കൊച്ചി: ഡ്രൈവർക്കൊപ്പം ഒാട്ടോറിക്ഷയുടെ മുൻസീറ്റിലിരുന്ന് സഞ്ചരിക്കുന്ന യാത്രക്കാരന് അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷക്ക് അർഹതയുണ്ടാവില്ലെന്ന് ഹൈകോടതി.
ഗുഡ്സ് ഒാട്ടോറിക്ഷയിൽ ഡ്രൈവറുടെ സീറ്റ് പങ്കിട്ട് യാത്രചെയ്യുന്നതിനിടെ അപകടത്തിൽ പരിക്കേറ്റ മംഗലാപുരം സ്വദേശി ഭീമക്ക് നഷ്ടപരിഹാരം നൽകണമെന്ന മോട്ടോർ ആക്സിഡൻറ് ക്ലെയിം ട്രൈബ്യൂണലിെൻറ ഉത്തരവിനെതിരെ ഇൻഷുറൻസ് കമ്പനി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീെൻറ ഉത്തരവ്.
കാസർകോട് സ്വദേശി ബൈജുമോൻ ഗുഡ്സ് ഒാട്ടോയിൽ നിർമാണ സാമഗ്രികളുമായി പോകുമ്പോൾ 2008 ജനുവരി 23ന് ഉച്ചക്കുണ്ടായ അപകടത്തിലാണ് ഒപ്പംകയറിയ ഭീമക്ക് അപകടമുണ്ടായത്. 1.50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭീമ നൽകിയ ഹരജി അനുവദിച്ച ട്രൈബ്യൂണൽ വിധിക്കെതിരെ ഇൻഷുറൻസ് കമ്പനി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
ഡ്രൈവറുടെ സീറ്റിൽ അനധികൃതമായി ഇരുന്ന് യാത്ര ചെയ്ത വ്യക്തിക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്ന കമ്പനിയുടെ വാദം കോടതി അനുവദിച്ചു. നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത ഒാട്ടോ ഡ്രൈവറും ഉടമയുമായ ബൈജുമോനാണെന്നും കോടതി വ്യക്തമാക്കി.