‘ഒളിമ്പിക്സിൽ മെഡൽ കിട്ടിയ പോലെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങി വന്നത്’; നാടകം കളിക്കേണ്ടെന്ന് ബോബി ചെമ്മണൂരിനോട് ഹൈകോടതി
text_fieldsകൊച്ചി: ജാമ്യം ലഭിച്ചിട്ടും ജയിലിൽനിന്ന് ഇറങ്ങാതിരുന്ന ബോബി ചെമ്മണൂരിനെ ഹൈകോടതി വിമർശിച്ചത് അതിരൂക്ഷമായ ഭാഷയിൽ. കോടതി നടപടികളെ മാത്രമല്ല, പ്രതിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനക്കൂടി അവഹേളിക്കുന്നതായി ബോബിയുടെ നടപടിയെന്ന് ഓരോ തവണയും കോടതി ആവർത്തിച്ചു. കോടതിയെ വെച്ച് നാടകം കളിക്കേണ്ടെന്നും മറ്റ് തടവുകാരുടെ വക്കാലത്ത് പ്രതി ഏറ്റെടുക്കേണ്ടെന്നും അടക്കം കടുത്ത ഭാഷയിലായിരുന്നു വിമർശനം. രാവിലെ 10.15നും 12നും 1.45നും വിഷയം പരിഗണിച്ചപ്പോഴെല്ലാം ഹരജിക്കാരനായ ബോബി അതിരൂക്ഷ വിമർശനത്തിനിരയായി.
ജാമ്യം നൽകിയ ഉത്തരവ് 4.08ന് ഹൈകോടതി അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും 4.45ന് മജിസ്ട്രേറ്റ് കോടതി റിലീസ് ഓർഡർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും പ്രിൻസിപ്പൽ ജില്ല ജഡ്ജിയെ വിളിച്ച് സ്ഥിരീകരിച്ചെന്നായിരുന്നു ഉത്തരവ് കിട്ടാൻ വൈകിയെന്ന അഭിഭാഷകന്റെ വിശദീകരണത്തിന് കോടതി നൽകിയ മറുപടി. എന്നിട്ടും എന്ത് സാങ്കേതിക പ്രശ്നത്തിന്റെ പേരിലാണ് പുറത്തിറങ്ങാതിരുന്നതെന്ന് കോടതി ചോദിച്ചു. ജാമ്യത്തിന് അപേക്ഷിച്ചത് പ്രതി തന്നെയാണ്.
ജാമ്യഹരജി എത്രയും വേഗം പരിഗണിച്ച് ജാമ്യം ലഭിച്ചിട്ടും മാധ്യമ ശ്രദ്ധക്കുവേണ്ടി കഥകളുണ്ടാക്കി അവിടെത്തന്നെ തങ്ങുകയല്ലേ പ്രതി ചെയ്തത്. കോടതിയെ വെച്ച് നാടകം കളിക്കുകയാണോ? പ്രഥമദൃഷ്ട്യാ ഹരജിക്കാരനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതാണ്. ചില സുപ്രീംകോടതി നിലപാടുകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. വേണ്ടിവന്നാൽ ജാമ്യം റദ്ദാക്കാനും അറിയാം. പ്രതിയായി ജയിലിൽ കഴിയുന്ന ഒരാൾ ഇങ്ങനെയാണോ പെരുമാറേണ്ടത്.
മുതിർന്ന അഭിഭാഷകന്റെ കാത്തിരിപ്പുകൂടി പരിഗണിച്ച് എത്രയും വേഗം ഉത്തരവ് പുറത്തെത്തിച്ചിട്ടും മാധ്യമശ്രദ്ധ പിടിച്ചുപറ്റാൻ കാത്തുനിൽക്കുകയാണ് ഹരജിക്കാരൻ ചെയ്തത്. താൻ നിയമത്തെക്കാൾ മുകളിലാണെന്ന് പ്രതിക്ക് തോന്നുന്നുണ്ടോ. എങ്കിൽ നിയമം എന്താണെന്ന് കാണിച്ചുകൊടുക്കാം. പുറത്തിറങ്ങിയാൽ നിമിഷങ്ങൾക്കകം അറസ്റ്റ് ചെയ്യാൻ ഉത്തരവിടാൻ കഴിയും. രണ്ടാഴ്ചക്കകം അന്വേഷണം പൂർത്തിയാക്കാനും ഒരു മാസത്തിനകം വിചാരണ പൂർത്തിയാക്കാനും ഉത്തരവിടാം. അതുവരെ തടവിൽതന്നെ കഴിയേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. തുടർന്നാണ് ഉച്ചക്ക് 12ലേക്ക് മാറ്റിയത്.
ജുഡീഷ്യറിക്ക് മുകളിൽ പറക്കാൻ നോേക്കണ്ട
രാവിലെ 9.09ന് മാത്രമാണ് റിലീസിങ് ഓർഡർ കിട്ടിയതെന്ന് ബോബിയുടെ അഭിഭാഷകൻ ഉച്ചക്ക് കേസ് പരിഗണിക്കവേ അറിയിച്ചപ്പോൾ മാധ്യമങ്ങളിലൂടെ നടത്തിയ നാടകത്തിൽ ജയിലിൽ തുടരാനുള്ള കാരണമായി പ്രതി പറഞ്ഞത് ഇതല്ലെന്ന് കോടതി ആവർത്തിച്ചു.
ജുഡീഷ്യറിക്ക് മുകളിൽ പറക്കാനൊന്നും നോേക്കണ്ട. എന്തും വിലയ്ക്ക് വാങ്ങാമെന്ന് പ്രതിക്ക് തോന്നുന്നുണ്ടാവും. എന്നാൽ, അതൊന്നും നടക്കില്ല. ഹൈകോടതി ഉത്തരവുവെച്ച് എന്തും ചെയ്യാമെന്ന് കരുതുകയും വേണ്ട. പുറത്തിറങ്ങിയിട്ടും ജുഡീഷ്യറിയോട് യുദ്ധപ്രഖ്യാപനം നടത്തുകയാണോ ഹരജിക്കാരനെന്നും കോടതി ചോദിച്ചു. തുടർന്നാണ് പ്രതിയിൽനിന്ന് വിശദീകരണം തേടാൻ സമയം അനുവദിച്ച് ഉച്ചക്കുശേഷം വിഷയം പരിഗണിക്കാൻ മാറ്റിയത്.
സഹതടവുകാരോടുള്ള ഐക്യദാർഢ്യത്തിന്റെ പേരുപറഞ്ഞ് ജുഡീഷ്യറിയെ തരംതാഴ്ത്തുന്ന നടപടികളുണ്ടായാൽ ജാമ്യം റദ്ദാക്കുകയാണ് വേണ്ടതെന്നുമായിരുന്നു ഉച്ചക്കുശേഷം കോടതിയുടെ വിമർശനം. ഒളിമ്പിക്സിൽ മെഡൽ കിട്ടിയ പോലെയാണ് ജയിലിൽനിന്ന് ഹരജിക്കാരൻ പുറത്തിറങ്ങി വന്നതെന്നും കോടതി പരിഹസിച്ചു. തുടർന്നാണ് മാപ്പപേക്ഷ അംഗീകരിച്ച് തുടർനടപടികളെടുക്കാതെ കോടതി വിഷയം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

