വോട്ടെണ്ണലിനു മുമ്പ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാൻ അവസരമുണ്ടോ?; കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പോസ്റ്റൽ വോട്ട് ലഭിച്ചില്ലെന്ന തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥരുടെ ഹരജിയിൽ ഹൈക്കോടതി ഇടപെടൽ. വോട്ടെണ്ണലിനു മുമ്പ് ജീവനക്കാർക്ക് വോട്ട് ചെയ്യാൻ അവസരമുണ്ടോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ കമ്മീഷൻ ചൊവ്വാഴ്ച മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. ചൊവ്വാഴ്ച നിലപാട് കേട്ടശേഷം കേസ് വീണ്ടും പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
സമ്മതിദാനാവകാശം വിനിയോഗിക്കാൻ പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളുടെതല്ലാത്ത കാരണത്താൽ വോട്ടവകാശം നിഷേധിക്കുന്നത് മൗലികാവകാശ ലംഘനം ആണെന്നായിരുന്നു ഹരജിക്കാരുടെ വാദം.എന്നാൽ വോട്ട് ചെയ്യാൻ ഇനി അവസരം നൽകാൻ കഴിയില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നിലപാട്. എന്നാൽ ഇലക്ഷൻ റൂൾ 27 പ്രകാരം വോട്ടെണ്ണൽ ദിവസം വരെ പോസ്റ്റൽ വോട്ട് രേഖപ്പെടുത്താൻ അവസരമുണ്ട് എന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയത്.
തപാൽ ബാലറ്റുകൾ വീണ്ടും വിതരണംചെയ്യുന്നതും വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ പുനഃസ്ഥാപിക്കുന്നതും തിരഞ്ഞെടുപ്പുനടപടികളുടെ രഹസ്യാത്മകതയെയും പവിത്രതയെയും ബാധിക്കുമെന്ന് കമ്മിഷൻ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായ ജീവനക്കാർക്കുതന്നെ, വോട്ടുചെയ്യാനാകാത്തതിനെതിരേ നിരവധി കോണിൽനിന്ന് ചോദ്യങ്ങളുയർന്നിരുന്നു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് പരിശീലനക്ലാസിനുവരുമ്പോൾ വോട്ടുചെയ്യാനാകുമെന്ന് ആദ്യംപറഞ്ഞെങ്കിലും അവിടെ ബാലറ്റ് കിട്ടിയിരുന്നില്ല. പിന്നീട് അതത് നിയോജകമണ്ഡലത്തിൽ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ വോട്ടുചെയ്യാൻ അവസരമൊരുക്കിയെങ്കിലും പലരുടെയും തപാൽ ബാലറ്റുകൾ അവിടെയും യഥാസമയം എത്തിയില്ല. തുടർന്ന്, പോളിങ് സാമഗ്രിവിതരണകേന്ദ്രങ്ങളിൽ ഇവർക്ക് വോട്ടുചെയ്യാൻ സൗകര്യമൊരുക്കിയെങ്കിലും കുറച്ചുപേർക്ക് മാത്രമാണ് വോട്ട് ചെയ്യാനായത്.
പല കേന്ദ്രങ്ങളിലും തപാൽ ബാലറ്റ് തക്കസമയത്ത് എത്താത്തിയില്ല. ഉദ്യോഗസ്ഥർ പോളിങ് സാമഗ്രികൾ വാങ്ങി വോട്ടെടുപ്പുകേന്ദ്രങ്ങളിലേക്കു പോയശേഷമാണ് വിതരണ കേന്ദ്രങ്ങളിൽ തപാൽ ബാലറ്റുകൾ എത്തിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് തന്നെ തങ്ങളുടെതല്ലാത്ത കാരണത്താൽ വോട്ട് ചെയ്യാൻ കഴിയാത്തത് കടുത്ത വിമർശനത്തിന് ഇടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

