ഉയർന്ന പോളിങ് ശതമാനം 1960ൽ; കൂടുതൽ വോട്ട് 2021ൽ
text_fieldsതിരുവനന്തപുരം: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയത് 1960ലെ രണ്ടാം നിയമസഭ തെരഞ്ഞെടുപ്പിലായിരുന്നു. 85.72 ശതമാനം പേരാണ് അന്ന് വോട്ട് രേഖപ്പെടുത്തിയത്. പിന്നീട് 1987ൽ മാത്രമാണ് പോളിങ് 80 ശതമാനം കവിഞ്ഞത്. ’87ൽ 80.54 ശതമാനമായിരുന്നു പോളിങ്.
സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത് 2021ലാണ്. അന്ന് ആകെയുള്ള 2,75,03,768 വോട്ടർമാരിൽ 2,09,03,230 പേർ (76 ശതമാനം) വോട്ട് രേഖപ്പെടുത്തി. 1957ലെ ഒന്നാം നിയമസഭ തെരഞ്ഞെടുപ്പിലാണ് ഏറ്റവും കുറഞ്ഞ പോളിങ്ങുണ്ടായത്. അന്ന് 8913247 വോട്ടർമാരിൽ 5837577 പേർ (65.49 ശതമാനം) സമ്മതിദാനാവകാശം വിനിയോഗിച്ചു. പിന്നീട് ഒരിക്കൽ പോലും കേരളത്തിലെ പോളിങ് 70 ശതമാനത്തിന് താഴെയായിട്ടില്ല.
ഇത്തവണ എസ്.ഐ.ആറിന് ശേഷം പുതിയ വോട്ടർമാരെ കൂട്ടിച്ചേർത്തുള്ള അന്തിമപട്ടിക വന്നപ്പോൾ 2,71,42,952 വോട്ടർമാരാണ് ആകെയുള്ളത്. ഇതിൽ 2,06,28,643 പേർ വോട്ട് രേഖപ്പെടുത്തിയാൽ 2021ലെ പോളിങ് ശതമാനത്തിനൊപ്പം (76 ശതമാനം) ഇത്തവണ എത്തും. എസ്.ഐ.ആറിന് തൊട്ടുമുമ്പ് 2.78 കോടി വോട്ടർമാരാണ് സംസ്ഥാനത്താകെ പട്ടികയിലുണ്ടായിരുന്നത്. ഇതിൽ 24.08 ലക്ഷം പേരെ ഒഴിവാക്കി കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 2.54 കോടിയായി കുറഞ്ഞു. ഇതിൽ അനർഹരെന്നുകണ്ട് 53,229 പേരെ ഒഴിവാക്കിയപ്പോൾ മൊത്തം വോട്ടർമാർ 2.53 കോടിയായി കുറഞ്ഞു.
ഇതിനുശേഷം പുതിയ അപേക്ഷ സമർപ്പിച്ച് 15 ലക്ഷം പേർ കൂടി വോട്ടർപട്ടികയിൽ ഇടംപിടിച്ചതോടെ എസ്.ഐ.ആർ പ്രകാരമുള്ള അന്തിമ പട്ടികയിൽ 2,69,53,644 വോട്ടർമാരായി. ഇതിനുശേഷം അപേക്ഷ സമർപ്പിക്കാനുള്ള അവസരം ഉപയോഗിച്ച് 1,89,308 പേർ കൂടി വോട്ടവകാശം നേടിയതോടെ വോട്ടർമാർ 2,71,42,952 ആയി ഉയർന്നു. ഇതിന് പുറമെ 53,984 സർവിസ് വോട്ടർമാരുമുണ്ട്. ഇതുംകൂടി ചേരുന്നതോടെ ഇത്തവണ മൊത്തം വോട്ടർമാർ 2,71,96,936 ആണ്. പോളിങ് ശതമാനം ഉയർത്താൻ തെരഞ്ഞെടുപ്പ് കമീഷൻ വിവിധ ബോധവത്കരണ പരിപാടികൾ നടത്തിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

