ജഡ്ജിമാരെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്ക് മൂന്നുദിവസത്തെ തടവ് വിധിച്ച് ഹൈകോടതി
text_fieldsകൊച്ചി: ജഡ്ജിമാരെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ നിരന്തരം പോസ്റ്റിട്ടയാൾക്ക് മൂന്നുദിവസത്തെ തടവുശിക്ഷ വിധിച്ച് ഹൈകോടതി. 2024 മാർച്ചിൽ ചില ഹൈകോടതി ജഡ്ജിമാരെയും വിധിന്യായങ്ങളെയും വിമർശിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പിട്ട എറണാകുളം ആലങ്ങാട് സ്വദേശി പി.കെ. സുരേഷ്‌കുമാറിനെയാണ് ക്രിമിനൽ കോടതിയലക്ഷ്യത്തിന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശിക്ഷിച്ചത്. പോസ്റ്റ് ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് കോടതി സ്വമേധയാ എടുത്ത കേസിൽ മൂന്നുദിവസം വെറും തടവും 2000 രൂപ പിഴയുമാണ് ശിക്ഷ.
ഇതിനുമുമ്പ് സമാന കോടതിയലക്ഷ്യക്കേസിൽനിന്ന് മാപ്പ് പറഞ്ഞ് ഒഴിവായെങ്കിലും മാപ്പപേക്ഷ തന്റെ തന്ത്രം മാത്രമായിരുന്നുവെന്ന കുറിപ്പ് സുരേഷ് പോസ്റ്റ് ചെയ്തിരുന്നു. പുതിയ കേസിനെത്തുടർന്ന് കോടതിക്ക് നൽകിയ വിശദീകരണത്തിലും ചെയ്തിയെ ന്യായീകരിക്കുകയായിരുന്നു. വിധിന്യായങ്ങൾ പക്ഷപാതപരമാണെന്ന തോന്നലും ഇത് വായിച്ചുള്ള മനോവേദനയുമാണ് കുറിപ്പെഴുതാൻ പ്രേരിപ്പിച്ചതെന്നായിരുന്നു ഇയാളുടെ വിശദീകരണം.
തനിക്ക് 200ൽ താഴെ ഫോളോവേഴ്സ് മാത്രമാണുള്ളതെന്നും വ്യാപക പ്രചാരണമുണ്ടായിട്ടില്ലെന്നും വാദിച്ചു. എന്നാൽ, ചില ജഡ്ജിമാർ രാഷ്ട്രീയ, വർഗീയ സ്വാധീനത്തിന് വഴങ്ങുന്നവരാണെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവ ശ്രമമാണ് ഉണ്ടായതെന്നും ഇത് വ്യക്തമായ കോടതിയലക്ഷ്യമാണെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
പിഴ ഒടുക്കിയില്ലെങ്കിൽ ഒരുമാസംകൂടി തടവിൽ കഴിയണം. ശിക്ഷ നടപ്പാക്കൽ ഒരുദിവസത്തേക്ക് മാറ്റിവെക്കണമെന്ന് അപേക്ഷിച്ചെങ്കിലും സുരേഷ്‌കുമാറിന്റെ മുൻകാല പ്രവൃത്തികൾ ചൂണ്ടിക്കാട്ടിയ കോടതി ഈ ആവശ്യം അനുവദിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

