വാർധക്യകാലത്ത് പിതാവിനെ സംരക്ഷിക്കാൻ മക്കൾ ബാധ്യസ്ഥരെന്ന് ഹൈകോടതി
text_fieldsകൊച്ചി: കഷ്ടപ്പെട്ട് വളർത്തിയ പിതാവിനെ വാർധക്യകാലത്ത് സംരക്ഷിക്കാൻ മക്കൾ ബാധ്യസ്ഥരാണെന്ന് ഹൈകോടതി. ധാർമികചുമതല എന്നതിനെക്കാൾ സ്നേഹവും വാത്സല്യവും നൽകി സംരക്ഷണം നൽകുകയെന്നത് നിയമപരമായ ഉത്തരവാദിത്തമാണെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. മലപ്പുറം വളാഞ്ചേരി എടയൂരിലെ 74കാരന് ആൺമക്കൾ പ്രതിമാസം 20,000 രൂപ നൽകണമെന്ന് നിർദേശിച്ച് പുറപ്പെടുവിച്ച ഉത്തരവിലാണ് നിരീക്ഷണം. പിതാവിന് സ്വന്തം നിലക്ക് ജീവിക്കാനാകുമെന്ന മക്കളുടെ വാദം അംഗീകരിച്ച് തിരൂർ കുടുംബ കോടതി പുറപ്പെടുവിച്ച ഉത്തരവും സിംഗിൾ ബെഞ്ച് റദ്ദാക്കി.
ആദ്യവിവാഹത്തിലുണ്ടായ മൂന്ന് ആൺമക്കളിൽനിന്ന് സഹായം തേടിയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. പ്രായാധിക്യം മൂലം ജോലി ചെയ്യാനാവുന്നില്ലെന്നും നല്ല രീതിയിൽ ജീവിക്കുന്ന മക്കളിൽനിന്ന് സഹായം വേണമെന്നുമായിരുന്നു ആവശ്യം. 2013ൽ ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്ത ഇദ്ദേഹം രണ്ടാം ഭാര്യക്കൊപ്പമാണ് താമസിക്കുന്നത്.
വയോധിക പിതാവിനെ അവഗണിക്കുന്നത് സമൂഹത്തിന്റെ അടിത്തറയെ ദുർബലപ്പെടുത്തുന്ന നടപടിയാണെന്ന് വിശുദ്ധ ഗ്രന്ഥങ്ങൾ ഉദ്ധരിച്ച് കോടതി നിരീക്ഷിച്ചു. മാതാപിതാക്കളെ നോക്കാത്ത മകൻ സ്വന്തം ധർമമാണ് മറക്കുന്നത്. മാതാപിതാക്കളോട് കരുണ കാട്ടണമെന്ന് ഖുർആനും ബൈബിളും പറയുന്നു. അവരെ അവഗണിക്കുന്നത് നിയമവിരുദ്ധം മാത്രമല്ല, സാമൂഹികവും ധാർമികവുമായ മൂല്യങ്ങൾക്ക് എതിരുമാണ്. മെയിൻറനൻസ് ഓഫ് പാരൻറ്സ് ആൻഡ് സീനിയർ സിറ്റിസൺ ആക്ടിലും മകനിൽനിന്ന് ജീവനാംശത്തിന് പിതാവിന് അവകാശമുണ്ടെന്ന് വ്യവസ്ഥയുണ്ട്. പിതാവിനെ അവഗണിക്കുന്ന സമീപനമുണ്ടായാൽ മകനിൽനിന്ന് സാമ്പത്തിക സഹായം തേടി നിയമ നടപടിയുമാകാം. വയോധിക മാതാപിതാക്കൾക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ ധനസഹായം നൽകുന്നുവെന്നതിലൂടെ മക്കളുടെ ഉത്തരവാദിത്തം ഇല്ലാതാകുന്നില്ല.
ഹരജിക്കാരന്റെ രണ്ടു മക്കൾ സ്വന്തം ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന്റെ മാനേജർമാരും ഒരാൾ കുവൈത്ത് ഓയിൽ കമ്പനിയിൽ ജോലിക്കാരനും ഒന്നും ഒന്നരയും ലക്ഷം രൂപ വീതം മാസംതോറും പ്രതിഫലം ലഭിക്കുന്നവരുമാണെന്ന് കോടതി വിലയിരുത്തി. ഹരജിക്കാരന് വരുമാനമുള്ളതിന് രേഖകളില്ലെന്നും വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

