മലപ്പുറത്ത് വാക്സിൻ രജിസ്റ്റർ ചെയ്തവരുടെ കണക്ക് തേടി ഹൈകോടതി
text_fieldsെകാച്ചി: മലപ്പുറം ജില്ലയിൽ കോവിഡ് വാക്സിന് രജിസ്റ്റർ ചെയ്തവരുടെ കണക്കു നൽകാൻ ഹൈകോടതി നിർദേശം. വാക്സിൻ വിതരണത്തിൽ ജില്ലയോട് വിവേചനമുണ്ടെന്നാരോപിച്ച് വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി വി. ഗണേഷ്, എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി കെ.സി. നസീർ എന്നിവർ നൽകിയ ഹരജികളിലാണ് ഡിവിഷൻ ബെഞ്ച് നിർദേശം.
ജില്ലയിൽ 18നുമേൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ 21.6 ശതമാനം പേർക്ക് വാക്സിൻ നൽകിയതായി അഡ്വക്കറ്റ് ജനറൽ അറിയിച്ചെങ്കിലും വാക്സിനായി രജിസ്റ്റർ ചെയ്തവരുടെ കണക്ക് ഹാജരാക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വെൻറിലേറ്റർ സൗകര്യമൊരുക്കാൻ 24 മണിക്കൂറിനകം നടപടിയെടുക്കുമെന്ന് അറിയിച്ച സർക്കാർ, കൂടുതൽ വിശദീകരണത്തിന് സമയം തേടി.
താലൂക്ക് ആശുപത്രികളിൽ വെൻറിലേറ്റർ സൗകര്യമൊരുക്കാൻ സർക്കാർ ഉത്തരവിറക്കിയെങ്കിലും തിരൂരങ്ങാടി ആശുപത്രിയിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് കെ.പി.എ. മജീദ് എം.എൽ.എയാണ് ഹരജി നൽകിയത്. വിഷയത്തിൽ കൂടുതൽ വിശദീകരണത്തിന് സമയം അനുവദിച്ചെങ്കിലും വെൻറിലേറ്റർ ലഭ്യമാക്കാൻ അടിയന്തര നടപടി വേണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിക്കുകയായിരുന്നു. 24 മണിക്കൂറിനകം നടപടിയെടുക്കാമെന്ന് എ.ജി അറിയിച്ചു. തുടർന്ന് ഹരജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.

