വിദേശത്ത് പരിപാടി അവതരിപ്പിക്കാം, വേടന്‍റെ ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകി ഹൈകോടതി
text_fieldsറാപ്പർ വേടൻ
കൊച്ചി: റാപ്പർ വേടന് ജാമ്യ വ്യവസ്ഥയിൽ വീണ്ടും ഇളവ് നൽകി ഹൈകോടതി. രാജ്യം വിട്ടുപോകരുതെന്ന മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥ ഹൈകോടതി റദ്ദാക്കി. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിലെ ജാമ്യവ്യവസ്ഥയിലാണ് ഇളവ്. വിദേശത്ത് സംഗീതപരിപാടി അവതരിപ്പിക്കുന്നതിനായാണ് വേടൻ ജാമ്യ ഇളവ് തേടി ഹൈകോടതിയെ സമീപിച്ചത്. അഞ്ച് വിദേശരാജ്യങ്ങളിലേക്ക് പോകാൻ അനുമതി തേടിയാണ് വേടൻ കോടതിയെ സമീപിച്ചത്.
കേസിന്റെ അന്വേഷണവുമായി സഹകരിച്ചുപോകുന്ന പശ്ചാത്തലത്തിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകണമെന്ന ആവശ്യമാണ് ഹൈകോടതി അംഗീകരിച്ചിരിക്കുന്നത്. അപമര്യാദയോടെയുള്ള പെരുമാറ്റം, സ്ത്രീത്വത്തെ അപമാനിച്ചു എന്നതുൾപ്പെടെയുള്ള കേസിൽ ജില്ലാ കോടതി നൽകിയ ജാമ്യവ്യവസ്ഥകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈകോടതിയെ വേടൻ നേരത്തേ സമീപിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, വിദേശയാത്രകൾ ഒഴിവാക്കണം എന്നിങ്ങനെ പ്രധാനപ്പെട്ട രണ്ട് വ്യവസ്ഥകളിൽ ഇളവ് ചെയ്യണമെന്ന ആവശ്യമായിരുന്നു വേടൻ ഉന്നയിച്ചത്. ജർമനി, ഫ്രാൻസ്, സൗദി അറേബ്യ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ പരിപാടികൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും വേടൻ അറിയിച്ചു.
നേരത്തെ, ഗവേഷക വിദ്യാർഥിനിയെ അപമാനിച്ചെന്ന കേസിൽ വേടന്റെ മുൻകൂർ ജാമ്യവ്യവസ്ഥയിൽ ഹൈകോടതി ഇളവ് നൽകിയിരുന്നു. കേരളം വിടരുതെന്ന വ്യവസ്ഥയാണ് അന്ന് ഹൈകോടതി റദ്ദാക്കിയിരുന്നത്.
വിവാഹ വാഗ്ദാനം നല്‍കി അഞ്ചുതവണ പീഡിപ്പിച്ചുവെന്നതാണ് വേടനെതിരായ ബലാത്സംഗക്കേസ്. യുവ ഡോക്ടറുടെ പരാതിയില്‍ വേടനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വൈദ്യ പരിശോധനക്ക് ശേഷം വിട്ടയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

