എം.ആർ. അജിത് കുമാറിനെതിരായ ഉത്തരവിലെ സ്റ്റേ തുടരും
text_fieldsകൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ എക്സൈസ് കമീഷണറും എ.ഡി.ജി.പിയുമായ എം.ആർ. അജിത് കുമാറിനെതിരെ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിന്മേലുള്ള ഹൈകോടതി സ്റ്റേ തുടരും. ഹരജി ബുധനാഴ്ച പരിഗണനക്കെടുത്തെങ്കിലും വീണ്ടും 25ന് പരിഗണിക്കാൻ മാറ്റിയ സാഹചര്യത്തിലാണ് അതുവരെ ജസ്റ്റിസ് എ. ബദറുദ്ദീൻ സ്റ്റേ നീട്ടിയത്. വിജിലൻസ് കോടതി ഉത്തരവിനെതിരെ അജിത്കുമാർ നൽകിയ ഹരജിയാണ് ഹൈകോടതിയുടെ പരിഗണനയിലുള്ളത്. അതേസമയം, കേസിൽ കക്ഷിചേരാൻ മുൻ എം.എൽ.എ പി.വി. അന്വറിന് അനുമതി നൽകി. മൂന്നാം എതിർകക്ഷിയാക്കിയാണ് കക്ഷി ചേർത്തത്. വിജിലൻസ് കോടതി ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങൾ ഒഴിവാക്കാൻ സർക്കാറും ഹരജി നൽകി. ഇതും 25ന് പരിഗണിക്കും.
അൻവറിനെ കക്ഷിചേർക്കുന്നതിനെ സർക്കാർ എതിർത്തില്ലെങ്കിലും കേസുമായി ബന്ധമില്ലാത്തയാളെ കക്ഷിചേർക്കേണ്ട ആവശ്യമില്ലെന്നായിരുന്നു അജിത്കുമാറിന്റെ വാദം. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ വ്യക്തികൾക്കെതിരെ സ്ഥിരമായി ഉന്നയിക്കുന്നയാളാണ് അൻവറെന്നും ആരോപിച്ചു. എന്നാൽ, അജിത്കുമാർ പദവി ദുരുപയോഗം ചെയ്ത് വലിയ അഴിമതി നടത്തിയെന്നാരോപിച്ച് താൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണമുണ്ടായതെന്ന് അൻവറിന്റെ അഭിഭാഷകൻ വാദിച്ചു.
വിജിലൻസ് കോടതി വിധിയടക്കം പരിശോധിച്ച ഹൈകോടതി, അൻവറിന് കേസുമായി ബന്ധമില്ലെന്ന് കരുതാനാവില്ലെന്ന് വിലയിരുത്തി. തുടർന്നാണ് കക്ഷി ചേർത്ത് ഉത്തരവിട്ടത്. ഹരജിയിൽ വിശദീകരണം നൽകാനും അൻവറിനോട് ആവശ്യപ്പെട്ടു. ഏഴുദിവസത്തിനകം എതിർസത്യവാങ്മൂലം നൽകാൻ ഹരജിക്കാരനും നിർദേശം നൽകി. പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര പി. നാഗരാജ് നൽകിയ പരാതിയിലാണ് വിജിലൻസ് കോടതി തുടർനടപടിക്ക് നിർദേശിച്ചത്.
കേസിൽ മുഖ്യമന്ത്രിക്ക് എന്താണ് കാര്യം, നിയമവിരുദ്ധമായി ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി എങ്ങനെ അംഗീകരിച്ചു തുടങ്ങി വിജിലൻസ് കോടതിയുടെ പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാറിന്റെ ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

