റാഗിങ് നിരോധന നിയമം പരിഷ്കരിക്കണം; കർമസമിതിയുണ്ടാക്കണമെന്നും സർക്കാറിനോട് ഹൈകോടതി
text_fieldsകൊച്ചി: സംസ്ഥാനത്തെ റാഗിങ് നിരോധന നിയമം ഭേദഗതി ചെയ്യണമെന്ന് ഹൈകോടതി. 1998ലെ നിയമത്തിൽ ശക്തമായ നിർദേശങ്ങളും നടപടികളും ഉൾക്കൊള്ളുന്നുണ്ടെങ്കിലും ഇതിനനുസൃതമായ ചട്ടങ്ങൾ രൂപവത്കരിക്കാത്തത് നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് തടസ്സമാണ്. 2009ലെ യു.ജി.സി മാർഗനിർദേശങ്ങളുടെകൂടി പശ്ചാത്തലത്തിൽ സംസ്ഥാന നിയമത്തിൽ പരിഷ്കാരം വരുത്തണമെന്നാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന പ്രത്യേക ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം. ഇതിനായി കർമസമിതിയുണ്ടാക്കാനും സർക്കാറിനോട് ആവശ്യപ്പെട്ടു.
റാഗിങ് തടയാനുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ലീഗൽ സർവിസ് അതോറിറ്റി (കെൽസ) സമർപ്പിച്ച പൊതുതാൽപര്യ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജിയിൽ യു.ജി.സിയെ കക്ഷി ചേർക്കാനും നിർദേശിച്ചിട്ടുണ്ട്. നിയമമുണ്ടെങ്കിലും അസാധാരണമായ അക്രമസംഭവങ്ങൾ വിദ്യാർഥികളിൽനിന്ന് ആവർത്തിക്കുന്നതിന്‍റെ വാർത്തകളാണ് ദിനംപ്രതി ഉണ്ടാകുന്നതെന്ന് കോടതി പറഞ്ഞു. മരണത്തിന് കാരണമാകുംവിധം ക്രൂരതയുടെ സ്വഭാവത്തിലേക്ക് റാഗിങ് മാറിയിരിക്കുകയാണ്. ഇത് തടയാനുള്ള വ്യവസ്ഥകളും കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെ സ്വീകരിക്കേണ്ട നടപടികളും സംസ്ഥാന നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെയാണ് യു.ജി.സിയുടെ റാഗിങ് വിരുദ്ധ മാർഗനിർദേശങ്ങൾ. എല്ലാ സർവകലാശാലകളിലും മോണിറ്ററിങ് സെൽ, ജില്ല മജിസ്ട്രേറ്റിന്‍റെ നേതൃത്വത്തിൽ ജില്ലതല ആന്‍റി റാഗിങ് സെൽ, സംസ്ഥാനതല സെൽ തുടങ്ങിയവയെല്ലാം നിർദേശത്തിലുണ്ട്. ഈ കമ്മിറ്റികളിലെല്ലാം വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ധരെയും ഉൾപ്പെടുത്തണം. റാഗിങ് വിരുദ്ധ സെൽ അടക്കം രൂപവത്കരിക്കണമെന്ന നിർദേശത്തോടെ 2020ൽ ഹൈകോടതി മറ്റൊരു ഹരജി തീർപ്പാക്കിയതുമാണ്.
ഈ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിയമത്തിൽ പരിഷ്കരണം വേണമെന്ന് കോടതി നിർദേശിച്ചിരിക്കുന്നത്. നിയമവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കർമസമിതി സ്വീകരിക്കണം. ജില്ല, സംസ്ഥാന തല ആന്‍റി റാഗിങ് സെൽ രൂപവത്കരിച്ചിട്ടുണ്ടെങ്കിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ചേർന്ന യോഗങ്ങളും പ്രവർത്തനങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സെല്ലുകൾ രൂപവത്കരിച്ചിട്ടില്ലെങ്കിൽ ഇതിന് എത്ര സമയം വേണ്ടിവരുമെന്ന് അറിയിക്കണം. 2020ൽ ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതനുസരിച്ച് ഐ.ജിയുടെ മേൽനോട്ടത്തിൽ ‘കെയർ’ എന്ന ആന്‍റി റാഗിങ് സെൽ രൂപവത്കരിച്ചിട്ടുണ്ടോ എന്നും അറിയിക്കണം. കർമസമിതി സംബന്ധിച്ച വിശദാംശങ്ങൾ 19ന് ഹരജി പരിഗണിക്കുമ്പോൾ സമർപ്പിക്കാനും സർക്കാറിനോട് ആവശ്യപ്പെട്ടു.
റാഗിങ്ങിനിരയായ മകളെ നഷ്ടപ്പെട്ട സി.എൽ. ആന്‍റോ കക്ഷിചേരാൻ അനുമതി തേടിയതിനെത്തുടർന്ന് അപേക്ഷ നൽകാൻ കോടതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

