പാലക്കാട് അതിർത്തി ഗ്രാമങ്ങളിൽ 13വർഷത്തിനിടെ തൂങ്ങിമരിച്ചത് 28കുട്ടികൾ; അന്വേഷണം ആവശ്യപ്പെട്ട് ഹരജി, വിശദീകരണം തേടി ഹൈകോടതി
text_fieldsകൊച്ചി: പാലക്കാടിന്റെ അതിർത്തി ഗ്രാമങ്ങളിൽ 13വർഷത്തിനിടെ 28 കുട്ടികൾ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിൽ ബാലാവകാശ കമീഷനോട് വിശദീകരണം തേടി ഹൈകോടതി. കൊച്ചി സ്വദേശി സലിംലാൽ അഹമ്മദ്, ഫാ. അഗസ്റ്റിൻ വട്ടോളി എന്നിവരാണ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
2010-നും 2023-നും ഇടയിൽ 13 വയസ്സിനു താഴെയുള്ള 28 കുട്ടികളാണ് മേഖലയിൽ തൂങ്ങിമരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ഹരജിക്കാരുടെ ആരോപണാ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളിൽ തൂങ്ങിമരണം എന്ന് സ്ഥിരീകരിക്കുമ്പോഴും പലപ്പോഴും മൃതദേഹങ്ങളിൽ ഗുരുതരമായ പരിക്കുകൾ സ്ഥിരീകരിക്കുന്നുണ്ടെന്ന് ഹരജിയിൽ പറയുന്നു. ഇത് ചൂണ്ടി, കൊലപാതകം അടക്കമുള്ള സംശയങ്ങളാണ് ഹരജിക്കാർ ഉന്നയിക്കുന്നത്.
സംഭവങ്ങളെ പൊതുവിൽ ബന്ധപ്പെടുത്തുന്ന എന്തെങ്കിലും ഘടകം ഉണ്ടോ എന്നും ഒറ്റപ്പെട്ട സംഭവങ്ങൾ അല്ലെന്നു കരുതാൻ കാരണങ്ങൾ ഉണ്ടോ എന്നും ഹരജി പരിഗണിക്കവേ കോടതി ആരാഞ്ഞു. അതിർത്തി മേഖലയിലെ നിർധന ചുറ്റുപാടുകളിലുള്ള കുട്ടികളാണ് മരിച്ചതെന്നായിരുന്നു ഹരജിഭാഗത്തിന്റെ മറുപടി. ഇക്കാര്യത്തിൽ പരിശോധന നടത്തി വിവരം അറിയിക്കാനാണ് ബാലാവകാശ കമ്മിഷന് കോടതി നിർദേശം നൽകിയിരിക്കുന്നത്.
ഐ.പി.എസ് ഉദ്യോഗസ്ഥനിൽ കുറയാത്ത ഓഫീസറുടെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കണം എന്നും നിർദേശത്തിലുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

