‘ഘർവാപസി’ കേന്ദ്രത്തിലെ പീഡനം: വിശദ റിപ്പോർട്ട് നൽകാൻ ഹൈകോടതി നിർദേശം
text_fieldsകൊച്ചി: ഇതരമതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരിൽ വനിത ആയുർവേദ ഡോക്ടർക്ക് കൊടുംപീഡനം നേരിടേണ്ടിവന്ന യോഗ കേന്ദ്രത്തെ കുറിച്ച് വിശദ റിപ്പോർട്ട് നൽകാൻ ഹൈകോടതി നിർദേശം. ഒക്ടോബർ പത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് കോടതി ഉത്തരവിട്ടത്. യോഗ കേന്ദ്രത്തിനെതിരായ പരാതി ഞെട്ടിപ്പിക്കുന്നതാണെന്നും ഹൈകോടതി വ്യക്തമാക്കി.
അതേസമയം, കേസിലെ എതിർകക്ഷികൾക്കെല്ലാം നോട്ടീസ് അയക്കാനും ഹൈകോടതി നിർദേശം നൽകി. ശിവശക്തി യോഗ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റ്, ഡി.ജി.പി, കൊച്ചി സിറ്റി പൊലീസ് കമീഷണർ, തൃപ്പൂണിത്തുറ ഹിൽപാലസ് സി.ഐ, ഉദയംപേരൂർ എസ്.ഐ, ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്നിവർക്കാണ് നോട്ടീസ് നൽകുന്നത്.
പരാതിക്കാരായ യുവതിയും ഭർത്താവും ഹൈകോടതിക്ക് മുമ്പാകെ നേരിട്ടു ഹാജരായി മൊഴി നൽകി. ഡിവിഷൻ ബെഞ്ചിലെ ജഡ്ജിമാർ യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. കേസ് ഒക്ടോബർ പത്തിന് വീണ്ടും പരിഗണിക്കും.
ഉദയംപേരൂർ കണ്ടനാെട്ട യോഗ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ (ഘർവാപ്പസി കേന്ദ്രം) നടത്തിപ്പുകാരൻ മനോജ് ഗുരുജിയുടെ പ്രധാന സഹായിയും സ്ഥാപനത്തിലെ പ്രധാനികളിൽ ഒരാളുമായ ശ്രീജേഷിനെ തിങ്കളാഴ്ച രാത്രി അന്വേഷണസംഘം പിടികൂടിയിരുന്നു. സംഭവം ‘മീഡിയവൺ’ ചാനൽ പുറത്തു വിട്ടതോടെ മനോജ് ഗുരുജി ഒളിവിലാണ്. മനോജിനായി അദ്ദേഹത്തിന്‍റെ ആലപ്പുഴ പെരുംമ്പളം കവലയിലെ വീട്ടിൽ പൊലീസ് സംഘം പരിശോധന നടത്തി. കൂടാതെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണവും സംഘം നടത്തുന്നുണ്ട്.
ഇതിനിടെ, കേന്ദ്രം അടച്ചുപൂട്ടാൻ ഉദയംപേരൂർ പഞ്ചായത്ത് നോട്ടീസ് പുറപ്പെടുവിച്ചു. എന്നാൽ, 28 സ്ത്രീകളും 16 പുരുഷന്മാരും ആണ് കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. 11 താഴെ ആളുകളാണ് നിലവിൽ യോഗ കേന്ദ്രത്തിൽ അവശേഷിക്കുന്നത്. ഇവരിൽ അഞ്ചു പേർ കർണാടക സ്വദേശികളാണ്. അന്തേവാസികൾ ഒഴിഞ്ഞു പോയ ശേഷം കേന്ദ്രം അടച്ചുപൂട്ടും.
ക്രിസ്ത്യൻ യുവാവിനെ വിവാഹം ചെയ്തതിന് വീട്ടുകാർ യോഗ കേന്ദ്രത്തിലെത്തിച്ച വനിത ഡോക്ടറെ 22 ദിവസം ഇവിടെ തടങ്കലിൽ പാർപ്പിച്ച് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, മർദനം തുടങ്ങിയ വകുപ്പുകളെല്ലാം ചേർത്താണ് പൊലീസ് കേെസടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
