ജപ്തിക്ക് ഹൈകോടതി സ്റ്റേ; പുന്നല മുസ്ലിം ജമാഅത്തിന് ആശ്വാസം
text_fieldsപുനലൂർ: ലക്ഷക്കണക്കിന് രൂപ പാട്ടക്കുടിശ്ശികയുടെ പേരിൽ പുന്നല മുസ്ലിം ജമാഅത്തിനെതിരെ റവന്യൂ വകുപ്പ് തുടങ്ങിയ ജപ്തി നടപടി ഹൈകോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. ഏകദേശം 200 വർഷം പഴക്കമുള്ള പുന്നല മുസ്ലിം ജമാഅത്ത് സർക്കാറിൽനിന്ന് കുത്തക പാട്ടത്തിലുള്ള 38.46 സെന്റ് ഭൂമിയിലാണ് മസ്ജിദ് ഉൾപ്പെടെ പ്രവർത്തിക്കുന്നത്.
തുച്ഛമായ പാട്ടത്തുക 1945ലെ തിരുവിതാംകൂർ കുത്തകപ്പാട്ട നിയമം അനുസരിച്ച് തഹസിൽദാർ പെട്ടെന്ന് വർധിപ്പിച്ചതോടെ ലക്ഷങ്ങൾ കടന്നു. പാട്ടത്തുക 36.5 ലക്ഷവും പലിശ ഉൾപ്പെടെ ഏകദേശം 48 ലക്ഷം രൂപയുമായി. ഈ തുക അടയ്ക്കാത്തതിനെതിരെ ജമാഅത്ത് പള്ളിയും ഖബർസ്ഥാനും ജപ്തിചെയ്യാനുള്ള നടപടി റവന്യൂ വകുപ്പ് തുടങ്ങി.
ഇതിനെതിരെ ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ 1995 മുതൽ മുഖ്യമന്ത്രിമാർ ഉൾപ്പെടെ സർക്കാർ തലത്തിൽ പലതവണ നിവേദനം നൽകിയിട്ടും പ്രയോജനം ഉണ്ടായില്ല.
കുത്തകപ്പാട്ട നിയമത്തിൽനിന്ന് ഒഴിവാക്കി ഭൂമി പതിച്ചുകിട്ടാനും ജമാഅത്ത് നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി. അവസാനം ജപ്തിയുടെ വക്കിലെത്തിയതോടെ ജമാഅത്ത് ഭാരവാഹികൾ അഡ്വ. ഇടത്തറ മുഹമ്മദ് ഇസ്മയിൽ മുഖേന കേരള ഹൈകോടതിയെ സമീപിച്ചു.
കോടതി ഇരുപക്ഷത്തെയും വാദം കേട്ട ശേഷം 2018-19 കാലഘട്ടത്തിൽ അടച്ചപോലെ വാർഷിക വരിസംഖ്യയായ 737 മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തുടർന്ന് അടയ്ക്കാൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഇടക്കാല ഉത്തരവിടുകയായിരുന്നു.
കുത്തകപ്പാട്ട നിയമത്തിനെതിരെ അടുത്ത കാലത്തെങ്ങും കേരള ഹൈകോടതിയിൽനിന്നും സമാനമായ ഒരു വിധി വന്നിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

