‘എടാ’ ‘പോടാ’ വിളി വേണ്ട; പൊലീസിന്റെ മോശം പെരുമാറ്റം അനുവദിക്കാനാവില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: പൊലീസ് ആരെയും ചെറുതായി കാണരുതെന്നും എല്ലാവർക്കും തുല്യ ബഹുമാനം നൽകണമെന്നും ഹൈകോടതി. പരമാധികാരം ജനങ്ങൾക്കാണ്. പൊലീസുകാരിൽനിന്ന് മോശം പെരുമാറ്റം ഒരു തരത്തിലും അനുവദിക്കാനാവില്ല. ‘എടാ’ ‘പോടാ’ വിളി വേണ്ടെന്ന് കർശന നിർദേശം നൽകി സംസ്ഥാന പൊലീസ് മേധാവി വീണ്ടും സർക്കുലർ പുറപ്പെടുവിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. പാലക്കാട്ട് ആലത്തൂരിൽ അഭിഭാഷകനോട് പൊലീസ് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയ സംഭവത്തിലെ ഹരജി പരിഗണിക്കവേയാണ് ഈ നിർദേശം. ജനുവരി എട്ടിന് വിഷയം പരിഗണിച്ചപ്പോൾ ഹൈകോടതി നിർദേശിച്ച പ്രകാരം വിശദീകരണം നൽകാൻ സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് ഓൺലൈൻ മുഖേന ഹാജരായിരുന്നു.
അപകടത്തിൽപെട്ട വാഹനം വിട്ടുകിട്ടാനുള്ള കോടതി ഉത്തരവുമായി ആലത്തൂർ സ്റ്റേഷനിലെത്തിയ അഡ്വ. ആക്വിബ് സുഹൈലിനോട് എസ്.ഐ റിനീഷ് അപമര്യാദയായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. മറ്റ് ഹരജികൾ പരിഗണിക്കുന്നതിനിടെ ഇക്കാര്യം ഒരു അഭിഭാഷക ശ്രദ്ധയിൽപെടുത്തിയതിനെത്തുടർന്നാണ് വിഷയം മുമ്പ് കോടതി പരിഗണിച്ചത്. ഇതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജിയാണ് വ്യാഴാഴ്ച പരിഗണനക്കെത്തിയത്.
എസ്.ഐയുടെ ‘എടാ’ വിളിയാണ് ഏറ്റവും അസ്വസ്ഥതയുണ്ടാക്കിയതെന്ന് കോടതി പറഞ്ഞു. ഈ നടപടി ശരിയാണോയെന്ന ചോദ്യത്തിന് സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചുവെന്നായിരുന്നു ഡി.ജി.പിയുടെ മറുപടി. ശിക്ഷാനടപടിയുടെ ഭാഗമായി അയാളെ സ്ഥലം മാറ്റിയിട്ടുണ്ട്. വകുപ്പുതല അന്വേഷണത്തിനുശേഷം തുടർനടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകിയ ഡി.ജി.പി, ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയതായും അറിയിച്ചു. സംസ്കാരസമ്പന്നമായി പെരുമാറുന്ന പൊലീസാണ് വേണ്ടതെന്ന കോടതിയുടെ പരാമർശത്തിന് അതിനാണ് ശ്രമിക്കുന്നതെന്ന് ഡി.ജി.പി മറുപടിയും നൽകി.
ഇയാൾ ആദ്യം മറ്റൊരു സ്റ്റേഷനിൽ ആയിരുന്നുവെന്നും അവിടെ പ്രശ്നം ഉണ്ടാക്കിയതിനെത്തുടർന്നാണ് ആലത്തൂരിലേക്ക് മാറ്റിയതെന്നും അഭിഭാഷകൻ വിശദീകരിച്ചു. സ്ഥലംമാറ്റിയതല്ലാതെ മറ്റ് ശിക്ഷാ നടപടികളുണ്ടായില്ലെന്നും വ്യക്തമാക്കി. ഈ ഘട്ടത്തിലാണ് ആരെയും ചെറുതായി കാണരുതെന്നും വ്യക്തികൾക്ക് തുല്യ ബഹുമാനം നൽകണമെന്നും കോടതി അഭിപ്രായപ്പെട്ടത്. അഭിഭാഷകനായതുകൊണ്ടല്ല സംഭവത്തിൽ കോടതി ഇടപെടുന്നത്. സാധാരണക്കാരനായിരുന്നെങ്കിൽ ഇതിനെക്കാൾ കർശന നടപടി ഉണ്ടായേനെയെന്നും കോടതി പറഞ്ഞു. ഇത്തരം പെരുമാറ്റരീതികൾ മാറ്റിയെടുക്കാൻ സമയം വേണ്ടിവരുമെന്ന് ഡി.ജി.പി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥന് നോട്ടീസ് അയക്കാൻ ഉത്തരവിട്ട കോടതി, ഇയാൾക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ രേഖാമൂലം അറിയിക്കാൻ ഡി.ജി.പിയോടും നിർദേശിച്ചു. ഹരജി ഫെബ്രുവരി ഒന്നിന് വീണ്ടും പരിഗണിക്കും.
എസ്.ഐയെ മാറ്റി
ആലത്തൂർ: പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തിൽ ആലത്തൂർ എസ്.ഐ വി.ആര്. റെനീഷിനെ എസ്.പി ഓഫിസിലേക്ക് സ്ഥലംമാറ്റി. അപകടത്തിൽ കസ്റ്റഡിയിലെടുത്ത ബസ് വിട്ടുനൽകാനുള്ള കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയ അഭിഭാഷകൻ അഖീബ് സുഹൈലിനോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്നാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

