സിനിമക്കാരടക്കം സെലിബ്രിറ്റികളുടെ ഫോട്ടോയും പോസ്റ്ററുകളുമായി ശബരിമല ദർശനം പാടില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: സിനിമ, രാഷ്ട്രീയ മേഖലകളിലുള്ളവരുടെയടക്കം സെലിബ്രിറ്റികളുടെ ഫോട്ടോയും പോസ്റ്ററുകളുമായി ശബരിമല ദർശനത്തിനോ പതിനെട്ടാംപടി കയറാനോ ഭക്തരെ അനുവദിക്കരുതെന്ന് ഹൈകോടതി. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾക്കനുസൃതമായി ദർശനം നടത്താനും ആരാധിക്കാനും ഭക്തർക്ക് അവസരം ഉറപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും ശബരിമല ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫിസറും നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
അന്തരിച്ച കന്നട നടൻ പുനീത് രാജ്‌കുമാറിന്‍റെയും മറ്റും വലിയ ചിത്രങ്ങളുമായി ശബരിമലയിൽ ദർശനത്തിനെത്തുന്നവരുടെ ചിത്രം ഒരു അയ്യപ്പഭക്തൻ ഹൈകോടതി രജിസ്ട്രാർ ജനറലിന് അയച്ചു നൽകിയതിന്‍റെ അടിസ്ഥാനത്തിൽ സ്വമേധയാ പരിഗണിച്ച ഹരജിയിലാണ് ഉത്തരവ്.
പ്രതിദിനം 80,000-90,000 ഭക്തർ ദർശനത്തിനെത്തുന്ന സാഹചര്യത്തിൽ മിനിറ്റിൽ 70-80 പേരെ വീതം പതിനെട്ടാം പടിയിലൂടെ ദർശനത്തിന് സന്നിധാനത്തേക്ക് കടത്തി വിടേണ്ടതുണ്ട്. അയ്യപ്പനോട് ഭക്തിയും ആരാധനയുമുള്ള ഭക്തർ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെയാണ് ദർശനം നടത്തേണ്ടതെന്നും ഇതിന് തടസ്സമാകുന്ന തരത്തിൽ വലിയ ഫോട്ടോകളും പോസ്റ്ററുകളുമായി സന്നിധാനത്ത് എത്താൻ ഭക്തരെ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

