കൊച്ചി: നീറ്റ് (മെഡിക്കൽ പ്രവേശന പരീക്ഷ) പരീക്ഷയുടെ ഒ.എം.ആർ ഷീറ്റിൽ കൃത്രിമം കാട്ടിയെന്ന ആരോപണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ദേശീയ ടെസ്റ്റിങ് ഏജൻസിക്ക് ഹൈകോടതിയുടെ നിർദേശം.
സെപ്റ്റംബർ 12ന് നടത്തിയ പരീക്ഷയുടെ ഒ.എം.ആർ ഷീറ്റ് രണ്ടുദിവസത്തിനുശേഷം പ്രസിദ്ധീകരിച്ചപ്പോൾ താൻ പരീക്ഷയെഴുതിയ ഷീറ്റല്ല കാണാനായതെന്നും തിരിമറി നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ചാലക്കുടി വരന്തരപ്പിള്ളി സ്വദേശിനി ഋതു സിബി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിെൻറ ഉത്തരവ്.
നവംബർ എട്ടിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം. പരീക്ഷസമയത്ത് ഒ.എം.ആർ ഷീറ്റിൽ ഹരജിക്കാരി വിരലടയാളവും മാതാപിതാക്കളുടെ പേരുൾപ്പെടെയുള്ള വിവരങ്ങളും രേഖപ്പെടുത്തിയിരുന്നതായി ഹരജിയിൽ പറയുന്നു. എന്നാൽ, പ്രസിദ്ധീകരിച്ച ഒ.എം.ആർ ഷീറ്റിൽ അമ്മയുടെ പേര് മറ്റൊരു കൈയക്ഷരത്തിൽ തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിരലടയാളം തേൻറതല്ല. അക്കത്തിലെഴുതിയ റോൾ നമ്പറും ബബിളുകൾ കറുപ്പിച്ച് രേഖപ്പെടുത്തിയ റോൾ നമ്പറും തമ്മിൽ വ്യത്യാസമുണ്ടെന്നും ഹരജിക്കാരി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ പരിശോധിച്ച കോടതി തുടർന്നാണ് ടെസ്റ്റിങ് ഏജൻസിയുടെ റിപ്പോർട്ട് തേടിയത്.