അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർമാണ പ്ലാൻറ്:ആഗോള ടെൻഡർ വേണ്ടെന്ന് ഹൈകോടതി
text_fieldsകൊച്ചി: വാഹനങ്ങൾക്കായി അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർമിക്കുന്നതിന് പ്രത്യേക പ്ലാന്‍റ് സ്ഥാപിക്കുന്നതിന് ആഗോള ടെൻഡർ വിളിക്കാനുള്ള സർക്കാർ തീരുമാനം ഹൈകോടതി റദ്ദാക്കി.
2019 ഏപ്രിൽ ഒന്നിനുമുമ്പ് നിർമിച്ച വാഹനങ്ങൾക്കുവേണ്ടി ഗതാഗത വകുപ്പ് ജൂലൈ 30ന് ഇറക്കിയ ഉത്തരവാണ് ജസ്റ്റിസ് ദിനേശ്‌കുമാർ സിങ് റദ്ദാക്കിയത്. സർക്കാറിന്‍റെ ഈ ഉത്തരവ് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നടപ്പാക്കാതിരിക്കാനുള്ള തന്ത്രമാണെന്നും കോടതി വിമർശിച്ചു. അംഗീകാരമുള്ള നിർമാതാക്കളിൽനിന്നും ഡീലർമാരിൽനിന്നും സുതാര്യമായ ടെൻഡർ വിളിച്ച് പദ്ധതി നടപ്പാക്കാനും സർക്കാറിനോട് നിർദേശിച്ചു.
അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർമാതാക്കളായ മലപ്പുറത്തെ ഓർബിസ് ഓട്ടോമോട്ടീവ്സ് അടക്കം നൽകിയ ഹരജികൾ തീർപ്പാക്കിയാണ് കോടതി ഉത്തരവ്.
കേന്ദ്ര ഏജൻസികളുടെ ടൈപ് അപ്രൂവൽ സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും നമ്പർപ്ലേറ്റുകൾ നിർമിക്കാനും ഘടിപ്പിച്ച് നൽകാനും സർക്കാർ അനുവദിക്കുന്നില്ലെന്നായിരുന്നു ഹരജിക്കാരുടെ പരാതി. ഇതിനുള്ള അധികാരം സംസ്ഥാന സർക്കാറിനാണെന്ന കേന്ദ്ര ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം കോടതി തള്ളി.
സുതാര്യമായ ടെൻഡർ വിളിച്ച് ഉചിതമായ ഒന്നോ അതിലധികമോ സ്ഥാപനങ്ങളെ കണ്ടെത്തണമെന്ന് നിർദേശിച്ചു.
പഴയ വാഹനങ്ങളുടെ നമ്പർപ്ലേറ്റിനായി എടപ്പാളിലെ ഡ്രൈവർ ട്രെയിനിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്ലാന്‍റ് സ്ഥാപിക്കുമെന്നായിരുന്നു സർക്കാറിന്‍റെ മുൻ നിലപാട്. എന്നാൽ, ഇതിൽനിന്ന് പിന്നീട് പിന്മാറി.
പ്ലാന്‍റ് മറ്റൊരിടത്ത് സ്ഥാപിക്കുന്നതിന് മെഷിനറികൾ ലഭ്യമാക്കാൻ ആഗോള ടെൻഡർ വിളിക്കാൻ തുടർന്ന് ഉത്തരവിറക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

