യു.എ.പി.എ കേസുകളിൽ മുൻകൂർ ജാമ്യ ഹരജി നിലനിൽക്കില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: യു.എ.പി.എ ചുമത്തിയ കേസുകളിൽ അത്യപൂർവ സാഹചര്യത്തിലല്ലാതെ മുൻകൂർ ജാമ്യ ഹരജി നിലനിൽക്കില്ലെന്ന് ഹൈകോടതി. നയതന്ത്ര ചാനൽ സ്വർണക്കടത്ത് കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന 20ാം പ്രതി പെരിന്തൽമണ്ണ സ്വദേശി അഹമ്മദ് കുട്ടി പൊതിയിലിന്‍റെ മുൻകൂർ ജാമ്യ ഹരജി തള്ളിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണം. എൻ.ഐ.എ പ്രത്യേക കോടതി മുൻകൂർ ജാമ്യ ഹരജി തള്ളിയതിനെ തുടർന്നാണ് ഇയാൾ ഹൈകോടതിയെ സമീപിച്ചത്.
തീവ്രവാദക്കുറ്റം ചുമത്തിയതിനെതിരെ ഹൈകോടതിയുടെ നിരീക്ഷണമടക്കം ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകിയത്. മറ്റു പ്രതികളുടെ മൊഴിയല്ലാതെ ഹരജിക്കാരനെതിരെ അന്വേഷണ ഏജൻസി കൂടുതൽ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു ഒരു വാദം. ഇതേ കേസിൽ മറ്റു പ്രതികൾക്ക് ജാമ്യം ലഭിച്ചതും ചൂണ്ടിക്കാട്ടി.
എന്നാൽ, യു.എ.പി.എ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയതിനാൽ നിയമത്തിലെ 43 ാം വകുപ്പനുസരിച്ച് മുൻകൂർ ജാമ്യ ഹരജി നിലനിൽക്കില്ലെന്ന് എൻ.ഐ.എക്കുവേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ വാദിച്ചു. അതേസമയം, പട്ടികജാതി -പട്ടികവർഗ പീഡന നിരോധന നിയമത്തിലും സമാന വകുപ്പുണ്ടെന്നും ഇത് പ്രകാരം മുൻകൂർ ജാമ്യത്തിന് അർഹതയുണ്ടെന്നും ഹരജിക്കാരനും ചൂണ്ടിക്കാട്ടി. കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് മുൻകൂർ ജാമ്യം അനുവദിക്കാവുന്നതാണെന്നും ബോധിപ്പിച്ചു.
എന്നാൽ, പട്ടികജാതി -പട്ടികവർഗ പീഡന നിരോധന നിയമത്തിൽനിന്ന് വ്യത്യസ്തമാണ് എൻ.ഐ.എ നിയമത്തിലെ സമാന വ്യവസ്ഥയെന്നും രണ്ട് നിയമങ്ങളും താരതമ്യം ചെയ്യാനാവില്ലെന്നും എൻ.ഐ.എ വാദിച്ചു. ഇരു നിയമങ്ങളിലെയും വകുപ്പുകളും സുപ്രീംകോടതി വിധികളും പരിശോധിച്ച ഡിവിഷൻ ബെഞ്ച്, യു.എ.പി.എ കേസുകളിൽ മുൻകൂർ ജാമ്യ ഹരജി നിലനിൽക്കില്ലെന്ന് വ്യക്തമാക്കി.
കുറ്റകൃത്യവുമായി ബന്ധമില്ലെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമാകുന്ന അത്യപൂർവ സാഹചര്യത്തിൽ മാത്രമാണ് ഇത്തരം കേസുകളിൽ കോടതിക്ക് മുൻകൂർ ജാമ്യം നൽകാൻ അധികാരമുള്ളത്. എന്നാൽ, ഈ കേസിൽ ഇത്തരമൊരു സാഹചര്യമില്ല. രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നറിഞ്ഞുകൊണ്ടുതന്നെ പ്രതി ചെയ്ത കുറ്റകൃത്യമാണ്. കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ അനിവാര്യമെന്ന എൻ.ഐ.എ വാദം അംഗീകരിച്ച കോടതി ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

