കേരള മുൻ രജിസ്ട്രാർക്ക് നൽകിയ കുറ്റാരോപണ മെമോ ഹൈകോടതി സ്റ്റേ ചെയ്തു; വി.സിക്ക് വിമർശനം
text_fieldsകൊച്ചി: സിന്ഡിക്കേറ്റ് സസ്പെൻഷൻ റദ്ദാക്കിയ ശേഷവും കേരള സർവകലാശാല മുൻ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന് വൈസ് ചാൻസലർ കുറ്റാരോപണ മെമോ നൽകിയതിനെ വിമർശിച്ച് ഹൈകോടതി. അധികാരമില്ലാതെയാണ് കുറ്റാരോപണ മെമോ നൽകിയതെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ, തുടർ നടപടികൾ സ്റ്റേ ചെയ്തു. എന്ത് അടിയന്തര സാഹചര്യത്തിലാണ് മെമോ നൽകിയതെന്ന് വ്യക്തമാക്കാനും വി.സിയോട് ആവശ്യപ്പെട്ടു. ഹരജി ഫയലിൽ സ്വീകരിച്ച കോടതി, മറ്റ് എതിർകക്ഷികൾക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. മെമോ നിലനിൽക്കില്ലെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അനിൽകുമാർ നൽകിയ ഹരജിയിലാണ് ഉത്തരവ്.
ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് ജൂലൈ രണ്ടിന് രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വി.സിയുടെ നടപടി നവംബർ ഒന്നിന് ഹൈകോടതി നിർദേശ പ്രകാരം ചേർന്ന സിൻഡിക്കേറ്റ് യോഗം റദ്ദാക്കുകയും രജിസ്ട്രാർ സ്ഥാനത്ത് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത് അംഗീകരിക്കാതെ ചാൻസലർക്ക് തീരുമാനം വിടുകയാണ് വി.സി ചെയ്തത്. ഇതിനുപിന്നാലെ ഡിസംബർ 16ന് വി.സി പുതിയ കുറ്റാരോപണ മെമോ നൽകി. ഇതിനിടെ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ് പ്രിൻസിപ്പൽ തസ്തികയിലേക്ക് അനിൽകുമാറിനെ തിരിച്ചയച്ച് സർക്കാർ ഉത്തരവിടുകയും രജിസ്ട്രാർ പദവി ഒഴിഞ്ഞ് പ്രിൻസിപ്പലായി ചുമതലയേൽക്കുകയും ചെയ്തു. എന്നാൽ, അതിനുശേഷവും വി.സി പ്രതികാര നടപടികൾ തുടരുകയാണെന്ന് കാട്ടിയാണ് ഹൈകോടതിയെ സമീപിച്ചത്.
രജിസ്ട്രാർക്കെതിരായ നടപടികൾക്ക് സിൻഡിക്കേറ്റിനാണ് അധികാരമുള്ളതെങ്കിലും അടിയന്തര സാഹചര്യത്തിൽ നടപടിയെടുക്കാൻ വി.സിക്ക് കേരള സർവകലാശാല ആക്ട് പ്രകാരം അധികാരമുണ്ടെന്ന് കോടതി പറഞ്ഞു. എന്നാൽ, തൊട്ടടുത്ത യോഗത്തിൽ ഇക്കാര്യം സിൻഡിക്കേറ്റിനെ അറിയിച്ച് അനുമതി വാങ്ങണമെന്നുണ്ട്. ഇങ്ങനെ മെമോ നൽകിയത് ആശ്ചര്യപ്പെടുത്തുന്നു. ഡിസംബർ 16ന് മെമോ നൽകിയശേഷം 24ന് സിൻഡിക്കേറ്റ് യോഗമുണ്ടായിരുന്നെങ്കിലും അതിൽ വി.സി വിഷയം അവതരിപ്പിച്ചില്ല. ഇതിനുപിന്നിൽ മറ്റെന്തൊക്കെയോ താൽപര്യമുണ്ടെന്ന് വ്യക്തമാണെന്നും കോടതി വിമർശിച്ചു. തുടർന്നാണ് മെമോ സ്റ്റേ ചെയ്തത്. അടിയന്തര സാഹചര്യമുണ്ടെങ്കിൽ വി.സിക്ക് സത്യവാങ്മൂലം സമർപ്പിച്ച് ഹരജി പരിഗണനക്കെടുപ്പിക്കാമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

