ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ: വിൽപന തടയാൻ കർശന നടപടി വേണം -ഹൈകോടതി
text_fieldsകൊച്ചി: ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വിൽപന തടയാൻ കർശന നടപടി വേണമെന്ന് ഹൈകോടതി. നിയമ ലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണം. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
നിയമപരമായി രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾ പ്ലാസ്റ്റിക് നിർമിക്കുന്നതും വിൽക്കുന്നതും അറിയിക്കാൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നടപ്പാക്കിയ മാതൃകയിലുള്ള മൊബൈൽ ആപ് സംസ്ഥാന ബോർഡ് മൂന്ന് മാസത്തിനകം വികസിപ്പിക്കണം. ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽക്കുന്നതിനെതിരെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമിക്കുന്നതും വിൽക്കുന്നതും തടയണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി കെ.വി. സുധാകരൻ നൽകിയ ഹരജി കോടതി തീർപ്പാക്കി.
പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് റൂൾസ് പ്രകാരമുള്ള രജിസ്ട്രേഷനെടുക്കാത്ത സ്ഥാപനങ്ങൾ ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് സാധനങ്ങളുണ്ടാക്കി വിൽക്കുന്നുവെന്നാണ് ഹരജിയിലെ ആരോപണം. ഇത് തടയാൻ നടപടി സ്വീകരിച്ചതായി സർക്കാറും മലിനീകരണ നിയന്ത്രണ ബോർഡും കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് കോടതി മാർഗനിർദേശം പുറപ്പെടുവിച്ചത്.
പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിർമാണവും വിൽപനയും തടയാൻ തദ്ദേശ സ്ഥാപനങ്ങളും മലിനീകരണ നിയന്ത്രണ ബോർഡും നടപടി സ്വീകരിക്കണം. തദ്ദേശ സ്ഥാപനങ്ങളും മലിനീകരണ നിയന്ത്രണ ബോർഡും ചേർന്നും അല്ലാതെയും തിരച്ചിൽ നടത്തണം, മാളുകളിലും മാർക്കറ്റുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സിനിമ തിയറ്ററുകളിലുമടക്കം എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഇടക്കിടെ പരിശോധന നടത്തണം, പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിർമാണ കേന്ദ്രങ്ങളിൽ പരിശോധന നടത്തണം തുടങ്ങിയവയാണ് മറ്റ് നിർദേശങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

