറി മോഡൽ പരീക്ഷയുടെ ഇംഗ്ലീഷ് ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. കോഴിക്കോട്ടെ, വടകരയിലും എറണാകുളത്തുമാണ് ചോദ്യപേപ്പർ ചോർന്നതായി വിവരം ലഭിച്ചത്.
കൈമാറിയതായി കരുതുന്ന വാട്സ്ആപ് നമ്പർ സഹിതമുള്ള റിപ്പോർട്ട് ഹയർ സെക്കൻഡറി വിഭാഗം കോഴിക്കോട്, എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടർമാർ പരീക്ഷ സെക്രട്ടറിക്ക് സമർപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ തിങ്കളാഴ്ച രാത്രിയോടെ വാട്സ്ആപ്പിൽ പ്രചരിപ്പിച്ചതായാണ് വിവരം. ചോദ്യപേപ്പർ പാക്കറ്റ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് ജീവനക്കാർ പ്രിൻസിപ്പൽമാരെയാണ് ഏൽപിക്കുക.
പൊലീസ് അന്വേഷണം വേണമെന്ന് ഡെപ്യൂട്ടി ഡയറക്ടർമാരുടെ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഗൗരവമായാണ് കാണുന്നതെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ചോർന്നത് മോഡൽ പരീക്ഷയുടെ ചോദ്യമായതിനാലും പരീക്ഷ കഴിഞ്ഞ ശേഷം വിവരം പുറത്തുവന്നതിനാലും പകരം പരീക്ഷ നടത്തേണ്ടെന്നാണ് പരീക്ഷ വിഭാഗത്തിന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

