ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങൽ; ഇന്ന് ഹിയറിങ്; തീരുമാനം ഉടൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ലഭ്യത ഉറപ്പുവരുത്താൻ യൂനിറ്റിന് 10 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ അനുവദിക്കണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യത്തിൽ റെഗുലേറ്ററി കമീഷൻ ബുധനാഴ്ച ഹിയറിങ് നടത്തും. ഏപ്രിൽ പകുതി മുതൽ മേയ് പകുതി വരെയുള്ള കാലയളവിൽ 250 മെഗാവാട്ട് വൈദ്യുതി അധികമായി വാങ്ങാനാണ് ഇപ്പോൾ അനുമതി തേടിയത്.
സംസ്ഥാനത്തെ ഉൽപാദനവും പുറത്തുനിന്നുള്ള കരാറുകൾ വഴിയുള്ള വൈദ്യുതിയും തികയാതെ വരുമ്പോൾ, അടിയന്തര ആവശ്യങ്ങൾക്കായി പവർ എക്സ്ചേഞ്ചിൽ നിന്നാണ് വൈദ്യുതി വാങ്ങുന്നത്. മുൻവർഷങ്ങളിൽ വേനൽ കടുത്ത സമയത്ത് പവർ എക്സ്ചേഞ്ചിൽനിന്ന് യൂനിറ്റിന് 10 രൂപ വരെ നൽകി കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങിയിരുന്നു. ഇത് വലിയ സാമ്പത്തിക ബാധ്യതക്ക് കാരണമായതിനെ തുടർന്ന് റെഗുലേറ്ററി കമീഷൻ കർശന നിയന്ത്രണം ഏർപ്പെടുത്തി.
ശരാശരി 7.35 രൂപ വരെയുള്ള വൈദ്യുതി വാങ്ങാൻ മാത്രമാണ് നിലവിൽ അനുമതിയുള്ളത്. പുതിയ സാഹചര്യത്തിൽ കമീഷൻ അനുവദിക്കുമോ എന്ന് കണ്ടറിയണം. ആവശ്യപ്പെടുന്നതിന്റെ പിറ്റേദിവസം വൈദ്യുതി കിട്ടുന്ന ‘ഡേ എഹെഡ്’ മാർക്കറ്റിൽ നിന്നാണ് സാധാരണ കെ.എസ്.ഇ.ബി വാങ്ങുന്നത്.
എന്നാൽ, ഇപ്പോൾ അവിടെയും ക്ഷാമമുണ്ട്. അതിനാൽ ആവശ്യപ്പെടുന്നതിന്റെ തൊട്ടടുത്ത ദിവസം മുതൽ 30 ദിവസം വരെ വൈദ്യുതി വാങ്ങാൻ സാധിക്കുന്ന ‘ടേം എഹെഡ്’ മാർക്കറ്റിൽനിന്ന് വാങ്ങാൻ അനുവദിക്കണമെന്നാണ് ഇത്തവണ കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. വർധിച്ച ചൂടുകാരണം മേയ് 15 വരെ ഉപഭോഗത്തിലെ വർധന തുടരുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

