ഭാര്യാപിതാവിനെ കത്രിക കൊണ്ട് കുത്തിക്കൊന്നയാളുടെ ജീവപര്യന്തം ഹൈകോടതി ശരിവെച്ചു
text_fieldsകൊച്ചി: ഭാര്യാപിതാവിനെ കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി ശരിവെച്ചു. തിരുവനന്തപുരം സ്വദേശി രാകേഷിന്റെ (വിനോദ്) ശിക്ഷയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, സി. പ്രദീപ്കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ശരിവെച്ചത്.
2017ലാണ് കേസിനാസ്പദമായ സംഭവം. ഭാര്യാവീട്ടിൽ താമസിച്ചിരുന്ന പ്രതി ഉച്ചക്ക് വീട്ടിലെത്തി ഭാര്യയോട് ഭക്ഷണം ആവശ്യപ്പെട്ടു. കുഞ്ഞിനെ ഉറക്കിയശേഷം നൽകാമെന്ന് ഭാര്യ പറഞ്ഞു. ഇതിൽ ക്ഷുഭിതനായി ഭാര്യയെ ആക്രമിക്കാൻ തുടങ്ങി. പിടിച്ചുമാറ്റാൻ ഭാര്യാപിതാവ് ശ്രമിച്ചു. ഇതോടെ പ്രതി ഇരുമ്പ് പലകയെടുത്ത് ഭാര്യാപിതാവിനുനേരെ എറിഞ്ഞു. ഭാര്യയും മാതാവും കൂടി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രതി കിടപ്പുമുറിയിൽനിന്ന് കത്രിക എടുത്ത് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷിച്ചതിനെതിരെയാണ് അപ്പീലുമായി ഹൈകോടതിയെ സമീപിച്ചത്.

