സ്ഥാനാർഥിയായാൽ പോര, സാമാന്യ ബോധവും വേണമെന്ന് ഹൈകോടതി
text_fieldsകേരള ഹൈകോടതി
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നവർക്ക് പക്വതയും സാമാന്യ ബോധവും വേണമെന്ന് ഹൈകോടതി. തെരഞ്ഞെടുപ്പ് നിയമങ്ങളെക്കുറിച്ചും അത്യാവശ്യം ധാരണ വേണം. മത്സരിക്കാൻ ഒരുങ്ങിയ ശേഷമാണ് തന്‍റെ പേര് വോട്ടർ പട്ടികയിലില്ലെന്ന് അറിയുന്നതെങ്കിൽ പിന്നെ അതേപ്പറ്റി മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. വോട്ടർ പട്ടികയിൽ പേരില്ലാത്തത് ചൂണ്ടിക്കാട്ടി സ്ഥാനാർഥികളടക്കം നൽകിയ ഒരു കൂട്ടം ഹരജികൾ പരിഗണിക്കവേയാണ് സിംഗിൾബെഞ്ചിന്‍റെ പരാമർശം.
വിദ്യാഭ്യാസം കുറഞ്ഞവർ പോലും വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തത് ചോദ്യം ചെയ്ത് യഥാസമയം കോടതിയിൽ നിന്ന് പരിഹാരം കണ്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്വന്തം പേര് പട്ടികയിലുണ്ടോ എന്ന് നോക്കാനുള്ള ബോധമെങ്കിലും സ്ഥാനാർഥികളാകാൻ പോകുന്നവർ കാണിക്കേണ്ടതുണ്ട്. കോഴിക്കോട് മേയർ സ്ഥാനാർഥിയായി യു.ഡി.എഫ് നിശ്ചയിച്ച സംവിധായകൻ വി.എം.വിനുവിന്‍റെ ഹരജി തള്ളിയ ശേഷമാണ് സമാന ഹരജികൾ പരിഗണിച്ചത്. കരട് പട്ടികയിൽ പോലും പേരില്ലാതിരുന്നവരുടെ ഹരജികൾ കോടതി തള്ളി. അതേസമയം, ആരോപണം നിലനിൽക്കുന്നതാണെന്ന് വിലയിരുത്തിയ ചില കേസുകൾ ഫയലിൽ സ്വീകരിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍റെ വിശദീകരണവും തേടി.
വോട്ടർ പട്ടിക പുതുക്കുന്ന നടപടികൾ മാസങ്ങൾക്ക് മുമ്പേ തുടങ്ങിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കരട് പട്ടിക വന്ന ശേഷവും പേര് ചേർക്കാൻ അവസരമുണ്ടായിരുന്നു. ഈ ഘട്ടങ്ങളിൽ ഒട്ടേറെ പേർ കോടതിയെ സമീപിച്ച് പരിഹാരം കണ്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടപടികൾ ആഭംഭിച്ചിരിക്കെ ഈ ഘട്ടത്തിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
അപ്പീലിലെ തീരുമാനം ഹരജിക്കാരിയെ കമീഷൻ അറിയിക്കണം
കൊച്ചി: അന്തിമ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട അപ്പീലിലെ തീരുമാനം തിരുവനന്തപുരം കോർപറേഷൻ 27ാം വാർഡായ മുട്ടടയിലെ നിയുക്ത യു.ഡി.എഫ് സ്ഥാനാർഥി എസ്.എൽ. വൈഷ്ണയെ അറിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന് ഹൈകോടതിയുടെ നിർദേശം. കോടതി നിർദേശത്തെത്തുടർന്ന് വൈഷ്ണ നൽകിയ അപ്പീൽ അപേക്ഷയിൻമേൽ ചൊവ്വാഴ്ചതന്നെ ഹരജിക്കാരിയെയും പരാതിക്കാരനെയും കേട്ടെങ്കിലും തെരഞ്ഞെടുപ്പ് കമീഷൻ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ലെന്ന് ഹരജിക്കാരിയുടെ അഭിഭാഷകൻ അറിയിച്ചപ്പോഴാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ നിർദേശം.
തീരുമാനം കോടതിയിൽ അറിയിക്കാനാണ് നിർദേശിച്ചിരിക്കുന്നതെന്ന പേരിലാണ് കമീഷൻ ഇക്കാര്യം നേരിട്ട് ഹരജിക്കാരിയെ അറിയിക്കാത്തതെന്നായിരുന്നു അഭിഭാഷകൻ കോടതിയെ അറിയിച്ചത്. എന്നാൽ, ഉത്തരവിൽ ഇങ്ങനെയൊരു നിർദേശം ഇല്ലെന്നും ചൂണ്ടിക്കാട്ടി. അതേസമയം, വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയതിനെതിരെ വൈഷ്ണ നൽകിയ ഹരജി വ്യാഴാഴ്ച കോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

