പിണറായിക്ക് അനുകൂലമോ പ്രതികൂലമോ? മാസപ്പടി കേസ് ഹർജിയിൽ ഹൈകോടതിയുടെ നിർണായക വിധി ഇന്ന്
text_fieldsകൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടററേറ്റ് (ഇ.ഡി) സർക്കാറിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ നേരിട്ട് കേസെടുക്കണമോ എന്നത് സംബന്ധിച്ച ഹരജിയിൽ ഹൈകോടതി വെള്ളിയാഴ്ച വിധി പറയും.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് ഇ.ഡി കൈമാറിയ റിപ്പോർട്ടിലെ നിർദേശ പ്രകാരം പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി തടയൽ നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തത് ചോദ്യം ചെയ്ത്, വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഡ്വ. കെ.എം. ഷാജഹാൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ വിധി പറയുന്നത്.
പി.എം.എൽ.എയിലെ 66 (2) വകുപ്പ് പ്രകാരം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിർബന്ധമായും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന നിലപാടാണ് ഹരജിയിൽ ഇ.ഡി സ്വീകരിച്ചത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനുള്ള എല്ലാ വിവരങ്ങളും അടങ്ങിയ റിപ്പോർട്ടാണ് നൽകിയതെന്നും ഇ.ഡി ചൂണ്ടിക്കാട്ടി.
പ്രാഥമിക അന്വേഷണം നടത്തുന്നവർക്ക് ഏതെങ്കിലും സാക്ഷിയെ സമൻസ് അയച്ച് വിളിപ്പിക്കാനോ രേഖകൾ പരിശോധിക്കാനോ പോലും അധികാരമില്ലെന്നും 2019 മുതൽ അന്വേഷണം നടത്തി ശേഖരിച്ച രേഖകളും വിവരങ്ങളുമാണ് ഇ.ഡി സമർപ്പിച്ച റിപ്പോർട്ടിലുള്ളതെന്നിരിക്കെ നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കുകയാണ് വേണ്ടതെന്നാണ് ഹരജിക്കാരന്റെ വാദം.
എന്നാൽ, ഇ.ഡി അന്വേഷണ ഏജൻസിയല്ലെന്നും പ്രാഥമിക അന്വേഷണം ആകാമെന്നും സ്വകാര്യ വ്യക്തി നൽകിയ ഹരജി നിലനിൽക്കുന്നതല്ലെന്നുമാണ് സംസ്ഥാന സർക്കാറിന്റെ വാദം. റിപ്പോർട്ടിൽ മതിയായ വസ്തുതയില്ലാത്തതിനാലാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവിട്ടതെന്നും എ.ജി ചൂണ്ടിക്കാട്ടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

