ദേവസ്വം ബോർഡ് രൂപവത്കരണം ഭരണഘടന വിരുദ്ധമാണെന്ന ഹരജി തള്ളി
text_fieldsകൊച്ചി: ദേവസ്വം ബോർഡ് അംഗങ്ങളുടെ നിയമനത്തിലെ സ്വകാര്യത ഒഴിവാക്കി സുതാര്യതയും പരസ്യസ്വഭാവവും ഉറപ്പാക്കണമെന്ന് ഹൈകോടതി. അംഗങ്ങളുടെ യോഗ്യത സംബന്ധിച്ച് വ്യക്തത വേണമെന്നും ഇതിന് സർക്കാർ വ്യവസ്ഥ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ദേവസ്വം ബോർഡുകളുടെ രൂപവത്കരണം ഭരണഘടന വിരുദ്ധമാണെന്നും ബദൽ സംവിധാനം വേണമെന്ന ഹരജി തള്ളിയാണ് ഇൗ നിർദേശങ്ങൾ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
ഭരണം രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും താൽപര്യത്തിനനുസരിച്ചാണെന്നും ഹിന്ദുമത വിശ്വാസപ്രകാരമല്ലെന്നുമാരോപിച്ച് ടി.ജി. മോഹൻദാസാണ് ഹരജി നൽകിയത്. എന്നാൽ, ദേവസ്വം ബോർഡ് അംഗങ്ങളുടെ നിയമന വ്യവസ്ഥകൾ ഭരണഘടന വിരുദ്ധമല്ലെന്ന് വ്യക്തമാക്കി കോടതി ഹരജി തള്ളി. അതേസമയം, തിരുവിതാംകൂർ, കൊച്ചിൻ ദേവസ്വം ബോർഡുകളിലേക്ക് അംഗങ്ങളെ ശിപാർശ ചെയ്യുന്നതിലും െതരഞ്ഞെടുക്കുന്നതിലും സുതാര്യതയില്ലെന്ന വാദം പരിഗണിക്കേണ്ടതാണെന്ന് ചൂണ്ടിക്കാട്ടി. മന്ത്രിസഭയിലെയും നിയമസഭയിലെയും ഹിന്ദു അംഗങ്ങളാണ് ബോർഡ് അംഗങ്ങളെ നാമനിർദേശം ചെയ്യുന്നത്. എങ്ങനെയാണ് അർഹതയുള്ള അംഗത്തെ കണ്ടെത്തുന്നതെന്നും മന്ത്രിമാരും എം.എൽ.എമാരും നോമിനികളെ കണ്ടെത്താനുള്ള മാനദണ്ഡം എന്താണെന്നും വ്യക്തമാക്കിയിട്ടില്ല. നിലവിൽ ഇതിനായി എന്തെങ്കിലും രീതികളോ നടപടിക്രമങ്ങളോ ഇല്ല. മന്ത്രിമാർക്കും എം.എൽ.എമാർക്കും ഇത്തരത്തിൽ വ്യക്തയില്ലാതെ ബോർഡ് അംഗങ്ങളെ നിയമനം നൽകാൻ അനുമതി നൽകുന്നത് സ്വജനപക്ഷപാതമുണ്ടെന്ന സംശയത്തിനിട വരുത്തും.
ജനങ്ങൾ വിശ്വാസമർപ്പിക്കുന്ന സ്ഥാപനങ്ങളിലെ ഭരണത്തിന് നിയോഗിക്കപ്പെടുന്നവരാണ് ബോർഡ് അംഗങ്ങൾ. അർഹരെ ഈ പദവിയിലേക്ക് ആകർഷിക്കാൻ വഴിതുറക്കേണ്ടതുണ്ട്. ജനാധിപത്യ സംവിധാനത്തിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും മാത്രം താൽപര്യത്തിന് വിടാവുന്ന ഒന്നല്ല ഇത്. ദേവസ്വം ബോർഡ് അംഗങ്ങളുടെ നാമനിർദേശത്തിലും തെരഞ്ഞെടുപ്പിലും സുതാര്യ ജനാധിപത്യ സംവിധാനം വേണമെന്ന് മുൻ ഉത്തരവുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ഭരണ, നിയമ നിർമാണ വിഭാഗങ്ങൾ ചെറുവിരൽ അനക്കാതിരുന്നത് കോടതിയെ അലോസരപ്പെടുത്തുന്നു.
ബോർഡ് അംഗങ്ങളെ കണ്ടെത്തുന്നത് സുതാര്യമാക്കാൻ ഇതുസംബന്ധിച്ച അറിയിപ്പ് പൊതുജനങ്ങൾക്ക് മുമ്പാകെ വെക്കണം. സർക്കാറിന് പ്രത്യേക യോഗ്യതയും വ്യവസ്ഥയും നിശ്ചയിച്ച് പൗരന്മാരിൽനിന്ന് ബോർഡ് അംഗങ്ങളകാൻ അപേക്ഷ ക്ഷണിക്കാം. അല്ലെങ്കിൽ മന്ത്രിമാർക്കും എം.എൽ.എമാർക്കും ശിപാർശ പൊതുജനങ്ങളുടെ വിലയിരുത്തലിനും തീരുമാനത്തിനുമായി സമർപ്പിക്കാം. ഇതിന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാം. സ്ഥാനാർഥികളെ വിലയിരുത്താനും മറ്റും സർക്കാർ സബ് കമ്മിറ്റി പോലെയുള്ള ഉചിതമായ സംവിധാനം ഉണ്ടാക്കേണ്ടി വരും. പൊതുജനങ്ങളിൽനിന്ന് സ്ഥാനാർഥികളെ അനുവദിക്കുകയോ കഴിവുള്ളവരെ നിർദേശിക്കാൻ അവസരം നൽകുകയോ ചെയ്യാൻ അനുവദിച്ച് ചട്ടത്തിൽ ഭേദഗതി വരുത്താം.
ദേവസ്വം ബോർഡ് അംഗങ്ങളുടെ നിയമനം സുതാര്യവും രഹസ്യസ്വഭാവമില്ലാത്തതുമാക്കാൻ ഉചിതമായ ചട്ടം, നടപടിക്രമം, സംവിധാനം എന്നിവ കൊണ്ടുവരേണ്ട സമയമായി. സുതാര്യവുമായ നടപടി കാലഘട്ടത്തിെൻറ ആവശ്യമാണ്. എന്നാൽ, ഇതിന് സർക്കാറിനെ നിർബന്ധിക്കാൻ കോടതിക്ക് കഴിയില്ല. അതിനാൽ സമയപരിധിയും നിശ്ചയിക്കാനാവില്ല. എത്രയും വേഗം നടപടിയുണ്ടാകണം. ജനാധിപത്യത്തിെൻറ മേന്മയിൽ വിശ്വസിക്കുന്ന സർക്കാർ നടപടിയെടുക്കുമെന്ന് വിശ്വസിക്കുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. കേസിൽ കക്ഷിചേർന്ന സുബ്രഹ്മണ്യ സ്വാമിയുെടയും സംഘടനകളുെടയും വാദങ്ങളും കോടതി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
