ഹയർസെക്കൻഡറി മൂല്യനിർണയം: പ്രതിഷേധം ശക്തമാക്കി അധ്യാപകർ
text_fieldsതിരുവനന്തപുരം: ഹയർസെക്കൻഡറി മൂല്യനിർണയത്തിൽ പേപ്പറുടെ എണ്ണം വർധിപ്പിച്ചതിനെതിരായ പ്രതിഷേധം മൂല്യനിർണയ ക്യാമ്പുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഫെഡറേഷൻ ഓഫ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എഫ്.എച്ച്.എസ്.ടി.എ) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 12ന് എറണാകുളത്ത് സമര പ്രഖ്യാപന കൺവെൻഷനും 20ന് ജില്ല കേന്ദ്രങ്ങളിൽ ധർണയും പ്രതിഷേധ സദസ്സുകളും സംഘടിപ്പിക്കും. ഒരു സെഷനിൽ മൂല്യനിർണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം 13ൽനിന്ന് 17 ആയാണ് വർധിപ്പിച്ചത്.
കഴിഞ്ഞ വർഷംവരെ 60, 80 മാർക്ക് വീതമുള്ള പരീക്ഷ പേപ്പറുകൾ ഒരു ദിവസം (രണ്ട് സെഷൻ) 26 എണ്ണമായിരുന്നു മൂല്യനിർണയം നടത്തിയിരുന്നത്. മാർക്ക് കുറവായ ബയോളജിക്ക് 40 പേപ്പറും. ഇതാണ് 34ഉം 50ഉം ആക്കി ഉയർത്തിയത്. പരിഷ്കരിച്ച പരീക്ഷ മാന്വൽ പ്രകാരം ഓരോ അസിസ്റ്റന്‍റ് എക്സാമിനറും 34 വീതം ഉത്തരക്കടലാസുകളും മൂല്യനിർണയം നടത്തണം. ചീഫ് എക്സാമിനർ തനിക്ക് കീഴിലുള്ള അഞ്ച് അസി. എക്സാമിനർമാരുടെ 170 ഉത്തരക്കടലാസുകൾ സൂക്ഷ്മപരിശോധന നടത്തണം. ഇത് പ്രയാസകരമായതിനാൽ പിഴവുകൾക്കിടയുണ്ട്.
പേപ്പറുകളുടെ എണ്ണം വർധിപ്പിച്ച നടപടി പിൻവലിച്ചില്ലെങ്കിൽ മൂല്യനിർണയ ക്യാമ്പുകളിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ ആർ. അരുൺകുമാർ, കെ.ടി. അബ്ദുൽ ലത്തീഫ്, ഡോ. ജോഷി ആന്‍റണി, അനിൽ എം. ജോർജ്, ഒ. ഷൗക്കത്തലി, എസ്. മനോജ്, പി. അബ്ദുൽ ജലീൽ, എം. സന്തോഷ് കുമാർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

