Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദ്യ മഴയിൽ തകരുന്ന...

ആദ്യ മഴയിൽ തകരുന്ന റോഡുകൾ പശ ഒട്ടിച്ച്​ ഉണ്ടാക്കിയതോ -വിമർശിച്ച്​ ഹൈകോടതി

text_fields
bookmark_border
highcourt
cancel

കൊച്ചി: ആദ്യ മഴയിൽ തന്നെ തകരുന്ന റോഡുകൾ പശ വെച്ച്​ ഒട്ടിച്ച്​ ഉണ്ടാക്കിയതാണോയെന്ന്​ ഹൈകോടതി. റോഡുകൾ തകരുന്നത്​ കോടതി ഉത്തരവുകൾ പാലിക്കുന്നില്ലെന്നതിന്​ തെളിവാണ്​. കോടതി നിർദേശങ്ങൾ വെറും വാക്കായി കാണാനുള്ളതല്ല​, കർശനമായി നടപ്പാക്കാനുള്ളതാണ്. ഈ സ്ഥിതി പരിതാപകരമാണ്​. ഇത്തരം നിരുത്തരവാദപരമായ സമീപനങ്ങൾ അനുവദിക്കാനാകില്ല. എൻജിനീയർമാരും കരാറുകാരുമാണ്​ ഇക്കാര്യത്തിൽ ഉത്തരവാദികളെന്നും മറുപടി പറയാൻ ബാധ്യസ്ഥരാണെന്നും ജസ്റ്റിസ്​ ദേവൻ രാമച​ന്ദ്രൻ വ്യക്തമാക്കി.

മഴ ശക്തമായതോടെ ​കൊച്ചി നഗരത്തിലെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ്​ ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലായത്​ ചൂണ്ടിക്കാട്ടിയാണ്​ ജസ്റ്റിസ്​ ദേവൻ രാമചന്ദ്രന്‍റെ വിമർശനം. ഒരോ റോഡുകളു​​ടെയും ഉത്തരവാദിത്തമുള്ള എൻജിനീയർമാർ, ബന്ധപ്പെട്ട കരാറുകാർ എന്നിവർ ആ​രെന്ന്​​ വിശദമാക്കി റിപ്പോർട്ട്​ സമർപ്പിക്കാൻ കൊച്ചി കോർപറേഷനോടും പൊതുമരാമത്ത് വകുപ്പിനോടും കോടതി നിർദേശിച്ചു. ഇവർക്കെതിരെ സ്വീകരിച്ച നടപടികളും അറിയിക്കണം.

എറണാകുളം സൗത്ത് മേൽപാലം റോഡിന്റെ അവസ്ഥ പരാമർശിക്കവെയാണ്​ കോടതിയിൽനിന്ന്​ ഈ വിമർശനമുണ്ടായത്​. നഗര റോഡുകളുടെ അവസ്ഥ പരിതാപകരമാണെന്ന് കോടതി നിയോഗിച്ച അമിക്കസ്​ക്യൂറിമാർ കോടതിയെ അറിയിക്കുകയും ചെയ്തു.

റോഡുകളുടെ കാര്യത്തിൽ പ്രാഥമിക ഉത്തരവാദിത്തം എൻജിനീയർമാർക്കാണെന്ന് മുമ്പേ പറഞ്ഞിട്ടുള്ളതാണെന്ന്​ കോടതി ചൂണ്ടിക്കാട്ടി. അവർക്ക്​ കഴിയുന്നില്ലെങ്കിൽ ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കണം. വീഴ്ച വരുത്തുന്ന എൻജിനീയർമാർക്കും കരാറുകാർക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ കോടതി മടിക്കില്ല. നഗരത്തിലെ നടപ്പാതകളുടെ പരിതാപകരമായ അവസ്ഥ പരിഹരിക്കാൻ നടപടി വേണമെന്ന്​ ആവശ്യപ്പെട്ടിട്ടും മാറ്റമുണ്ടായിട്ടില്ല. ഒട്ടേറെ ജീവൻ ഇതുമൂലം പൊലിഞ്ഞിട്ടുണ്ട്​. സുരക്ഷിതമായി നടപ്പാതകൾ സംരക്ഷിക്കാൻ പൊലീസും മറ്റ് അധികൃതരും നടപടി സ്വീകരിക്കാത്തതെന്തെന്ന്​ ആരാഞ്ഞ കോടതി ഇക്കാര്യത്തിൽ സ്വീകരിക്കാവുന്ന നടപടികൾ വ്യക്തമാക്കി സത്യവാങ്​മൂലം സമർപ്പിക്കാനും നിർദേശിച്ചു.

തൂങ്ങിയാടുന്ന കേബിളുകളും നഗരത്തിലെ മറ്റൊരു ദുരന്ത കാരണമാണ്​. ഈയിടെ ഒരാൾ മരിക്കുകയും ചെയ്തു. ഇത്തരം കേബിളുകൾ നീക്കാത്തതിന്​ ഉത്തരവാദി ​കൊച്ചി കോർപറേഷൻ സെക്രട്ടറിയായിരിക്കുമെന്നും സെക്രട്ടറി ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു. തുടർന്ന്​ ഹരജി ജൂലൈ 18ന് പരിഗണിക്കാൻ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtpoor road condition
News Summary - Highcourt on kerala Road condition
Next Story