കുഫോസിൽ അധ്യാപക നിയമനം: ഉയർന്ന യോഗ്യത ഡിവിഷൻ ബെഞ്ചും ശരിവെച്ചു
text_fieldsകൊച്ചി: കേരള മത്സ്യ സമുദ്ര പഠന സർവകലാശാലയിലെ (കുഫോസ്) അധ്യാപക നിയമനത്തിന് ഉയർന്ന യോഗ്യത ഏർപ്പെടുത്തിയ സർക്കാർ നടപടി ഹൈകോടതി ഡിവിഷൻ ബെഞ്ചും ശരിവെച്ചു. സർവകലാശാലയിലെ അസി. പ്രഫസർ നിയമനത്തിന് അപേക്ഷിക്കാൻ ഉയർന്ന യോഗ്യത ഏർപ്പെടുത്തി സർവകലാശാല നിയമത്തിൽ 2021ൽ വരുത്തിയ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥിയായ ഡോ. ഉഷ വി. പരമേശ്വരൻ അടക്കം പത്തുപേർ നൽകിയ അപ്പീൽ ഹരജി തള്ളിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര നിയമങ്ങൾക്ക് വിരുദ്ധമല്ലാത്ത നിയമങ്ങൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാറിന് അധികാരമുണ്ടെന്ന സിംഗിൾ ബെഞ്ചിന്‍റെ നിരീക്ഷണമടക്കം ആവർത്തിച്ചാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്.
യു.ജി.സി ചട്ടമനുസരിച്ചുള്ള യോഗ്യതക്ക് ഉപരിയായി ഉയർന്ന യോഗ്യത നിശ്ചയിച്ച് സർവകലാശാല നിയമത്തിൽ ഭേദഗതി വരുത്താൻ സംസ്ഥാന സർക്കാറിന് അധികാരമില്ലെന്നും അത് അസാധുവാക്കണമെന്നും 2018ലെ യു.ജി.സി ചട്ടമനുസരിച്ചാണ് നിയമനം നടത്തേണ്ടതെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
ഈ യോഗ്യത പ്രകാരം കുഫോസിൽനിന്ന് പഠനം പൂർത്തിയാക്കിയവർക്ക് മാത്രമേ അപേക്ഷിക്കാനാവൂ എന്നത് വിവേചനമാണെന്നും ഹരജിക്കാർ വാദിച്ചു. എന്നാൽ, ഈ വാദങ്ങൾ തള്ളിയാണ് സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായത്. ഇതിനെതിരെയായിരുന്നു അപ്പീൽ.
യു.ജി.സി ചട്ടമനുസരിച്ചുള്ള മിനിമം യോഗ്യത ഒരുതരത്തിലും ദുർബലപ്പെടുത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

