ഹയർ സെക്കൻഡറി ലയനം ഉത്തരവിറങ്ങി, മൂന്ന് ഡയറക്ടറേറ്റുകൾ ഒന്നായി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ മൂന്ന് ഡയറക്ടറേറ്റുകൾ ലയിപ്പിച്ച ഉത്തരവ് പുറത്തിറങ്ങി. ഇതോടെ ഖാദർ കമ്മിറ്റി ശിപാർശ പ്രകാരമുള്ള ഹയർ സെക്കൻഡറി, ഹൈസ്കൂൾ ലയനത്തിെൻറ ആദ്യഘട്ടം നിലവിൽ വന്നു. മൂന്ന് ഡയറക്ടേററ്റുകളും ലയിപ്പിച്ച് ഡയറക്ടറേറ്റ് ഒാഫ് ജനറൽ എജുക്കേഷൻ (ഡി.ജി.ഇ) എന്ന പേരിലായിരിക്കും പുതിയ ഏക ഡയറക്ടറേറ്റ് പ്രവർത്തിക്കുക. ഒന്ന് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാഭ്യാസം പൂർണമായും ഡി.ജി.ഇക്ക് കീഴിലേക്ക് മാറ്റി.
ഡയറക്ടർ ഒാഫ് ജനറൽ എജുക്കേഷൻ എന്നായിരിക്കും പുതിയ തസ്തിക അറിയപ്പെടുക. ഈ തസ്തികയിൽ കെ. ജീവൻ ബാബുവിനെ നിയമിച്ചു. ലയനത്തോടെ ഇല്ലാതാകുന്ന ഡി.പി.െഎ പദവിയിലായിരുന്നു ഇദ്ദേഹം.
സർക്കാർ സർവിസിലെ ജോയൻറ് സെക്രട്ടറി റാങ്കിന് തുല്യമായാണ് പുതിയ തസ്തിക സൃഷ്ടിച്ചത്. ലയിപ്പിച്ച മൂന്ന് ഡയറക്ടറേറ്റുകളായ പൊതുവിദ്യാഭ്യാസ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ എന്നിവക്ക് കീഴിലുണ്ടായിരുന്ന മൂന്ന് പരീക്ഷാ വിഭാഗങ്ങളും ഒന്നാക്കി. കമീഷണർ ഫോർ ഗവൺമെൻറ് എക്സാമിനേഷൻ ആയിരിക്കും പുതിയ പരീക്ഷാ വിഭാഗത്തിെൻറ തലപ്പത്ത്.
ഡയറക്ടർ ഒാഫ് ജനറൽ എജുക്കേഷനെത്തന്നെ പരീക്ഷാ കമീഷണറായും നിയമിച്ചു.
ഉത്തരവായ മറ്റുകാര്യങ്ങൾ
- സ്കൂളുകളിൽ നിലവിലെ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഘടന തുടരും. ഇവ പൂർണമായും ഡി.ജി.ഇക്ക് കീഴിലായിരിക്കും.
- മൂന്ന് ഡയറക്ടറേറ്റുകൾക്ക് കീഴിൽ പ്രവർത്തിച്ച എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി.ഇ, ആർ.ഡി.ഡി, എ.ഡി എന്നീ ഒാഫിസ് സംവിധാനങ്ങൾ നിലവിെല പോലെ തുടരും. ഇവ ഡി.ജി.ഇക്ക് കീഴിലാവും.
- സംയോജിത സംവിധാനത്തിലേക്ക് മാറുന്ന സ്കൂളിെൻറ മേധാവി പ്രിൻസിപ്പൽ ആകും. സ്കൂളുകളുടെ പൊതുചുമതലയും ഹയർ സെക്കൻഡറിയുടെ അക്കാദമിക ചുമതലയും പ്രിൻസിപ്പലിന്. ഇത്തരം സ്കൂളുകളിൽ നിലവിെല ഹൈസ്കൂൾ ഹെഡ്മാസ്റ്റർ തസ്തിക വൈസ് പ്രിൻസിപ്പൽ എന്ന് പുനർനാമകരണം ചെയ്തു.
- പ്രിൻസിപ്പലിെൻറ ബോധനസമയം കുറച്ച് ഹൈസ്കൂൾ ഹെഡ്മാസ്റ്ററുടെതിന് സമാനമാക്കുന്നത് സംബന്ധിച്ച് ശിപാർശ സമർപ്പിക്കാൻ ഡി.ജി.ഇയെ ചുമതലപ്പെടുത്തി.
- ഹയർ സെക്കൻഡറി ഇല്ലാത്ത സ്കൂളുകളിൽ ഹെഡ്മാസ്റ്റർ സ്ഥാപന മേധാവിയായി തുടരും.
- ഹൈസ്കൂൾ ഒാഫിസ് സംവിധാനം ഹയർ സെക്കൻഡറിക്ക് കൂടി ബാധകമായ പൊതു ഒാഫിസ് ആകും. അനധ്യാപക സംവിധാനം ഹയർ സെക്കൻഡറിയിലെ കുട്ടികളുടെ എണ്ണം കൂടി അടിസ്ഥാനപ്പെടുത്തി നിർണയിക്കും.
- ശമ്പള വിതരണത്തിന് ഏകീകൃത സംവിധാനം കൊണ്ടുവരുന്നതുവരെ നിലവിെല രീതി തുടരും.
- പ്രിൻസിപ്പലിെൻറയും വൈസ് പ്രിൻസിപ്പലിെൻറയും ഉത്തരവാദിത്തങ്ങളിൽ വ്യക്തമായ നിർദേശം സമർപ്പിക്കാൻ ഡി.ജി.ഇയെ ചുമതലപ്പെടുത്തി.
- പുതിയ ഭരണ നിർവഹണ സംവിധാനം ഫലപ്രദമായി നടപ്പാക്കുന്നതിനാവശ്യമായ ചട്ടങ്ങൾ തയാറാക്കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
