എം.എം ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിന് നൽകണം; പെൺമക്കളുടെ ഹരജി ഹൈകോടതി തള്ളി
text_fieldsകൊച്ചി: അന്തരിച്ച സി.പി.എം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കാൻ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് പെൺമക്കൾ നൽകിയ പുനഃപരിശോധനാ ഹർജിയും ഹൈകോടതി തള്ളി. പെൺമക്കളായ ആശയും സുജാതയും നൽകിയ റിവ്യൂ ഹർജികളാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് തളളിയത്.
മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനാവശ്യത്തിന് വിട്ടു നൽകണമെന്നായിരുന്നു ലോറൻസിന്‍റെ ആഗ്രഹമെന്ന് മകൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ക്രിസ്ത്യൻ മതാചാര പ്രകാരമുളള അന്ത്യകർമങ്ങൾ തങ്ങളുടെ പിതാവ് ആഗ്രഹിച്ചിരുന്നെന്നായിരുന്നു പെൺമക്കളുടെ വാദം. ഈ ആവശ്യം നേരത്തെ സുപ്രീംകോടതിയും തളളിയിരുന്നു.
2024 സെപ്റ്റംബർ 21നാണ് സി.പി.എം മുതിർന്ന നേതാവായ എം.എം. ലോറൻസ് അന്തരിച്ചത്. ഇതിന് പിന്നാലെ മകൻ എം.എൽ. സജീവന്‍റെ തീരുമാന പ്രകാരം പിതാവിന്‍റെ മൃതദേഹം പഠനത്തിന് കൈമാറാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, തീരുമാനത്തെ എതിർത്ത ആശ ലോറൻസ് പിതാവിന്‍റെ ആഗ്രഹം പള്ളി സെമിത്തേരിയിൽ സംസ്കരിക്കണമെന്നാണെന്നും മതപരമായ ചടങ്ങുകളോടെ സംസ്കരിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി.
തുടർന്ന് മൃതദേഹം പൊതുദർശനത്തിന് വെച്ച എറണാകുളം ടൗൺ ഹാളിൽ എത്തിയ ആശ ലോറൻസ് പരസ്യമായി എതിർപ്പുയർത്തുകയും ചെയ്തു. ഇത് ആശയും സി.പി.എം പ്രവർത്തകരും തമ്മിൽ വാക്കേറ്റത്തിനും കൈയ്യാങ്കളിയിലുമാണ് കലാശിച്ചത്. ഇതിന് പിന്നാലെ ആശ ലോറൻസ് മെഡിക്കൽ പഠനത്തിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ ഹൈകോടതിയെ സമീപിക്കുകയും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ കോടതി മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും ചെയ്തു.
എന്നാൽ, ശരീരം മെഡിക്കൽ പഠനത്തിന് വിട്ടുനൽകണമെന്ന് സാക്ഷികളുടെ മുമ്പാകെ ലോറൻസ് ആവശ്യപ്പെട്ടിരുന്നുവെന്ന് മകൻ എം.എൽ. സജീവൻ കോടതിയെ ബോധിപ്പിച്ചു. ഇതംഗീകരിച്ചാണ് ആദ്യം സിംഗിൾ ബെഞ്ചും പിന്നീട് ഡിവിഷൻ ബെഞ്ചും മൃതദേഹം വിട്ടുനൽകാൻ ഉത്തരവിട്ടത്. എന്നാൽ, കള്ളസാക്ഷികളെയാണ് സജീവൻ ഹാജാരാക്കിയതെന്ന് മറ്റൊരു മകൾ സുജാത ബോബൻ ആരോപിച്ചു. ഇതോടെ ഹൈകോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിനെതിരെ ആശ ലോറൻസ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീംകോടതി വിധിയും പെൺമക്കൾക്ക് എതിരായിരുന്നു. പിന്നീടാണ് ഇവർ ഹൈകോടതിയിൽ പുന:പരിശോധ ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

