വനിത സംവരണ സീറ്റിൽ ട്രാൻസ്ജെൻഡർ: വരണാധികാരിക്ക് തീരുമാനമെടുക്കാമെന്ന് ഹൈകോടതി
text_fieldsകൊച്ചി: തിരുവനന്തപുരം ജില്ല പഞ്ചായത്ത് വനിത സംവരണ ഡിവിഷനിലേക്ക് യു.ഡി.എഫ് സ്ഥാനാർഥിയായി ട്രാൻസ്ജെൻഡർ സമർപ്പിച്ച നാമനിർദേശപത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച് വരണാധികാരിക്ക് തീരുമാനമെടുക്കാമെന്ന് ഹൈകോടതി. പോത്തൻകോട് സംവരണ ഡിവിഷനിലേക്ക് പത്രിക സമർപ്പിച്ച ട്രാൻസ് വുമൺ അമേയ പ്രസാദിന്റെ ഹരജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
പത്രികകളുടെ സൂക്ഷ്മപരിശോധന സമയത്ത് സ്ഥാനാർഥികളടക്കം കക്ഷികളെ കേട്ടും നിയമവശങ്ങൾ പരിശോധിച്ചും തീരുമാനമെടുക്കാനാണ് നിർദേശം. ഹരജി ഫയലിൽ സ്വീകരിച്ച കോടതി, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു.
വോട്ടർപട്ടികയിൽ അമേയയുടെ പേരിനുനേരെ ട്രാൻസ്ജെൻഡർ എന്നുള്ളത് ചൂണ്ടിക്കാട്ടിയാണ് ഹരജി. പട്ടികയിൽ മാറ്റംവരുത്താൻ സമയമുണ്ടായിരുന്നല്ലോയെന്ന കോടതിയുടെ ചോദ്യത്തിന്, ജെൻഡർ മാറ്റണമെന്ന അപേക്ഷ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് നൽകിയിരുന്നുവെന്നായിരുന്നു മറുപടി. അപേക്ഷ നൽകേണ്ടിയിരുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനായിരുന്നുവെന്ന് പറഞ്ഞ കോടതി, തുടർന്നാണ് തീരുമാനം റിട്ടേണിങ് ഓഫിസർക്ക് വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

