Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉത്തരവ്...

ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച; ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയെ ഹൈകോടതി വിളിച്ചുവരുത്തി ശാസിച്ചു

text_fields
bookmark_border
Kerala High Court building in Kochi
cancel
camera_alt

കേരള ഹൈകോടതി

കൊച്ചി: കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയശേഷം കീഴ്ഉദ്യോഗസ്ഥനെക്കൊണ്ട് അവധി അപേക്ഷ സമർപ്പിച്ച ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലത്തെ വിളിച്ചുവരുത്തി ശാസിച്ച് ഹൈകോടതി. ഡി.ജി.പി എസ്. ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിലെ മുൻ ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് നേരത്തെ ഉദ്യോഗസ്ഥനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഉത്തരവ് നടപ്പാക്കാൻ കൂടുതൽ സമയം തേടി അഡീഷനൽ ചീഫ് സെക്രട്ടറി മറ്റൊരു ഉദ്യോഗസ്ഥൻ മുഖേന അപേക്ഷ സമർപ്പിച്ചത് വീണ്ടും വിമർശനത്തിനിടയാക്കി. തുടർന്നാണ് കോടതിയിൽ ഹാജരാവാൻ ഉത്തരവിട്ടത്.

ഇത്തരത്തിൽ അപേക്ഷ നൽകാൻ ഇത് വില്ലേജ് ഓഫിസോ താലൂക്ക് ഓഫിസോ അല്ലെന്നും സംസ്ഥാനത്തെ പരമോന്നത കോടതിയാണെന്നും ഹാജരായ മിൻഹാജ് ആലത്തോട് ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു. സാവകാശം ആവശ്യപ്പെടണമെങ്കിൽ നേരിട്ട് അപേക്ഷ നൽകുകയാണ് വേണ്ടത്. ക്ലാർക്ക് മുഖേനയോ മറ്റോ അല്ല നൽകേണ്ടത്. നടപടികൾ അതിന്റേതായ ഗൗരവത്തിലെടുക്കണം. ഈ ശൈലി തുടർന്നാൽ വലിയ പിഴ ചുമത്തുമെന്നും കോടതി വാക്കാൽ പറഞ്ഞു.

ശ്രീജിത്തിനെതിരെ പരാതി നൽകിയ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ദിപിൻ എടവനയെ തനിച്ചിരുത്തി ഹിയറിങ് നടത്തണമെന്ന കോടതി നിർദേശം പാലിക്കാൻ നടപടിയെടുത്തതായി മിൻഹാജ് ആലം വിശദീകരിച്ചതിനാൽ ഹരജി തീർപ്പാക്കി. ഇക്കാര്യത്തിൽ ലംഘനമുണ്ടായാൽ പരാതിക്കാരന് നിയമപരമായി നീങ്ങാമെന്നും കോടതി വ്യക്തമാക്കി. എ.ഡി.ജി.പിയായിരുന്നപ്പോൾ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്നും സ്വകാര്യ സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിൽ യൂണിഫോം ധരിച്ച് പങ്കെടുത്തെന്നുമാണ് ശ്രീജിത്തിനെതിരായ ആരോപണം. പരാതിക്കാരനെയും ആരോപണവിധേയനെയും ഒരുമിച്ചിരുത്തി മൊഴിയെടുക്കാനുള്ള വിജിലൻസ് വകുപ്പിന്‍റെ നീക്കമാണ് കോടതിയുടെ അതൃപ്തിക്കിടയാക്കിയത്. ഒന്നിച്ചിരുത്തിയുള്ള തെളിവെടുപ്പിൽ ഹാജരാകാൻ പരാതിക്കാരൻ വിസമ്മതിച്ചതിനെ തുടർന്ന് അദ്ദേഹം മൊഴി നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി ശ്രീജിതിനെ രക്ഷപ്പെടുത്തുന്ന തരത്തിലുള്ള റിപ്പോർട്ടാണ് സർക്കാർ കോടതിയിൽ നൽകിയത്. ഈ റിപ്പോർട്ട് കോടതി റദ്ദാക്കിയിരുന്നു.

അതേസമയം, ശ്രീജിത്തിന്‍റെ വിദേശയാത്ര സംബന്ധിച്ച പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. പിന്നെ, എപ്പോൾ ഉണ്ടാകുമെന്നാണ് ഉദ്ദേശിക്കുന്നതെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തിലും ഉറച്ച തീരുമാനമില്ലേയെന്നും ചോദിച്ചു. ചേർത്തല സി.ഐയായിരുന്ന പി. ശ്രീകുമാറിന് അർഹതപ്പെട്ട സ്ഥാനക്കയറ്റം തടഞ്ഞുവെച്ചെന്ന ഹരജിയിൽ വെള്ളിയാഴ്ച അഡീ. ചീഫ് സെക്രട്ടറി ഹാജരാകാൻ കഴിഞ്ഞ ദിവസം ഇതേ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ, പ്രമോഷൻ നിർദേശം ഇതുമായി ബന്ധപ്പെട്ട അടുത്ത യോഗത്തിൽ പരിഗണിക്കുമെന്ന് മിൻഹാജ് അറിയിച്ചതിനെ തുടർന്ന് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കി. തീരുമാനം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High CourtHome Secretary
News Summary - High Court summons and reprimands Home Secretary for failing to implement order
Next Story