25 വർഷം മുമ്പ് കൂലിപ്പണിക്കാരന്‍റെ നാക്കിൽ സിഗരറ്റ് കുത്തി പൊള്ളിച്ചു; പ്രതികളായ പൊലീസുകാരുടെ തടവുശിക്ഷ ഹൈകോടതി ശരിവെച്ച്
text_fieldsകടപ്പാട് newindianexpress
കൊച്ചി: 25 വർഷം മുമ്പ് കൊല്ലം എഴുകോണിൽ നിരപരാധിയെ ക്രൂരമായ ലോക്കപ്പ് മർദനത്തിനിരയാക്കിയ കേസിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് കീഴ്കോടതി വിധിച്ച തടവുശിക്ഷ ഹൈകോടതി ശരിവെച്ചു. 1996ൽ എഴുകോൺ സ്വദേശി അയ്യപ്പനെ െപാലീസ് ലോക്കപ്പിൽ ക്രൂരമർദനത്തിന് ഇരയാക്കിയ ശേഷം കത്തിച്ച സിഗരറ്റ് നാക്കിൽ കുത്തി പൊള്ളലേൽപിച്ച കേസിലെ ഒന്നാം പ്രതിയും സംഭവം നടക്കുേമ്പാൾ എഴുകോൺ എസ്.ഐയുമായിരുന്ന ഡി. രാജഗോപാൽ, മൂന്നുമുതൽ അഞ്ചുവരെ പ്രതികളും കോൺസ്റ്റബിൾമാരുമായിരുന്ന മണിരാജ്, ബേബി, ഷറഫുദ്ദീൻ എന്നിവർക്ക് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ച ഒരുവർഷം വീതം തടവും 3500 രൂപ പിഴയും ശിക്ഷയാണ് ജസ്റ്റിസ് മേരി ജോസഫ് ശരിവെച്ചത്. രണ്ടാം പ്രതിയായിരുന്ന എ.എസ്.ഐ ടി.കെ. പൊടിയൻ വിചാരണ കാലയളവിൽ മരണപ്പെട്ടു.
1996 ഫെബ്രുവരി എട്ടിന് വൈകീട്ട് 5.45 നാണ് കൂലിപ്പണിക്കാരനായ എഴുകോൺ മുകളുവിള വീട്ടിൽ അയ്യപ്പനെ എഴുകോൺ െപാലീസ് കസ്റ്റഡിയിൽ എടുത്ത് ക്രൂരമായി മർദിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പിറ്റേ ദിവസം വൈകീട്ട് 4.20ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമ്പോൾ പരസഹായം കൂടാതെ എഴുന്നേറ്റു നിൽക്കാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്ന അയ്യപ്പൻ ലോക്കപ്പ് മർദനത്തെക്കുറിച്ച് മജിസ്ട്രേറ്റിനോട് പരാതിപ്പെട്ടു. ഇക്കാര്യം റിമാൻഡ് അപേക്ഷയിൽ രേഖപ്പെടുത്തിയ മജിസ്ട്രേറ്റ് അടിയന്തര വൈദ്യസഹായം നൽകാൻ നിർദേശിച്ച് അയ്യപ്പനെ ജാമ്യം നൽകി വിട്ടയച്ചു.
കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിച്ച െപാലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ 1996ൽതന്നെ അയ്യപ്പൻ സ്വകാര്യ അന്യായം ഫയൽ ചെയ്തു. 13 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ 2009 ഏപ്രിൽ മൂന്നിനാണ് പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. 10,000 രൂപ അയ്യപ്പന് നഷ്ടപരിഹാരം നൽകാനും ഉത്തരവുണ്ടായി. ഈ വിധിക്കെതിരെ കൊല്ലം സെഷൻസ് കോടതിയിൽ നൽകിയ അപ്പീലുകൾ 2012ൽ കൊല്ലം അതിവേഗ കോടതി തള്ളി. തുടർന്നാണ് പ്രതികൾ ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

