ഭാരതാംബ വിവാദം; കേരള രജിസ്ട്രാറുടെ സസ്പെൻഷന് സ്റ്റേയില്ല
text_fieldsകൊച്ചി: കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടിക്ക് ഹൈകോടതി സ്റ്റേയില്ല. സസ്പെൻഷന് സ്റ്റേ അനുവദിക്കണമെന്ന രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന്റെ ആവശ്യം നിരസിച്ച ജസ്റ്റിസ് എൻ. നഗരേഷ് ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. സംഭവത്തിൽ കോടതി കേരള സർവകലാശാലയുടെയും പൊലീസിന്റേയും വിശദീകരണവും തേടി.
കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം വേദിയിൽ സ്ഥാപിച്ചതിനെ തുടർന്ന് ഗവർണർ പങ്കെടുക്കേണ്ട ചടങ്ങ് റദ്ദാക്കാൻ രജിസ്ട്രാർ നിർദേശിച്ചിരുന്നു. ചിത്രം നീക്കാൻ സംഘാടകർ തയാറാകാത്തതിനെ തുടർന്നാണ് രജിസ്ട്രാർ അന്നത്തെ പരിപാടിക്ക് അനുമതി നിഷേധിച്ചത്. എന്നാൽ, ഗവർണറുടെ ചടങ്ങ് തന്റെ അറിവില്ലാതെ റദ്ദാക്കാൻ ശ്രമിച്ചുവെന്നതിന്റെ പേരിൽ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ രജിസ്ട്രാറെ സസ്പെൻഡ് ചെയ്തു. ഈ നടപടി ചോദ്യം ചെയ്താണ് അടിയന്തിര ഹരജിയുമായി രജിസ്ട്രാർ കോടതിയെ സമീപിച്ചത്. സ്റ്റേജിൽ മതചിഹ്നം കണ്ടതിനാലാണ് ചടങ്ങ് റദ്ദാക്കാൻ ആവശ്യപ്പെട്ടതെന്ന് രജിസ്ട്രാർ വെള്ളിയാഴ്ച കോടതിയിൽ അറിയിച്ചു. ഹിന്ദു ദേവതയുടെ ചിത്രം വേദിയിൽ വെച്ചിട്ടുണ്ടെന്ന് സെക്യൂരിറ്റി ഓഫിസർ അറിയിച്ചതിനെ തുടർന്ന് നേരിൽ പരിശോധിച്ച ശേഷമാണ് പരിപാടി റദ്ദാക്കാൻ നിർദേശിച്ചത്.
വേദിയിൽ ഏത് മതചിഹ്നമാണ് ഉണ്ടായിരുന്നതെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. കാവിക്കൊടിയേന്തിയ വനിതയുടെ ചിത്രമാണെന്ന് അഭിഭാഷൻ വിശദീകരിച്ചു. അത് ഹിന്ദു ദേവതയാകുന്നങ്ങനെയെന്നായിരുന്നു കോടതിയുടെ ചോദ്യം. ഭാരതാംബയെ കൊടിയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നതെങ്ങനെയാണ്? ഇത് ദൗർഭാഗ്യകരമാണെന്നും കോടതി വാക്കാൽ പരാമർശിച്ചു.
സൗദിയിൽ തൊഴിൽ തേടിയെത്തിയ മരപ്പണിക്കാരനായ തന്റെ സുഹൃത്തിന് വർഷങ്ങൾക്ക് മുമ്പുണ്ടായ അനുഭവവും ജസ്റ്റിസ് നഗരേഷ് പങ്കുവെച്ചു. സുഹൃത്തിന്റെ കൈവശം കഥകളി ചിത്രം കണ്ട് തെറ്റിദ്ധരിച്ച സൗദി സുരക്ഷാ ഉദ്യോഗസ്ഥർ ‘ബ്ലഡി ഹിന്ദു ഗോഡ്’ എന്ന് പറഞ്ഞ് അത് കീറിയെറിഞ്ഞതായി ജഡ്ജി പറഞ്ഞു. ഹാളിന് പുറത്ത് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം നടക്കുന്ന കാര്യം കൂടി കണക്കിലെടുത്താണ് പി.ആർ.ഒ മുഖേന രാജ്ഭവനിലേക്ക് സന്ദേശമയച്ചതെന്ന് രജിസ്ട്രാർ ചൂണ്ടിക്കാട്ടി. എന്നാൽ, പൊലീസ് ഇത്തരത്തിൽ എന്തെങ്കിലും റിപ്പോർട്ട് തന്നിരുന്നോ എന്നും പൊലീസിന് നിയന്ത്രിക്കാൻ പറ്റാത്ത വിധം വലിയ സംഘർഷാവസ്ഥയായിരുന്നോ എന്നും കോടതി ചോദിച്ചു. വിഷയം സംബന്ധിച്ച് പൊലീസിന്റെയും സർവകലാശാലയുടേയും വിശദീകരണവും തേടി.
കേരള സർവകലാശാല നിയമപ്രകാരം ഡെപ്യൂട്ടി രജിസ്ട്രാർക്ക് മേലേയുള്ള ഉന്നത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ വൈസ് ചാൻസലർക്ക് അധികാരമില്ലെന്നാണ് ഹരജിക്കാരന്റെ വാദം. സിൻഡിക്കേറ്റിനാണ് ഈ അധികാരമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

