കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം; ശിക്ഷ ശരിവെച്ച് ഹൈകോടതി
text_fieldsകൊച്ചി: കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജീവപര്യന്തം ശിക്ഷ ഹൈകോടതി ശരിവെച്ചു. കാക്കനാട് മനക്കക്കടവ് സ്വദേശി സജിതക്ക് എറണാകുളം സെഷൻസ് കോടതി വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബി സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ശരിവെച്ചത്.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷ വിധിച്ച വിചാരണ കോടതി നടപടിയിൽ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കി പ്രതിയുടെ ഹരജി കോടതി തള്ളി. അതേസമയം, കൊലപാതകവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ലാത്തതിനാൽ രണ്ടാംപ്രതി പാമ്പാടി സ്വദേശി ടിസൺ കുരുവിളയെ വെറുതെവിട്ട നടപടി ചോദ്യം ചെയ്യുന്ന സർക്കാറിന്‍റെ അപ്പീൽ ഹരജിയും കോടതി തള്ളി.
2011 ഡിസംബർ 23ന് പുലർച്ച സജിതയുടെ ഭർത്താവ് കൊച്ചേരി പോൾ വർഗീസിനെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ട സംഭവത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴുത്തിൽ മുറുക്കിയും മുഖമടച്ച് ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. തുടർന്ന് കാക്കനാട് പൊലീസ് ഹരജിക്കാരിയെ ഒന്നും കാമുകനായ ടിസണിനെ രണ്ടും പ്രതികളാക്കി കേസെടുത്തു.
കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കിടപ്പുമുറിയുടെ സ്വകാര്യതയിൽ ഉണ്ടായിട്ടും വിശ്വസനീയമായ വിശദീകരണം നൽകാൻ ഹരജിക്കാരിക്ക് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. ഇത് ഹരജിക്കാരി കുറ്റക്കാരിയാണെന്ന് ബോധ്യപ്പെടുത്തുന്നതായി വ്യക്തമാക്കിയ കോടതി തുടർന്നാണ് ജീവപര്യന്തം ശിക്ഷ ശരിവെച്ചത്.
കേസിൽ രണ്ടാംപ്രതിക്ക് കുറ്റകൃത്യത്തിലുള്ള പങ്കാളിത്തം നേരിട്ട് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ സെഷൻസ് കോടതി ഉത്തരവിൽ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി തുടർന്നാണ് രണ്ടാം പ്രതിയെ വിട്ട നടപടി ശരിവെച്ചത്. പ്രോസിക്യൂഷനുവേണ്ടി സീനിയർ ഗവ. പ്ലീഡർ ടി.ആർ. രഞ്ജിത് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

