രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കും
text_fieldsകൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഹൈകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജസ്റ്റിസ് കെ. ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
പരാതി രാഷ്ട്രീയപ്രേരിതമെന്നും അറസ്റ്റ് തടയണമെന്നുമാണ് രാഹുലിന്റെ ആവശ്യം. രാഹുലിന് വേണ്ടി അഡ്വക്കേറ്റ് എസ്. രാജീവ് ഹാജരാകും. അതേസമയം, പരാതിക്കാരിയുടെ മൊഴി പ്രകാരം ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈകോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹരജിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പറഞ്ഞു. ബന്ധപ്പെട്ട നിയമസംവിധാനത്തിലല്ല, മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്.
പരാതി നല്‍കുന്നതില്‍ കാലതാമസമുണ്ടായിട്ടുണ്ട്. രണ്ടുപേരുടെയും (രാഹുലിന്റെയും പരാതിക്കാരിയായ യുവതിയുടെയും) വൈവാഹികനില എന്താണെന്ന് വ്യക്തമായിരുന്നു. ഓഡിയോ ക്ലിപ് പുറത്തെത്തിയത് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കിയെന്നും താനാണ് അത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതെന്ന് പരാതിക്കാരി തെറ്റിധരിച്ചെന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
പരാതിക്കാരിയുമായുള്ള ആശയവിനിമയ രേഖകള്‍ കൈമാറാന്‍ തയാറാണ്. പോലീസ് പിന്നാലെയുള്ളതിനാലാണ് ഇത് കൈമാറാന്‍ കഴിയാത്തത്. ഇടക്കാല ജാമ്യം നല്‍കിയാല്‍ അന്വേഷണത്തോട് സഹകരിക്കാം. കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യം ഈ കേസില്‍ ഇല്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
അതേസമയം പത്താംദിനവും രാഹുലിനെ കണ്ടെത്താനാകാതെ കുഴങ്ങുകയാണ് അന്വേഷണസംഘം. തമിഴ്നാട്, കർണാടക അതിർത്തികളിൽ പോലീസ് പരിശോധന നടത്തുന്നുണ്ട്. രാഹുൽ മംഗലാപുരം കേന്ദ്രീകരിച്ച് ഒളിവിൽ കഴിയുന്നതായാണ് അന്വേഷണസംഘം കരുതുന്നത്.
വയനാട്ടിലെ മുത്തങ്ങ, ബാവലി, തോൽപ്പെട്ടി, താളൂർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിലും പരിശോധന നടന്നു. അന്വേഷണസംഘത്തെ കബളിപ്പിക്കാൻ മൊബൈൽ ഫോൺ കൈമാറിയോയെന്നും എസ്.ഐ.ടി സംശയിക്കുന്നുണ്ട്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷപ്പെടാൻ സഹായിച്ച ഡ്രൈവറെയും സ്റ്റാഫിനെയും കേസിൽ പ്രതിചേർത്തു. രാഹുലിന്റെ ഡ്രൈവർ ആൽവിൻ, സ്റ്റാഫായ ഫസൽ എന്നിവരെയാണ് പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതിന് പ്രതിചേർത്തത്. രാഹുലിനെ കർണാടക - തമിഴ്നാട് അതിർത്തിയായ ബാഗലൂരിൽ എത്തിച്ചത് ഇരുവരും ചേർന്നാണെന്ന് എസ്.ഐ.ടി കണ്ടെത്തിയിരുന്നു.
പ്രതികളായ രണ്ടുപേരും രാഹുലിന്റെ എം.എൽ.എ ഓഫീസിലെ ജീവനക്കാരാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരെയും എസ്.ഐ.ടി കസ്റ്റഡിയിലെടുത്തത്. പിന്നീട് തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു. രാഹുലിനെ ഇവർ ബാഗലൂരിൽ എത്തിച്ചത് ഹോണ്ട അമേസ് കാറിലാണ്. ഈ കാർ കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിച്ചിട്ടുണ്ട്. ബാഗലൂരിൽ നിന്ന് മറ്റൊരു കാറിലാണ് രാഹുൽ കർണാടകത്തിലേക്ക് കടന്നതെന്നാണ് ഇവരുടെ മൊഴി.
ഇന്നലെ ഉച്ചക്ക് 2:30നായിരുന്നു ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്. ഇരുവരെയും പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് എസ്.ഐ.ടി ഇവരെ വിട്ടയച്ചിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷമാണ് വിട്ടയച്ചത്. ഫസല്‍ അബ്ബാസിന്റെ സഹോദരിയാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്.
തിരുവനന്തപുരം കമീഷണർ ഓഫീസിലായിരുന്നു ഇരുവരെയും ഒരു ദിവസം കസ്റ്റഡിയിൽ വച്ചത്. കസ്റ്റഡിയിലെടുത്തവർ എവിടെ എന്ന് ബന്ധുക്കളെ അറിയിക്കാൻ നടപടി വേണം എന്നാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. സഹോദരനെ കണ്ടെത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. തന്റെ സഹോദരൻ നിയമവിരുദ്ധ കസ്റ്റഡിയിലാണ്. സഹോദരൻ എവിടെയെന്ന് പൊലീസ് അറിയിക്കുന്നില്ല.
രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയതിൽ സഹോദരന് യാതൊരു പങ്കുമില്ല. നിയമവിരുദ്ധമായാണ് പൊലീസ് കസ്റ്റഡി. പൊലീസ് മേധാവി അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും ഫസൽ അബ്ബാസ് എവിടെയെന്ന് അറിയിക്കാൻ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. പരാതി വന്നതോടെ മൊഴി രേഖപ്പെടുത്തി വിടുകയായിരുന്നു എന്ന് ഫസൽ അബ്ബാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

