കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അസൗകര്യങ്ങൾ മനംമടുപ്പിക്കുന്നത്; ഹൈകോടതി
text_fieldsകൊച്ചി: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അസൗകര്യങ്ങൾ മനംമടുപ്പിക്കുന്നതായി ഹൈകോടതി. മനുഷ്യവാസത്തിന് ഒരു തരത്തിലും യോഗ്യമല്ലാത്ത ഐസൊലേഷൻ വാർഡുകളും അടച്ചിട്ട സെല്ലുകളുമാണ് അവിടെയുള്ളത്. ആശുപത്രി എന്നതിനേക്കാൾ കൂടുകൾക്ക് സമാനമായ ഇടങ്ങളാണിത്. മതിയായ ജീവനക്കാരുടെ അഭാവം മൂലം രോഗികളെ ഇത്തരം സെല്ലുകളിൽ പൂട്ടിയിടുകയല്ലാതെ മറ്റ് മാർഗങ്ങളില്ല. അതിന് ഡോക്ടർമാർ നിർബന്ധിതരാവുകയാണ്. സെല്ലുകളിൽനിന്ന് ഉയരുന്ന രോദനങ്ങൾ ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നതായും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ നിരീക്ഷിച്ചു.
കഴിഞ്ഞ ദിവസം ജഡ്ജിമാർ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ചിരുന്നു. തിരുവനന്തപുരത്തും തൃശൂരും കണ്ടതിന് സമാന സാഹചര്യങ്ങളാണ് കോഴിക്കോടും ഉണ്ടായിരുന്നതെന്ന് കോടതി പറഞ്ഞു. വർഷങ്ങൾ പഴക്കമുള്ളവയാണ് കെട്ടിടങ്ങൾ. സുരക്ഷ ജീവനക്കാർ, പാചകക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ കടുത്ത ക്ഷാമം മാനസികാരോഗ്യ കേന്ദ്രങ്ങൾ നേരിടുന്ന പ്രധാന പ്രശ്നമാണ്. പലയിടത്തും ചുറ്റുമതിൽ പോലുമില്ലാത്തത് രോഗികളുടെ സുരക്ഷയെ ബാധിക്കുന്നു.
ഇഴജന്തുക്കൾ നിറഞ്ഞ ഇടങ്ങളിൽ രാത്രി വെളിച്ചവുമില്ല. അടുക്കളയിൽനിന്ന് വാർഡുകളിലേക്ക് ഭക്ഷണം എത്തിക്കാൻ വാഹനങ്ങളില്ല. രോഗികൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാർ എൻറോൾമെന്റ് വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. മാനസികരോഗികൾ രണ്ടാംകിട പൗരന്മാരല്ല. അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുള്ള അവരുടെ ക്ഷേമത്തിനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഫണ്ടില്ലെന്ന കാരണം പറഞ്ഞ് സർക്കാറിന് ഒഴിയാനാകില്ല. പ്രശ്ന പരിഹാരത്തിന് സ്വീകരിച്ച നടപടികളും പരിഹാരത്തിന് വേണ്ടി വരുന്ന സമയവും വ്യക്തമാക്കി ആരോഗ്യ -സാമൂഹ്യനീതി സെക്രട്ടറിമാർ റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ച കോടതി ഹരജി വീണ്ടും സെപ്റ്റംബർ എട്ടിന് പരിഗണിക്കാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

