ഗെയിൽ: വിവിധ വകുപ്പുകളുടെ പൊതുഅനുമതി ശരിവെച്ച് ഹൈകോടതി
text_fieldsകൊച്ചി: ഗെയിൽ പൈപ്പ് ലൈനിനുവേണ്ടി വിവിധ വകുപ്പുകൾ ഒന്നിച്ച് പൊതു അനുമതി നൽകിയ സർക്കാർ ഉത്തരവ് ശരിവെച്ച് ഹൈകോടതി. വിവിധ വകുപ്പുകൾ നൽകേണ്ട അനുമതി ഏകജാലക ക്ലിയറിങ് വിൻഡോ മുഖേന ഒരുമിച്ച് നൽകിയതടക്കം ചോദ്യം ചെയ്യുന്ന ഒരുകൂട്ടം അപ്പീൽ ഹരജികൾ തള്ളിയാണ് ഉത്തരവ്. ഇതേ ആവശ്യമുന്നയിച്ച് നൽകിയ ഹരജികൾ തള്ളിയ സിംഗിൾബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീൽ ഹരജി നൽകിയത്.
ഏകജാലക ക്ലിയറിങ് ബോർഡ് നടപടി ക്രമങ്ങൾ പാലിച്ചാണ് അനുമതി നൽകിയതെന്നും മുൻകൂർ നോട്ടീസ് നൽകി നിയമാനുസൃതമായാണ് ഗെയിൽ പൈപ്പ് സ്ഥാപിക്കാൻ നടപടി സ്വീകരിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. നെൽപാടങ്ങളിൽ പൈപ്പ് ലൈൻ സ്ഥാപിച്ചശേഷം മണ്ണിട്ട് നികത്താൻ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഗെയിൽ അധികൃതർ കലക്ടറുടെ അനുമതി തേടിയതിലും തെറ്റില്ല.
