കൽപിതാനുമതി ലഭിച്ച ക്രഷർ-ക്വാറി യൂനിറ്റുകളുടെ വിശദാംശങ്ങൾ തേടി ഹൈകോടതി
text_fieldsകൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ വീഴ്ച മൂലം കൽപിതാനുമതി (ഡീംഡ് ലൈസൻസ്) ലഭിച്ച ക്രഷർ-ക്വാറി യൂനിറ്റുകളുടെ വിശദാംശങ്ങൾ തേടി ഹൈകോടതി. ഇത്തരത്തിൽ എത്ര യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അനുമതി ലഭിച്ചത് ആർക്കൊക്കെയാണെന്നും അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് തദ്ദേശ സെക്രട്ടറിയോട് ഹൈകോടതി നിർദേശിച്ചു. ക്രഷർ, ക്വാറി യൂനിറ്റുകൾക്ക് ഡീംഡ് ലൈസൻസ് നൽകുന്നത് ഗുരുതര പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുമെന്ന ഹരജികളിലെ നോട്ടീസിന് ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാർ വിശദീകരണം നൽകാത്ത സംഭവങ്ങൾ ഏറെയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് ഉത്തരവ്.
കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ ക്വാറിക്ക് ലൈസൻസ് നൽകിയത് ചോദ്യം ചെയ്ത് എം.എ. ആബിദ് നൽകിയ ഹരജി പരിഗണിക്കെവയാണ് കോടതി നിരീക്ഷണം. ബന്ധപ്പെട്ട കേസുകളിൽ പലതവണ തദ്ദേശ സ്ഥാപനങ്ങളോട് വിശദീകരണം തേടിയിട്ടുണ്ട്. ഒേട്ടറെ തവണ വിശദീകരണം തേടിയിട്ടും മറുപടി നൽകാത്ത സ്ഥാപനങ്ങളുണ്ട്. ഇതുമൂലം ക്രഷർ, ക്വാറി ഉടമകളുടെ വാദങ്ങൾ അംഗീകരിച്ച് വിധി പറയേണ്ടിവരുന്നു. ക്രഷർ, ക്വാറി ഉടമകളുടെ ഡി ആൻഡ് ഒ ലൈസൻസ് അപേക്ഷകൾ തദ്ദേശ സ്ഥാപനങ്ങൾ സമയബന്ധിതമായി പരിഗണിച്ച് ഉത്തരവിട്ടില്ലെങ്കിൽ കൽപിതാനുമതി ലഭിച്ചതായി കണക്കാക്കാമെന്നാണ് വ്യവസ്ഥ. തദ്ദേശ സ്ഥാപനങ്ങൾ സമയബന്ധിതമായി നിലപാട് അറിയിക്കാത്തതിനാൽ ഈ വ്യവസ്ഥയുടെ ഗുണം ക്വാറി-ക്രഷർ ഉടമകൾക്ക് ലഭിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വ്യവസ്ഥകളും ചട്ടങ്ങളും പാലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കാമെന്ന മുന്നറിയിപ്പോടെയാണ് ക്രഷറുകൾക്കും ക്വാറികൾക്കും കോടതി അനുമതി നൽകാറുള്ളത്. എന്നാൽ, പരിസ്ഥിതി സംരക്ഷണത്തിന് ഇത്തരമൊരു മുന്നറിയിപ്പ് മാത്രംപോര, കർശന നടപടികൾ വേണമെന്ന് വിലയിരുത്തിയ സിംഗിൾ ബെഞ്ച് കേസിൽ തദ്ദേശ സെക്രട്ടറിയെ സ്വമേധയാ കക്ഷിചേർത്തു. തദ്ദേശ സ്ഥാപനങ്ങൾ ഹൈകോടതിയിലെ കേസുകളിൽ ഉചിത നടപടികൾ സ്വീകരിക്കണമെന്നും സമയബന്ധിതമായി മറുപടി നൽകണമെന്നും വ്യക്തമാക്കി.
2016 ഡിസംബർ 20ന് സർക്കാർ സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ, പല കേസിലും മറുപടി നൽകാനോ നോട്ടീസിനോട് പ്രതികരിക്കാനോ പഞ്ചായത്ത്-നഗരസഭ സെക്രട്ടറിമാർ തയാറാവുന്നില്ലെന്ന് ഉത്തരവിൽ പറയുന്നു. 2016 ഡിസംബറിലെ സർക്കുലറിെല നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദേശിച്ചും അല്ലാത്തപക്ഷം ശിക്ഷനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയും പുതിയ സർക്കുലർ പുറപ്പെടുവിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
