കുതിരാനിലെ തുരങ്കപാത എന്ന് പൂർത്തിയാകുമെന്ന് ഹൈകോടതി
text_fieldsകൊച്ചി: തൃശൂർ-പാലക്കാട് റൂട്ടിൽ കുതിരാനിലെ ഇരട്ട തുരങ്കങ്ങളിൽ ഒന്നിെൻറ നിർമാണം എന്ന് പൂർത്തിയാകുമെന്ന് അറിയിക്കണമെന്ന് ഹൈകോടതി. ഏതുതരം വിദഗ്ധ പരിശോധനയാണ് അവിടെ നടത്തുന്നതെന്ന് വ്യക്തമാക്കണമെന്നും ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി. പൊതുജനങ്ങൾക്ക് തുരങ്കം തുറന്നു കൊടുക്കുകയെന്നതാണ് പ്രധാനമെന്നും എന്നു തുറക്കുമെന്ന് കമ്പനിക്ക് പറയാൻ കഴിയുന്നില്ലെന്നും വിലയിരുത്തിയ കോടതി തുടർന്നാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കാൻ നിർദേശം നൽകിയത്. ടണൽ നിർമാണം വൈകുന്നതിനെതിരെ ചീഫ് വിപ്പ് കെ. രാജനും ഷാജി.
ജെ കോടങ്കണ്ടത്തും നൽകിയ ഹരജികളിലാണ് സിംഗിൾ ബെഞ്ചിെൻറ നിർദേശം. 11 വർഷം മുമ്പ് കരാർ നൽകിയ തുരങ്കത്തിെൻറ നിർമാണം ഇതുവരെ പൂർത്തിയായില്ലെന്നാണ് ഹരജിക്കാരുടെ വാദം. ഹരജികൾ മധ്യവേനലവധിക്കുശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി.
തുരങ്കങ്ങളിൽ ഒന്ന് മാർച്ച് 31നകം തുറക്കുമെന്ന് നിർമാണ കരാറെടുത്ത തൃശൂർ എക്സ്പ്രസ് വേ കമ്പനി ഹൈകോടതിയിൽ നേരേത്ത ഉറപ്പുനൽകിയിരുന്നു. എന്നാൽ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരടക്കമുള്ളവരുടെ നേതൃത്വത്തിൽ സുരക്ഷാ പരിശോധന നടക്കുകയാണെന്നും ഇത് പൂർത്തിയാക്കുന്ന മുറക്ക് തുറന്നു കൊടുക്കുമെന്നും കമ്പനിയുടെ അഭിഭാഷകൻ അറിയിച്ചു. നിർമാണം ഇനിയുമേറെ ബാക്കിയാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കാൻ അഭിഭാഷക കമീഷനെ നിയോഗിക്കണമെന്ന ഹരജിക്കാരുടെ ആവശ്യം കമ്പനി എതിർത്തു.
ഒരു തുരങ്കത്തിെൻറ നിർമാണം പൂർത്തിയായെന്നും പരിശോധനയിൽ അപാകതകൾ കണ്ടെത്തിയാൽ പരിഹരിക്കുന്ന നടപടികളാണ് ബാക്കിയുള്ളതെന്നും കമ്പനിയുടെ അഭിഭാഷകൻ ബോധിപ്പിച്ചു.