സെലിബ്രിറ്റികൾ നാട്ടിലെ കാര്യങ്ങളൊന്നും അറിയുന്നില്ലേ? വി.എം. വിനുവിന്റെ ഹരജി തള്ളി ഹൈകോടതി, സ്ഥാനാർഥിയാകാൻ കഴിയില്ല
text_fieldsകൊച്ചി: വോട്ടർപട്ടികയിൽ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ കോഴിക്കോട് കോർപറേഷൻ മേയർ സ്ഥാനാർഥിയും സംവിധായകനുമായ വി.എം. വിനു നൽകിയ ഹരജി ഹൈകോടതി തള്ളി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് വിനുവിന്റെ ഹരജി പരിഗണിച്ചത്. സെലിബ്രിറ്റിയായത് കൊണ്ട് ഒരു പ്രത്യേകതയുമില്ലെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് വി.എം. വിനുവിന്റെ ഹരജിയിൽ കോടതി പരിഗണിക്കാനെടുത്തത്.
രാഷ്ട്രീയക്കാരും സാധാരണക്കാരും ഒരുപോലെയാണെന്ന് പറഞ്ഞ കോടതി വൈഷ്ണയുടെ കാര്യം പ്രത്യേക വിഭാഗത്തിലുള്ളതാണെന്നും കോടതി വ്യക്തമാക്കി. പ്രാഥമിക വോട്ടർപട്ടികയിൽ വൈഷ്ണയുടെ പേരുണ്ടായിരുന്നു. പിന്നീട് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ വൈഷ്ണയുണ്ടായിരുന്നില്ല. തുടർന്നാണ് അവർ കോടതിയെ സമീപിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടികയിൽ പേരുള്ള ഒരാൾക്ക് ഇത്തവണത്തെ വോട്ടർപട്ടികയിൽ നിന്ന് തന്നെ വെട്ടിമാറ്റിയതാണെന്ന് ആരോപിക്കാൻ പറ്റും. വോട്ടർപട്ടിക പോലും പരിശോധിക്കാതെയാണോ മത്സരിക്കാനിറങ്ങിയതെന്നും കോടതി ആരാഞ്ഞു.അതിനാൽ ഇക്കാര്യത്തിൽ ഇടപെടാൻ കഴിയില്ലെന്നു വ്യക്തമാക്കിയ കോടതി സെലിബ്രിറ്റികൾ എന്തുകൊണ്ടാണ് നാട്ടിലെ കാര്യങ്ങൾ അറിയാതെ പോകുന്നതെന്നും ചോദിച്ചു.
വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ ഇനി വി.എം. വിനുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സാധിക്കില്ല. അതിനാൽ പുതിയ സ്ഥാനാർഥിയെ കണ്ടുപിടിക്കുന്നതിന്റെ പരക്കംപാച്ചിലിലാണ് കോൺഗ്രസ്.
വർഷങ്ങളായി കോഴിക്കോട് കോർപറേഷനിൽ സ്ഥിരമായി താമസിക്കുന്ന ആളാണെന്നും വോട്ട് ചെയ്യാനുള്ള തന്റെ ഭരണഘടനാപരമായ അവകാശം പുനഃസ്ഥാപിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ടാണ് വിനു ഹൈകോടതിയിൽ ഹരജി നൽകിയത്. കലക്ടർക്കു നൽകിയ പരാതിയിൽ നടപടിയുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് വിനു ഹൈകോടതിയെ സമീപിപിച്ചത്.
കഴിഞ്ഞ ദിവസമാണ് വി.എം. വിനുവിന് കോർപറേഷൻ പരിധിയിൽ വോട്ടില്ല എന്ന കാര്യം സ്ഥിരീകരിച്ചത്. അപ്പോഴേക്കും വി.എം. വിനു തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു. വോട്ട് സി.പി.എം മനഃപൂർവം വെട്ടിയതാണ് എന്നാരോപിച്ച് പിന്നീട് വിനു രംഗത്തുവന്നു. ഇതുകാണിച്ച് കോഴിക്കോട് കലക്ടർക്ക് പരാതി നൽകുകയും ചെയ്തു. കലക്ടർ പ്രത്യേക അധികാരം ഉപയോഗിച്ച് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുമെന്നായിരുന്നു വി.എം. വിനുവും കോൺഗ്രസും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പരമാവധി സമയം നൽകിയിട്ടും അത് പാഴാക്കിയത് വോട്ടറുടെ വീഴ്ചയാണെന്നും വോട്ടവകാശം നൽകരുതെന്നും എൽ.ഡി.എഫ് നേതൃത്വം കലക്ടറോട് ആവശ്യപ്പെട്ടു.
2020ൽ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്ന വ്യക്തിയുടെ പേര് 2025 ൽ അകാരണമായി വെട്ടിപ്പോയാൽ മാത്രമേ കലക്ടർക്ക് പ്രത്യേക അധികാരം ഉപയോഗിച്ച് വോട്ടവകാശം പുനഃസ്ഥാപിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ 2020ലെ വോട്ടർപട്ടികയിലും വിനുവിന്റെ പേരില്ലായിരുന്നുവെന്നും എൽ.ഡി.എഫ് ചൂണ്ടിക്കാട്ടി. തുടർന്ന് തന്റെ അപേക്ഷയിൽ കലക്ടറിൽ നിന്ന് അനുകൂല പ്രതികരണം ഇല്ലാതെ വന്നപ്പോഴാണ് വിനു ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

