‘ഒരു വി.ഐ.പിയുടെ മകളായിരുന്നുവെങ്കിൽ പൊലീസ് ഇങ്ങനെ കാണിക്കുമോ?’; കാസർകോട്ടെ പെൺകുട്ടിയുടെ മരണത്തിൽ ഹൈകോടതി
text_fieldsകൊച്ചി: കാസർകോട് പൈവളിഗെയിൽ നിന്ന് കാണാതായ പെൺകുട്ടി തൂങ്ങി മരിച്ച സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈകോടതി. നിയമത്തിന് മുമ്പിൽ വി.വി.ഐ.പിയും തെരുവിൽ താമസിക്കുന്നവരും തുല്യരെന്ന് ഹൈകോടതി വ്യക്തമാക്കി.
ഒരു വി.ഐ.പിയുടെ മകളായിരുന്നുവെങ്കിൽ പൊലീസ് ഇങ്ങനെ കാണിക്കുമോ എന്ന് കോടതി ചോദിച്ചു. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കേസ് ഡയറിയുമായി നാളെ കോടതിയിൽ ഹാജരാകണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ ഹേബിയസ് കോർപസ് ഹരജി പരിഗണിക്കവെയായിരുന്നു വിമർശനം.
പൈവളിഗെയിൽ നിന്ന് കാണാതായ പെൺകുട്ടിയെയും 42കാരനെയും ഇന്നലെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. അയൽവാസിയായ പ്രദീപിനൊപ്പമാണ് 15കാരിയായ പെൺകുട്ടിയേയും മരിച്ചനിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള കുറ്റിക്കാട്ടിൽ മരത്തിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹങ്ങൾ. മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. ഇരുവരുടെയും മൊബൈൽ ഫോണിന്‍റെ അവസാന ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഫെബ്രുവരി 12 മുതലാണ് പെൺകുട്ടിയെ കാണാതായത്. അന്നുതന്നെ പ്രദീപിനെയും കാണാതായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ തങ്ങള്‍ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പൊലീസിൽ നൽകിയ പരാതി. ഇളയസഹോദരിയാണ് പെൺകുട്ടിയെ കാണാനില്ലെന്ന വിവരം ആദ്യമറിയിച്ചത്.
വീടിന്‍റെ പിന്‍വാതിൽ തുറന്നു കിടക്കുകയായിരുന്നു. തിരഞ്ഞു നോക്കിയെങ്കിലും എവിടെയും കണ്ടെത്താനായില്ല. ഫോണിൽ വിളിച്ചപ്പോള്‍ റിങ് ചെയ്തെങ്കിലും എടുത്തില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു. പിന്നീട് ഫോൺ ഓഫാകുകയും ചെയ്തു. പെൺകുട്ടിയെ കാണാതായ ദിവസം തന്നെ അയൽവാസിയായ യുവാവിനെയും കാണാതാവുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടു പോയതാണെന്ന ആരോപണം രക്ഷിതാക്കൾ ഉയർത്തിയിരുന്നു.
ഞായറാഴ്ച രാവിലെ മുതൽ 52 അംഗ പൊലീസ് സംഘവും നാട്ടുകാരും സന്നദ്ധപ്രവർത്തകരും അടക്കമുള്ളവർ പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തി വരുകയായിരുന്നു. ഇതിനിടെയാണ് പെൺകുട്ടിയുടെയും യുവാവിന്‍റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ പ്രദീപ് പെൺകുട്ടിയുടെ കുടുംബ സുഹൃത്തു കൂടിയായിരുന്നു. പലപ്പോഴും പെൺകുട്ടിയെ സ്കൂളിൽ കൊണ്ടാക്കിയിരുന്നത് പ്രദീപായിരുന്നു. പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് 26 ദിവസത്തെ അന്വേഷണങ്ങൾക്ക് വിരാമമായെങ്കിലും മരണ കാരണം ദുരൂഹമായി തുടരുകയാണ്. എന്താണ് ഇരുവരുടെ ജീവനെടുക്കാനുള്ള കാരണമെന്ന് പൊലീസ് അന്വേഷിച്ചു വരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

